സബിതയും ശിവദാസനും ഇനി ഒരു തോണിയില്‍

കല്‍പറ്റ: വെങ്ങപ്പള്ളി റെയിന്‍ബോ ഓഡിറ്റോറിയത്തില്‍ തരിയോട് സെക്കന്‍ഡറി പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഒരുക്കിയ മണ്ഡപത്തില്‍ വീല്‍ചെയറില്‍ ഇരുന്ന് ശിവദാസന്‍ സബിതയെ താലിചാര്‍ത്തിയതിനു സാക്ഷികളായവരുടെ മിഴികളില്‍ സന്തോഷാശ്രു. ജീവിതം ശിവദാസനൊപ്പം തുഴയാനുള്ള സബിതയുടെ നിശ്ചയദാര്‍ഢ്യത്തിനു മുകളില്‍ അവര്‍ ചൊരിഞ്ഞതു അഭിനന്ദനപ്പൂമഴ.
വെങ്ങപ്പള്ളി ലാന്‍ഡ്‌ലെസ് കോളനിവാസിയാണ് ശിവദാസന്‍. ചൂരിയാറ്റ കോളനിയിലെ വാസുവിന്റെ മകളാണ് സബിത. എട്ടു വര്‍ഷം മുമ്പ് ജോലിക്കിടെ അപകടത്തില്‍ അരയ്ക്കുതാഴെ തളര്‍ന്നു കിടപ്പിലാകുംമുമ്പ് പെണ്ണുകാണാനെത്തിയപ്പോള്‍ ശിവദാസനോടു തോന്നിയതാണ് സബിതയുടെ പ്രണയം. അതിനായിരുന്നു ഇന്നലെ സഫല്യം.
വിവാഹം തീരുമാനിച്ചിരിക്കെയാണ് ശിവദാസന്‍ കിടപ്പുരോഗിയായത്. കുടുംബത്തില്‍പ്പെട്ടവരടക്കം നിര്‍ബന്ധിച്ചിട്ടും നിശ്ചയിച്ച വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ സബിത തയാറായില്ല. ദാമ്പത്യം ഉണ്ടെങ്കില്‍ ശിവദാസനൊപ്പം എന്നതായിരുന്നു അവളുടെ ഉറച്ച തീരുമാനം. ശിവദാസനെ ദീര്‍ഘകാലമായി പരിചരിക്കുന്നതും സബിതയാണ്. ഇതിനിടെ ഇരുവര്‍ക്കുമിടയില്‍ ആത്മബന്ധം കൂടുതല്‍ കരുത്തുള്ളതായി. ഇതേക്കുറിഞ്ഞ പാലിയേറ്റീവ് പ്രവര്‍ത്തകര്‍ സുമനസുകളുടെ പിന്തുണയോടെ വിവാഹത്തിനു വേദിയൊരുക്കുകയായിരുന്നു.
വധൂവരന്‍മാരുടെ കുടുംബാംഗങ്ങള്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ. സക്കീന, വ്യവസായി സി.കെ. ഉസ്മാന്‍ഹാജി, ഡോ.മുഹമ്മദ് ഷരീഫ്, പാലിയേറ്റീവ് ജില്ലാ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി വേലായുധന്‍ ചുണ്ടേല്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍, പ്രദേശവാസികള്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പാലിയേറ്റീവ് പ്രവര്‍ത്തകരായ ഷമീം പാറക്കണ്ടി, എം. ശിവാനന്ദന്‍, പി. അനില്‍കുമാര്‍, ശാന്തി അനില്‍, വി. മുസ്തഫ, കെ.ടി. ഷിബു, പി.കെ. മുസ്തഫ, സഞ്ജിത് പിണങ്ങോട്, ടി. ജോര്‍ജ്, ജോസ് കാപ്പിക്കളം, ബി. സലിം, രത്‌നാവതി, സരിത, സനല്‍രാജ്, ജൂലി സജി, രാജാമണി, സണ്ണി കുന്നത്ത്, എസ്‌കെഎസ്എസ്എഫ് വിഖായ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

0Shares

Leave a Reply

Your email address will not be published.

Social profiles