ഗ്രാമങ്ങളിലും ടൗണുകളിലും പൂവില്‍പന സജീവം; കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും പ്രതീക്ഷയുടെ ഓണക്കാലം

കല്‍പ്പറ്റ: ജില്ലയിലെ ഗ്രാമപ്രദേശങ്ങളിലും, ടൗണുകളിലുമെല്ലാം പൂവില്‍പ്പനക്കാര്‍ സജീവമാകുന്നു. പൂ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഇക്കുറി പ്രതീക്ഷയുടെ ഓണമാണെന്ന സവിശേഷതയുമുണ്ട്. കോവിഡും, പ്രളയവും തീര്‍ത്ത ദുരിതജീവിതം കഴിഞ്ഞ വര്‍ഷങ്ങളില്‍ ഓണാഘോഷത്തിന്റെ മാറ്റിന് മങ്ങലേല്‍പ്പിച്ചിരുന്നു. പ്രതിസന്ധികള്‍ അകന്നു തുടങ്ങിയതോടെ ഇത്തവണ മലയാളികള്‍ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ്. ജില്ലയിലെ പ്രധാന ടൗണുകളിലെല്ലാം അത്തത്തലേന്ന് തന്നെ മറുനാടന്‍ പൂക്കളുടെ വിപണി ഒരുക്കിയിരുന്നു. കര്‍ണ്ണാടകയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമുള്ള പൂക്കള്‍ ഓണവിപണി ലക്ഷ്യമിട്ട് നേരത്തെ എത്തി. ചെണ്ടുമല്ലി, റോസാ പൂക്കള്‍, മല്ലിക, ജമന്തി, വാടാര്‍മല്ലി, ഗോള്‍ഡണ്‍ ഡാലിയ, അരളി, ഡാലിയ, സീനിയ, മുല്ല, തുമ്പ, തെച്ചി തുടങ്ങി വിവിധ ഇനം പൂക്കളാണ് അത്ത പൂക്കളമൊരുക്കാന്‍ വിപണികളില്‍ എത്തിച്ചിരിക്കുന്നത്. മലയോരങ്ങളില്‍ വാഹനങ്ങളില്‍ നേരിട്ട് എത്തിച്ച് വിതരണം നടത്തുന്നവരുമുണ്ട്. ഇക്കുറി വര്‍ണ്ണവൈവിധ്യങ്ങളാല്‍ മനോഹരമായ ചെണ്ട് മല്ലിയും, ഗോള്‍ഡണ്‍ ഡാലിയുമാണ് പൂവിപണിയിലെ താരങ്ങളെന്ന് കച്ചവടക്കാര്‍ പറയുന്നു. റോസാ പൂക്കള്‍ക്ക് കിലോഗ്രാമിന് 200 മുതല്‍ 300 രൂപവരെയും, അരളി പൂക്കള്‍ക്ക് 250 മുതല്‍ 350 രൂപവരെയുമാണ് വില. ഡാലിയ പൂക്കള്‍ക്ക് ചുവപ്പിനും, വെള്ളക്കും 350 മുതല്‍ 400 രൂപയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്. വാടാ മല്ലിക്ക് 250, ചില്ലി റോസിന് 300 എന്നിങ്ങനെയാണ് വില. കൂടാതെ വ്യത്യസ്തയിനം പൂക്കളടങ്ങിയ കിറ്റുകളുമുണ്ട്. 50 രൂപ മുതല്‍ 75 രൂപവരെയാണ് ഇങ്ങനെയുള്ള പൂക്കിറ്റുകളുടെ വില. ഗുണ്ടല്‍പേട്ട, തമിഴ്നാട്, മൈസൂര്‍ എന്നിവിടങ്ങളിലും നിന്നുമാണ് ജില്ലയിലേക്ക് കൂടുതലായും പൂക്കളെത്തുന്നത്.

റിനൂപ് കെ.ആര്‍
കല്‍പറ്റ

0Shares

Leave a Reply

Your email address will not be published.

Social profiles