നമ്പര്‍ സ്പൂഫ് ചെയ്ത് ഫോണില്‍ അസഭ്യവര്‍ഷം നടത്തുന്നയാള്‍ അറസ്റ്റില്‍

ഹബീബ് റഹ്മാന്‍

കല്‍പറ്റ: നമ്പര്‍ സ്പൂഫ് ചെയ്ത് ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍മാര്‍, പോലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരെ ഫോണ്‍ ചെയ്ത് അസഭ്യവര്‍ഷം നടത്തുന്നയാള്‍ പിടിയില്‍. സോഷ്യല്‍ മീഡിയയില്‍ മാര്‍ലി എന്നു വിളിപ്പേരുള്ള കുന്നംകുളം മരത്തന്‍കോട് സ്വദേശി ഹബീബ് റഹ്മാനെയാണ്(29) വയനാട് സൈബര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ആയിരുന്ന പി.കെ.ജീജീഷിന്റെ നേത്യത്വത്തില്‍ സൈബര്‍ സെല്ലിലെയും സൈബര്‍ പോലീസ് സ്റ്റേഷനിലെയും എസ്.സി.പി.ഒമാരായ ഷുക്കൂര്‍, ബിജിത്ത് ലാല്‍, സി.പി.ഒമാരായ മുഹമ്മദ് സക്കറിയ, രഞ്ജിത്, പ്രവീണ്‍ ,കിരണ്‍, ജിനോജ് എന്നിവരടങ്ങുന്ന സംഘം അറസ്റ്റു ചെയ്തത്.
വിദേശത്തിരുന്നു പ്രത്യേക കോള്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് നമ്പര്‍ സ്പൂഫ് ചെയ്താണ് പ്രതി എം.പിമാരും എം.എല്‍.എമാരും ഉന്നത ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ളവരെ ഫോണില്‍ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നത്. സൈബര്‍ പോലിസിന് തന്നെ ഒരിക്കലും കണ്ടെത്താന്‍ കഴിയില്ലെന്നു പ്രതി സാമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. നാലു മാസത്തോളം നീക്കങ്ങള്‍ നിരീക്ഷിച്ച പോലീസ് പ്രതി നാട്ടിലെത്തുന്ന വിവരം മനസിലാക്കിയാണ് വലയൊരുക്കിയത്.
നാട്ടില്‍ എത്തിയ ഇയാള്‍ പിടിക്കപ്പെടാതിരിക്കാന്‍ ഇന്ത്യന്‍ നമ്പര്‍ ഒന്നും തന്നെ ഉപയോഗിച്ചിരിന്നില്ല. ഇയാള്‍ക്കെതിരേ കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ കേസുകള്‍ ഉണ്ട്. മറ്റു ജില്ലകളില്‍ കേസുകള്‍ ഉണ്ടോ എന്ന് പരിശോധിച്ച് വരികയാണെന്നു ജില്ലാ പോലീസ് മേധാവി ആര്‍.ആനന്ദ് പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles