വന്യജീവി ശല്യം: സെക്രട്ടേറിയറ്റ് നടയില്‍ കേരള കോണ്‍ഗ്രസ്(എം) ധര്‍ണ സെപ്റ്റംബര്‍ 28ന്

കല്‍പറ്റ: കേരള കോണ്‍ഗ്രസ്(എം) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 28നു സെക്രട്ടേറിയറ്റ് മാര്‍ച്ചും ധര്‍ണയും നടത്തും. വന്യജീവി ശല്യം പരിഹരിക്കുന്നതില്‍ വനം ഉദ്യോഗസ്ഥര്‍ വരുത്തുന്ന വീഴ്ചയില്‍ പ്രതിഷേധിച്ചും ജനപങ്കാളിത്തത്തോടെയുള്ള അടിയന്തര പ്രതിരോധ നടപടികള്‍ ആവശ്യപ്പെട്ടുമാണ് സമരം. നേതാക്കളും പ്രവര്‍ത്തകരുമടക്കം 100 പേര്‍ മാര്‍ച്ചിലും ധര്‍ണയിലും പങ്കെടുക്കുമെന്നു പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജോസഫ ്മാണിശേരി, മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജെ. ദേവസ്യ, ജില്ലാ ഭാരവാഹികളായ ടി.എസ്. ജോര്‍ജ്, കെ.വി. മാത്യു, കുര്യന്‍ ജോസഫ്, അഡ്വ.ഈശോ എം. ചെറിയാന്‍, ബില്ലി ഗ്രഹാം, സജയന്‍ മാത്യു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തു ഏറ്റവും കൂടുതല്‍ വനം ജില്ലയിലാണ്. ആനയും കടുവയും മാനും മയിലും കുരങ്ങും അടക്കം ജീവികള്‍ കാടുകളില്‍ പെറ്റുപെരുകുകയാണ്. ഇതിനൊത്ത് നാട്ടിന്‍പുറങ്ങളില്‍ വന്യജീവി ശല്യത്തിന്റെ രൂക്ഷതയും വര്‍ധിക്കുകയാണ്. ടൗണ്‍ പരിസരങ്ങളിലെ കൃഷിയിടങ്ങള്‍ പോലും കാട്ടുമൃഗങ്ങള്‍ വിഹാരഭൂമിയാക്കുകയാണ്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ജില്ലയില്‍ അനേകം ആളുകളാണ് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി വളര്‍ത്തുമൃഗങ്ങളെ കടുവയും പുലിയും പിടിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിയാണ് ഒരോ വര്‍ഷവും നശിക്കുന്നത്. വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഭക്ഷ്യവിളകളുടെ കൃഷി അസാധ്യമായി. അനേകം ആളുകളാണ് നെല്‍ക്കൃഷിയില്‍നിന്നു പിന്‍വാങ്ങിയത്. ജലലഭ്യതയുള്ള സ്ഥലങ്ങളില്‍പോലും പാടങ്ങള്‍ തരിശിടാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകുകയാണ്. ഈ അവസ്ഥയിലും ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ വനം അധികാരികള്‍ തയാറാകുന്നില്ല. വന്യജീവികളുടെ കാടിറക്കം തടയുന്നതിനു ശാസ്ത്രീയ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് വിഹിതം, നബാര്‍ഡും മറ്റു കേന്ദ്ര ഏജന്‍സികളും അനുവദിക്കുന്ന തുക, കേന്ദ്ര ഫണ്ട് എന്നിവ വന്യജീവി പ്രതിരോധത്തിനു വേണ്ടവിധം ഉപയോഗപ്പെടുത്താന്‍ വന അധികാരികള്‍ താത്പര്യമെടുക്കുന്നില്ല. ഇതര സംസ്ഥാനങ്ങളില്‍നിന്നുവരുന്ന ഐഎഫ്എസുകാര്‍ക്കു വനം-വന്യജീവി സംരക്ഷണത്തില്‍ മാത്രമാണ് ശ്രദ്ധ. മനുഷ്യരുടെ ദുരിതങ്ങളെക്കുറിച്ചു അവര്‍ക്കു ആകുലതയില്ല. വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ ആശ്രിതര്‍ക്കും കൃഷി നശിച്ചവര്‍ക്കും തക്കതായ നഷ്ടപരിഹാരം അനുവദിക്കുന്നില്ല. വന വിസ്തൃതി വര്‍ധിപ്പിക്കാനുള്ള ഉപായങ്ങള്‍ അന്വേഷിക്കുന്ന അധികാരികള്‍ ജനങ്ങളെ പലവിധത്തിലാണ് ഉപദ്രവിക്കുന്നത്. ഈ അവസ്ഥ തുടര്‍ന്നുകൂടാ. ജില്ലയില്‍ ഓരോ പ്രദേശത്തിന്റെയും കിടപ്പിനനുസരിച്ച് വന്യജീവി പ്രതിരോധ പദ്ധതികള്‍ നടപ്പിലാക്കണം. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

0Shares

Leave a Reply

Your email address will not be published.

Social profiles