മുഖ്യമന്ത്രിയെ ആഞ്ഞടിച്ച് കെ.മുരളീധരന്‍ എം.പി

വയനാട് ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനു സമീപം കോണ്‍ഗ്രസ് ധര്‍ണ കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: മുഖ്യമന്ത്രി പിണറായി വിജയനെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍. സംസ്ഥാനത്തു പോലീസ് പിഴച്ചുപോയെന്നും ഇതിനു കാരണം പിഴച്ച ഭരണമാണെന്നും മുരളീധരന്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയ പരിസരത്തു കോണ്‍ഗ്രസ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഹുല്‍ഗാന്ധി എം.പിയുടെ കാര്യാലത്തിലെ ഗാന്ധിചിത്രം തകര്‍ത്ത കേസില്‍ ജീവനക്കാരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും പ്രതികളാക്കിയതില്‍ പ്രതിഷേധിച്ചും യഥാര്‍ഥ കുറ്റക്കാരെ നിയമത്തിനു മുന്നില്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടും ഡി.സി.സിയുടെ നേതൃത്വത്തില്‍ എസ്.പി ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതിനെത്തുടര്‍ന്നായിരുന്നു ധര്‍ണ.
യു.ഡി.എഫ് ഭരണത്തില്‍ പോലീസ് നല്ല കുട്ടികളായിരുന്നു. ഇപ്പോള്‍ സ്ഥിതി അതല്ല. യു.ഡി.എഫിനോട് മാത്രമല്ല, എല്‍.ഡി.എഫിലെ ചില കക്ഷികളോടും പോലീസിനു മോശം സമീപനമാണെന്നു അദ്ദേഹം വിമര്‍ശിച്ചു.
കേരളത്തില്‍ രാഷ്ട്രീയകാലാവസ്ഥ മാറി. തൃക്കാക്കരയ്ക്കു പിന്നാലെ മട്ടന്നൂരിലും യു.ഡി.എഫ് നടത്തിയ മുന്നേറ്റം ഇതിനു തെളിവാണ്. യു.ഡി.എഫ് അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കള്ളക്കേസില്‍ കുടുക്കുന്ന ഉദ്യോഗസ്ഥര്‍ യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍
പെന്‍ഷന്‍ വാങ്ങില്ല.
നെഹ്‌റുവിന്റെ പേര് ചരിത്രത്തില്‍നിന്നു തുടച്ചുമാറ്റാന്‍ ശ്രമിക്കുന്ന അമിത്ഷായെയാണ് സര്‍ക്കാര്‍ നെഹ്‌റു ട്രോഫി വള്ളംകളിക്ക് വിളിച്ചത്. ഇത്രയും നാണകെട്ട സര്‍ക്കാര്‍ സംസ്ഥാന ചരിത്രത്തിലുണ്ടായിട്ടില്ല.
നെഹ്‌റുവിന്റെ സ്മരണ പോലും ഇല്ലാക്കാന്‍ ശ്രമിക്കുന്ന അമിത്ഷായെ വള്ളംകളിക്കു ക്ഷണിച്ചത്
സ്വര്‍ണക്കടത്തുകേസില്‍നിന്ന് രക്ഷപ്പെടാനും സില്‍വര്‍ലൈന്‍ പദ്ധതിയുടെ പേരില്‍ കമ്മീഷനടിക്കാനുമാണ്. ലാവ്‌ലിന്‍ കേസ് കോടതിയിലെത്തുമ്പോഴൊക്കെ സി.ബി.ഐ വക്കീലിന് പനിയാണ്. നരേന്ദ്രമോദിയെ തൊഴുതുനില്‍ക്കുന്ന ബി.ജെ.പി ഇതര മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന്‍ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.സിദ്ദീഖ് എം.എല്‍.എ, വി.ടി. ബല്‍റാം, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, പി.എം.നിയാസ്, കെ.കെ.അബ്രഹാം, പി.കെ.ജയലക്ഷ്മി, കെ.എല്‍.പൗലോസ്, പി.പി.ആലി, കെ.വി.പോക്കര്‍ ഹാജി, കെ.കെ.വിശ്വനാഥന്‍, ടി.ജെ.ഐസക്, എന്‍.കെ. വര്‍ഗീസ്, വി.എ.മജീദ്, മംഗലശേരി മാധവന്‍, ഒ.വി.അപ്പച്ചന്‍, എം.എ.ജോസഫ്, എന്‍.എം.വിജയന്‍, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, പി.ഡി.സജി, കമ്മന മോഹനന്‍, നജീബ് കരണി, സംഷാദ് മരക്കാര്‍, അമല്‍ ജോയ്, ചിന്നമ്മ ജോസ്, സജീവന്‍ മടക്കിമല എന്നിവര്‍ പ്രസംഗിച്ചു. നേതാക്കളും പ്രവര്‍ത്തകരും അടക്കം ആയിരത്തിലധികം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

0Shares

Leave a Reply

Your email address will not be published.

Social profiles