തനത് കാര്‍ഷിക വൈവിധ്യം പരിചയപ്പെടുത്തി വിത്തുത്സവം

ാനന്തവാടിയില്‍ വിത്തുത്സവം ഒ.ആര്‍.കേളു എം.എല്‍.എ സന്ദര്‍ശിക്കുന്നു.

മാനന്തവാടി: കാര്‍ഷിക ജൈവവൈവിധ്യ സംരക്ഷണ പദ്ധതിയുടെ ഭാഗമായി മാനന്തവാടിയില്‍ നടത്തിയ വിത്തുത്സവം ശ്രദ്ധേയമായി.
പാരമ്പര്യ നെല്‍വിത്തിനങ്ങളായ പാല്‍ത്തൊണ്ടി, മുള്ളന്‍കൈമ, തൊണ്ടി, രക്തശാലി, 27 ദിവസം കൊണ്ട് വിളവെടുക്കുന്ന അന്നൂരി നെല്ല്, ഔഷധഗുണമുള്ള പാമ്പിന്‍മഞ്ഞള്‍, അശ്വതി, സുവര്‍ണ, പ്രീതി ഇനം കുരുമുളകുവള്ളികള്‍, പാരമ്പര്യ കാച്ചില്‍ ഇനങ്ങള്‍, കര്‍പ്പൂരവള്ളി, ചാരക്കാളി, ചാരമൊന്തന്‍ തുടങ്ങിയ ഇനം വാഴക്കുലകള്‍, വിവിധയിനം പയറുകള്‍ തുടങ്ങിയവ വിത്തുത്സവത്തിലെ പ്രധാന കാഴ്ചകളായി. നെല്‍ക്കൃഷിയിലെ കെട്ടിനാട്ടി രീതി വിത്തുത്സവത്തില്‍ പരിചയപ്പെടുത്തി. തനത് കാര്‍ഷിക ഇനങ്ങളുടെ സംരക്ഷകരായ കര്‍ഷകരെ ആദരിക്കല്‍, സാമ്പത്തിക സഹായ പ്രഖ്യാപനം, വിത്ത് കൈമാറ്റം, കാര്‍ഷിക ജൈവവൈവിധ്യ സെമിനാര്‍ തുടങ്ങിയവയും ടൗണ്‍ ചര്‍ച്ച് ഹാളില്‍ നടന്ന വിത്തുത്സവത്തിന്റെ ഭാഗമായിരുന്നു. ഒ.ആര്‍.കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ.രത്‌നവല്ലി അധ്യക്ഷത വഹിച്ചു. തനത് വിത്തിനങ്ങളുടെ സംരക്ഷക കര്‍ഷകരെ ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി എ.എന്‍.പ്രഭാകരന്‍ ആദരിച്ചു. വിത്ത് കൈമാറ്റത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മെംമ്പര്‍ ഡോ.കെ.ടി.ചന്ദ്രമോഹനന്‍ എടവക പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി.പ്രദീപിന് നല്‍കി നിര്‍വഹിച്ചു. സെമിനാറില്‍ പ്രൊഫ.സി.കെ.പീതാംബരന്‍, ഡോ.സി.കെ.ഷാജു എന്നിവര്‍ വിഷയാവതരണം നടത്തി. കേരള ജൈവൈവിധ്യ ബോര്‍ഡ് മെംബര്‍ കെ.വി.ഗോവിന്ദന്‍, ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.ആര്‍.ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles