തെരുവുനായ ശല്യം: എച്ച്.ആര്‍.പി.എം ബോധവത്കരണം നടത്തും

കല്‍പറ്റ: സംസ്ഥാനത്തെ തെരുവുനായ ശല്യം പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടുന്ന ഉദാസീനതയില്‍ പ്രതിഷേധിക്കാനും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാനും ഹ്യൂമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍(എച്ച്ആര്‍പിഎം) തീരുമാനിച്ചതായി നാഷണല്‍ പ്രസിഡന്റ് പ്രകാശ് ചെന്നിത്തല, സംസ്ഥാന പ്രസിഡന്റ് സി.എസ്. രാധാമണിയമ്മ, സംസ്ഥാന കമ്മിറ്റിയംഗം മുരളീധരക്കുറുപ്പ്, പി.ജി. ബാബു എന്നിവര്‍ അറിയിച്ചു.
കേരളത്തിന്റെ പല ഭാഗങ്ങളിലും വിദ്യാര്‍ഥികള്‍ക്കും ബൈക്ക്-കാല്‍നട യാത്രികര്‍ക്കും പേടിസ്വപ്‌നമായിരിക്കയാണ് തെരുവുനായ ശല്യം. ആളുകള്‍ പേയിളകി മരിച്ച സംഭവങ്ങള്‍ കൂടിവരികയാണ്. സമീപകാലത്തു പേപ്പട്ടിയുടെ കടിയേറ്റവര്‍ നിരവധിയാണ്. പക്ഷിപ്പനി പ്രതിരോധത്തില്‍ മൃഗസംരക്ഷണ വകുപ്പിനു വലിയ ശുഷ്‌കാന്തിയാണ്. എന്നാല്‍ തെരുവുനായകളുടെ കാര്യത്തില്‍ ഉത്സാഹം തീരേയില്ല. തെരുവുനായ് ശല്യം ഇല്ലാതാക്കുന്നതിനു തദ്ദേശ സ്ഥാപനങ്ങള്‍ ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ചു സുപ്രീം കോടതിയുടെ ഉത്തരവുണ്ട്. 2011ലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(ഡോഗ്‌സ്) ചട്ടങ്ങളിലെ സെക്ഷന്‍ ആറ് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ബാധ്യതയുണ്ട്. സുപ്രീം കോടതി നിര്‍ദേശത്തിനു അധികാര സ്ഥാനങ്ങളിലുള്ളവര്‍ മതിയായ പ്രാധാന്യം നല്‍കുന്നില്ല. തെരുവുനായ് ശല്യം തടയുന്നതിനു സര്‍ക്കാര്‍ എന്തെല്ലാം ചെയ്തു എന്നു അറിയിയുന്നതിനു എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും വിവരാവകാശ നിയമപ്രകാരം ചോദ്യാവലി നല്‍കിയിട്ടുണ്ടെന്നും എച്ച്ആര്‍പിഎം ഭാരവാഹികള്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles