വായ്പ തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍: ആശങ്കയില്‍ ടൂറിസം നിക്ഷേപകര്‍

പുല്‍പള്ളിക്കു സമീപം വനാതിര്‍ത്തിയിലുള്ള റിസോര്‍ട്ട്.

കല്‍പറ്റ: വായ്പ കുടിശ്ശിക തിരിച്ചുപിടിക്കാന്‍ ബാങ്കുകള്‍ സര്‍ഫാസി നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കുന്നത് വയനാട്ടില്‍ ടൂറിസം മേഖലയില്‍ നിക്ഷേപം നടത്തിയവരെ ആശങ്കയിലാക്കി. ബാങ്കുകളില്‍നിന്നു വന്‍തുക വായ്പയെടുത്തു റിസോര്‍ട്ട്, ഹോംസ്റ്റേ, സര്‍വീസ്ഡ് വില്ല, ഹോട്ടല്‍ എന്നിവ നിര്‍മിച്ചവരാണ് സര്‍ഫാസി നടപടികള്‍ നേരിടുന്നത്. ജില്ലയില്‍ നിരവധി നിക്ഷേപകര്‍ക്കാണ് സര്‍ഫാസി നിയമപ്രകാരം നോട്ടീസ് ലഭിച്ചത്. 2015നുശേഷം വായ്പയെടുത്തവരാണ് ഇതില്‍ അധികവും. വായ്പയ്ക്കായി പണയപ്പെടുത്തിയ വസ്തു നഷ്ടപ്പെടുമെന്ന ആകുലതയിലാണ് നോട്ടീസ് ലഭിച്ച നിക്ഷേപര്‍. കുടിശിക തിരിച്ചുപിടിക്കുന്നതിനു സര്‍ഫാസി നിയമപ്രകാരം ധനകാര്യ സ്ഥാപനം സ്വീകരിക്കുന്ന നടപടികളെ ഇടപാടുകാരനു കോടതിയില്‍ ചോദ്യം ചെയ്യാനാകില്ല. എറണാകുളത്തെ റവന്യൂ റിക്കവറി ട്രിബ്യൂണല്‍ ബെഞ്ചിനെ സമീപിക്കാമെങ്കിലും വാദങ്ങള്‍ കേട്ട് ഹരജി തീര്‍പ്പാക്കുന്നതിനു കാലതാമസമെടുക്കും.
2005-15 കാലയളവില്‍ വയനാട്ടില്‍ ടൂറിസം രംഗത്തു വലിയ തോതിലുള്ള നിക്ഷേപമാണ് നടന്നത്. പരിസ്ഥിതി സൗഹൃദ-സാഹസിക വിനോദസഞ്ചാര കേന്ദ്രം എന്ന നിലയില്‍ രാജ്യത്തിനു പുറത്തും ശ്രദ്ധയാകര്‍ഷിച്ച സാഹചര്യത്തിലാണ് വയനാട്ടില്‍ മുതല്‍മുടക്കാന്‍ സംരംഭകര്‍ തയാറായത്. പുറമേനിന്നുള്ള വ്യക്തികളും സ്ഥാപനങ്ങളുമാണ് ജില്ലയില്‍ ടൂറിസം ആതിഥേയ മേഖലയില്‍ നിക്ഷേപം നടത്തിയവരില്‍ അധികവും. ജില്ലയിലെത്തുന്ന വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണം വര്‍ധിച്ചത്തോടെ റിസോര്‍ട്ടുകള്‍, ഹോം സ്‌റ്റേകള്‍ തുടങ്ങിയവയുടെയും അനുബന്ധ സംവിധാനങ്ങളുടെയും പ്രവര്‍ത്തനം ലാഭത്തിലായി. എന്നാല്‍ 2018ല്‍ കോഴിക്കോട് ജില്ലയിലുണ്ടായ നിപ്പാ വൈറസ് ബാധയോടെ ചിത്രം മാറി. നിപ്പാ ഭീഷണി അകന്നതിനു പിന്നാലെ ഉണ്ടായ പ്രളയം ടൂറിസം മേഖലയെ ഉലച്ചു. ടൂറിസം കേന്ദ്രങ്ങളും അനുബന്ധ സ്ഥാപനങ്ങളും തട്ടിമുട്ടി നീങ്ങുന്നതിനിടെയായിരുന്നു കോവിഡ് വൈറസ് വ്യാപനം. ഇതു ഏല്‍പ്പിച്ച ആഘാതമാണ് ജില്ലയില്‍ സംരംഭകര്‍ക്കു താങ്ങാവുന്നതിനും അപ്പുറമായത്.
2016-17, 2017-18 വര്‍ഷങ്ങളില്‍ ആതിഥേയ മേഖലയില്‍ നടത്തിയ നിക്ഷേപങ്ങളാണ് ഒരളവോളം വൃഥാവിലായതെന്നു വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ പറയുന്നു. സഞ്ചാരികള്‍ നിറയേണ്ട റിസോര്‍ട്ടുകളും ഹോം സ്‌റ്റേകളും മറ്റുമാണ് ദീര്‍ഘകാലം അടഞ്ഞുകിടന്നത്. വരുമാനത്തിന്റെ അഭാവത്തില്‍ നിക്ഷേപകരില്‍ പലര്‍ക്കും ബാങ്ക് വായ്പ തിരിച്ചടയ്ക്കാനായില്ല. ഈ സാഹചര്യത്തെ ഗൗരവത്തോടെ കാണാനും നിക്ഷേപകര്‍ക്കു സഹായകമായ നിലപാട് സ്വീകരിക്കാനും സര്‍ക്കാരും ബാങ്ക് അധികാരികളും തയാറാകണമെന്നു ഓര്‍ഗനൈസേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞതും നിന്ത്രണങ്ങള്‍ ഏറെക്കുറെ നീങ്ങിയതും ജില്ലയില്‍ ടൂറിസം മേഖലയില്‍ ഉണര്‍വിനു കാരണമായിട്ടുണ്ട്.

Leave a Reply

Your email address will not be published.

Social profiles