അണകളില്‍ സംഭരിക്കുന്ന വെള്ളത്തിന്റെ
അളവ് പുകുതിയാക്കണം: പ്രകൃതി സംരക്ഷണ സമിതി

കല്‍പറ്റ: കാലാവസ്ഥ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ദുരന്ത സാധ്യതകള്‍ കണക്കിലെടുത്ത് ഒക്ടോബര്‍ അവസാനം വരെ ബാണാസുര, കാരാപ്പുഴ അണകളില്‍ സംഭരിക്കുന്ന ജലത്തിന്റെ അളവ് നിലവിലുള്ളതിന്റെ പകുതിയായി കുറയ്ക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മണ്ണണയാണ് ബണാസുരസാഗറിലേത്. കാരാപ്പുഴയിലേതും മണ്ണണയാണ്. ബാണാസുരസാഗര്‍ അണയോടു ചേര്‍ന്നുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ മഴക്കാലം ഭീതിയോടെയാണ് തള്ളിനീക്കുന്നത്. ഡാം കമ്മീഷന്‍ ചെയ്തശേഷം എല്ലാ വര്‍ഷവും മിന്നല്‍ പ്രളയം ഉണ്ടാകുന്നുണ്ട്. വെള്ളപ്പൊക്കത്തില്‍ സംഭവിക്കുന്ന നഷ്ടങ്ങള്‍ക്കു കെഎസ്ഇബി പരിഹാരധനം അനുവദിക്കുന്നില്ല. ജലസേചനം മുന്‍നിര്‍ത്തി അഞ്ചു കോടി രൂപ അടങ്കലില്‍ മൂന്നു പതിറ്റാണ്ടു മുമ്പു തുടങ്ങിയതാണ് കരാപ്പുഴ പദ്ധതിയുടെ പ്രവൃത്തി. 500 കോടി രൂപ ചെലവഴിച്ചിട്ടും പദ്ധതി പൂര്‍ണമായും കമ്മീഷന്‍ ചെയ്തില്ല. അണയിലെ ജലം ഏതാനും ഹെക്ടര്‍ വയലില്‍ മാത്രമാണ് കൃഷിക്കു ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്.
രണ്ടു അണകളുടെയും സുരക്ഷ സംബന്ധിച്ച ആശങ്ക നാട്ടുകാരില്‍ മാത്രമല്ല, ശാസ്ത്രജ്ഞരിലും വിദഗ്ധരിലും ഉയര്‍ന്നിട്ടുണ്ട്. സമീപ വര്‍ഷങ്ങളില്‍ ചില ദിവസങ്ങളില്‍ അതിശക്തമായ മഴയാണ് ബാണാസുര സാഗര്‍ പ്രദേശത്ത് പെയ്തത്.
നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സ്റ്റഡീസ് സോണേഷന്‍ മാപ്പില്‍ ബാണാസുരസാഗര്‍ പദ്ധതി പ്രദേശം റെഡ് സോണിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചെങ്കുത്തായ മലഞ്ചെരിവുകളാണ് ബാണാസുരസാഗര്‍ അണയുടെ വൃഷ്ടിപ്രദേശങ്ങള്‍. കാലാവസ്ഥ പ്രതിസന്ധിയുടെ ഭാഗമായി അതിതീവ്ര മഴ ഉണ്ടായാല്‍ ഇവിടെ ഉരുള്‍ പൊട്ടലും മണ്ണിടിച്ചിലും തീര്‍ച്ചയാണ്. പ്രളയജലം താങ്ങാന്‍ റിസര്‍വോയറിന്ന് കഴിയില്ല.
2012ല്‍ കുടക് മലനിരകളില്‍ ഉരുള്‍ പൊട്ടി പാറയും മണ്ണും വൃക്ഷാവശിഷ്ടങ്ങളും അടിഞ്ഞ് പഴശി ഡാം കവിഞ്ഞൊഴുകുകയും തെക്കുവശത്ത് വന്‍ഗര്‍ത്തമുണ്ടാക്കി ജലം കുതിച്ചൊഴുകുകയും ചെയ്തതു അധികൃതരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പഴശി ഡാം അന്നു തകരാതിരുന്നത് കോണ്‍ക്രീറ്റ് നിര്‍മിതി ആയതുകൊണ്ടു മാത്രമാണ്.
ബാണാസുരസാഗര്‍, കാരാപ്പുഴ ഡാമുകളെക്കുറിച്ച് പഠനം നടത്തി ശിപാര്‍ശ സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. പ്രസിഡന്റ് എന്‍. ബാദുഷ അധ്യക്ഷത വഹിച്ചു. യു.സി. ഹുസൈന്‍, തോമസ് അമ്പലവയല്‍, സണ്ണി മരക്കടവ് , ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles