വിജയന്‍ സെക്രട്ടറി പദം ഒഴിയും, ഇനി ആര്?
വയനാട്ടില്‍ സി.പി.ഐ അണികളില്‍ ചര്‍ച്ച സജീവം

കല്‍പറ്റ: മൂന്നു ടേം പൂര്‍ത്തിയാക്കിയ വിജയന്‍ ചെറുകര സെക്രട്ടറി പദം ഒഴിയുമെന്നു ഉറപ്പായതോടെ ഇനി വയനാട്ടില്‍ പാര്‍ട്ടിയെ ആരു നയിക്കുമെന്ന ചര്‍ച്ച സി.പി.ഐ അണികളില്‍ സജീവമായി. നിലവിലെ അസിസ്റ്റന്റ് സെക്രട്ടറിമാരായ സി.എസ്.സ്റ്റാന്‍ലി, ഇ.ജെ.ബാബു എന്നിവരില്‍ ഒരാള്‍ അടുത്ത ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തെത്തുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി പ്രവര്‍ത്തകരില്‍ നല്ലൊരു പങ്കും. സ്റ്റാന്‍ലിയോ ബാബുവോ എന്ന ചോദ്യത്തിനു ഉത്തരം കാത്തിരിക്കയാണ് പാര്‍ട്ടി അണികളും അനുഭാവികളും. സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കല്‍പറ്റയിലാണ് ജില്ലാ സമ്മേളനം. മാനന്തവാടി മണ്ഡലത്തിലെ ചെറൂര്‍ ബ്രാഞ്ചില്‍നിന്നുള്ള അംഗമാണ് ബാബു. സ്റ്റാന്‍ലി കല്‍പറ്റ മണ്ഡലത്തിലെ ചുണ്ടക്കര ബ്രാഞ്ച് മെംബറാണ്. എ.ഐ.എസ്.എഫിലൂടെ സജീവ രാഷ്ട്രീയത്തിലെത്തിയ സ്റ്റാന്‍ലി എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമാണ്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തില്‍ തഴക്കവും പഴക്കവുമുള്ള നേതാവാണ് ബാബു. സമീപനങ്ങളില്‍ വ്യത്യസ്തതയുണ്ടെങ്കിലും ഇരുവരും പാര്‍ട്ടി ജില്ലാ സെക്രട്ടറി സ്ഥാനത്തിനു യോഗ്യരാണെന്നു അണികള്‍ പറയുന്നു. ജില്ലാ സമ്മേളനം തെരഞ്ഞെടുക്കുന്ന കൗണ്‍സിലാണ് സെക്രട്ടറിയെ ഏകകണ്‌ഠ്യേനയോ വോട്ടെടുപ്പിലൂടെയോ തീരുമാനിക്കുക.
വിജയന്‍ ചെറുകര 11 വര്‍ഷം മുമ്പാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറി പദവിയിലെത്തിയത്. 2010ല്‍ അന്നത്തെ ജില്ലാ സെക്രട്ടറി ടി.സുരേഷ് ചന്ദ്രന്‍ സി.പി.ഐ വിട്ടതോടെയാണ് വിജയനു പാര്‍ട്ടിയെ നയിക്കാനുള്ള താത്കാലിക ചുമതല ലഭിച്ചത്. പിന്നീട് നടന്ന മേപ്പാടി, പുല്‍പള്ളി, മാനന്തവാടി ജില്ലാ സമ്മേളനങ്ങള്‍ സെക്രട്ടറിയായി വിജയനെയാണ് തെരഞ്ഞെടുത്തത്.
കല്‍പറ്റ, വൈത്തിരി, പുല്‍പള്ളി, സുല്‍ത്താന്‍ബത്തേരി, പനമരം, മാനന്തവാടി എന്നിങ്ങനെ ആറു മണ്ഡലം കമ്മിറ്റികളും 26 ലോക്കല്‍ കമ്മിറ്റികളും 225 ബ്രാഞ്ച് കമ്മിറ്റികളുമാണ് സി.പി.ഐയ്ക്കു ജില്ലയില്‍. മൂവായിരത്തിനടുത്താണ് പാര്‍ട്ടി അംഗങ്ങളുടെ എണ്ണം. നിലവിലെ ജില്ലാ കൗണ്‍സിലില്‍ തെരഞ്ഞെടുക്കപ്പെട്ട 21 അംഗങ്ങളുണ്ട്. ചീരാലില്‍നിന്നുള്ള പി.എം.ജോയി, നടവയലില്‍നിന്നുള്ള എം.എം.മേരി എന്നിവര്‍ കൗണ്‍സിലിലെ ക്ഷണിതാക്കളാണ്.
കഴിഞ്ഞ സമ്മേളനകാലത്തെ അപേക്ഷിച്ച് ജില്ലയില്‍ പാര്‍ട്ടിയുടെ അംഗബലം വര്‍ധിച്ചിട്ടുണ്ട്. അതിനാല്‍ത്തന്നെ ഇത്തവണ ജില്ലാ കൗണ്‍സിലില്‍ കൂടുതല്‍ അംഗങ്ങളുണ്ടാകുമെന്നാണ് അണികളുടെ അനുമാനം.
കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ ജില്ലാ കൗണ്‍സിലിലേക്കു മത്സരം നടന്നിരുന്നു. പാനലിനു പുറത്തുനിന്നു അഷ്‌റഫ് തയ്യില്‍ തരിയോട്, രജിത് കമ്മന എന്നിവരാണ് മത്സരിച്ചത്. ഇവര്‍ വിജയിച്ചപ്പോള്‍ അതിനു മുമ്പുള്ള കൗണ്‍സിലിലെ പ്രധാനികളും സീനിയര്‍ അംഗങ്ങളുമായ പി.കെ.മൂര്‍ത്തി, എ.എ.സുധാകരന്‍ എന്നിവര്‍ പുറത്തായി.
പാര്‍ട്ടി മാനദണ്ഡമനുസരിച്ചു ഇനി രൂപീകരിക്കുന്ന ജില്ലാ കൗണ്‍സില്‍ അംഗങ്ങളില്‍ 40 ശതമാനം 50 വയസില്‍ താഴെയുള്ളവരാകണം. എന്നിരിക്കെ കമ്മിറ്റിയില്‍ യുവജന പ്രാതിനിധ്യം വര്‍ധിക്കും. പാര്‍ട്ടി നിശ്ചയിച്ച പ്രായപരിധി കഴിഞ്ഞവര്‍ നിലവിലെ കമ്മിറ്റിയില്‍ നാമമാത്രമാണ്.
വി.യൂസഫ്(കല്‍പറ്റ), അഷ്‌റഫ് തയ്യില്‍(വൈത്തിരി), ടി.ജെ.ചാക്കോച്ചന്‍(പുല്‍പള്ളി), സി.എം.സുധീഷ്(ബത്തേരി), ആലി തിരുവാള്‍(പനമരം), വി.കെ.ശശിധരന്‍(മാനന്തവാടി) എന്നിവരാണ് ജില്ലയിലെ പാര്‍ട്ടി മണ്ഡലം സെക്ട്രറിമാര്‍. ഇവര്‍ അടുത്ത ജില്ലാ കൗണ്‍സിലില്‍ ഉണ്ടാകും. പാര്‍ട്ടി ബഹുജന സംഘടനകളായ എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ്, എന്‍.എഫ്.ഐ.ഡബ്ല്യു, കിസാന്‍ സഭ, ആദിവാസി മഹാസഭ, മോട്ടോര്‍, ലോട്ടറി, നിര്‍മാണത്തൊഴിലാളി യൂനിയനുകള്‍ എന്നിവയുടെ പ്രതിനിധികളും ജില്ലാ കൗണ്‍സിലിലെത്തും. ഇത്തവണ ജില്ലാ കൗണ്‍സിലിലേക്കു മത്സര സാധ്യത പാര്‍ട്ടി പ്രവര്‍ത്തകരില്‍ പലരും കാണുന്നില്ല. സംസ്ഥാന നേതൃത്വത്തിന്റെ താത്പര്യം കൂടി പരിഗണിച്ചാകും ജില്ലാ സെക്രട്ടറി നിര്‍ണയം.

0Shares

Leave a Reply

Your email address will not be published.

Social profiles