കൃഷ്ണഗിരി മരംമുറി: വില്ലേജ് ഓഫീസറെ സസ്‌പെന്റ് ചെയ്തു

കല്‍പറ്റ: മീനങ്ങാടി കൃഷ്ണഗിരി വില്ലേജിലെ സ്വകാര്യ തോട്ടത്തിലെ മരം മുറിയുമായി ബന്ധപ്പെട്ട് നടപടി തുടങ്ങി. കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ അബ്ദുള്‍ സലാമിനെ ജില്ലാ കളക്ട്ടര്‍ എ ഗീത സസ്‌പെന്‍ഡ് ചെയ്തു. ഭൂരേഖകള്‍ പൂര്‍ണ്ണമായും പരിശോധിക്കാതെ ഈട്ടിമരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കി എന്ന പ്രാഥമിക കണ്ടെത്തലിനെതുടര്‍ന്നാണ് നടപടി. കൃഷ്ണഗിരിയിലെ സ്വകാര്യ തോട്ടത്തില്‍ മുറിച്ച 13 കുറ്റി ഈട്ടി കസ്റ്റഡിയിലെടുക്കാന്‍ ബത്തേരി തഹസില്‍ദാര്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. മരംമുറി നടന്നതു സര്‍ക്കാരിനു അവകാശപ്പെട്ട ഭൂമിയിലാണെന്ന പരാതിയിലാണ് തഹസില്‍ദാരുടെ നടപടി. കൃഷ്ണഗിരി വിലേജില്‍ 250/1 എ1 ബി സര്‍വേ നമ്പറില്‍പെട്ട ഭൂമിയിലാണ് മരം മുറി നടന്നത്. ജന്‍മം പട്ടയഭൂമിയെന്നു ഉടമകള്‍ അവകാശപ്പെടുകയും വില്ലേജ് ഓഫീസര്‍ ശരിവയ്ക്കുകയും ചെയ്തതാണ് ഭൂമി. 36 ഈട്ടികള്‍ മുറിക്കാന്‍ കൃഷ്ണഗിരി വില്ലേജ് ഓഫീസര്‍ സ്ഥലം ഉടമയ്ക്കു നിരാക്ഷേപപത്രം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മരംമുറി ആരംഭിച്ചതിനു പിന്നാലെയാണ് തഹസില്‍ദാര്‍ക്കു സ്വകാര്യ പരാതി ലഭിച്ചത്. സ്ഥലം സന്ദര്‍ശിച്ച തഹസിദാര്‍ മരം വെട്ട് നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടുകയും മുറിച്ച മരങ്ങള്‍ കസ്റ്റഡിയിലെടുക്കാന്‍ വില്ലേജ് ഓഫീസര്‍ക്കു നിര്‍ദേശം നല്‍കുകയുമായിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles