എടവക കുടുംബാരോഗ്യ കേന്ദ്രം: ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക്

മാനന്തവാടി: ആശുപത്രികളെ രോഗീ സൗഹൃദമാക്കുന്നതിനും കടലാസ് രഹിത സ്ഥാപനമാക്കുന്നതിനുമായുള്ള ഇ-ഹെല്‍ത്ത് സംവിധാനം എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം വാര്‍ഡ് മെമ്പര്‍ ലിസി ജോണിന് നല്‍കി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് ജംസീറ ഷിഹാബ് അധ്യക്ഷത വഹിച്ചു. രോഗ വിവരങ്ങള്‍, രോഗിക്ക് നല്‍കിയ മരുന്നിന്റെ വിവരങ്ങള്‍, പരിശോധന ഫലങ്ങള്‍ എന്നിവ ഓണ്‍ലൈനായി സൂക്ഷിക്കുവാനും കൈവശം കുറിപ്പടികളില്ലാതെയും ക്യൂ നില്‍ക്കാതെയും രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണുന്നതിനും ഇ-ഹെല്‍ത്ത് സംവിധാനത്തിലൂടെ സാധിക്കും. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കുവാനും ഡോക്ടര്‍മാര്‍ കുറിക്കുന്ന മരുന്നുകളും ടെസ്റ്റുകളും യഥാസമയം ഫാര്‍മസിയിലേക്കും ലാബിലേക്കും അയയ്ക്കുവാനും സമയനഷ്ടം ഒഴിവാക്കുവാനും ഇതുവഴി കഴിയും. നിരവധി പ്രയോജനം ലഭിക്കുന്ന ഇ-ഹെല്‍ത്ത് സംവിധാനത്തിന്റെ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തികള്‍ എടവക കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആരംഭിച്ചു. ചടങ്ങില്‍ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷിഹാബ് അയാത്ത്, ജോര്‍ജ് പടകൂട്ടില്‍, ജെന്‍സി ബിനോയി, മെമ്പര്‍മാരായ അഹമ്മദ് കുട്ടി ബ്രാന്‍, എം.പി. വത്സന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സി. പുഷ്പ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles