ശ്രീനാരായണ ഗുരുജയന്തി വിപുലമായി ആഘോഷിക്കും

കല്‍പറ്റ: എസ്.എന്‍.ഡി.പി യോഗം കല്‍പറ്റ യൂണിയന്‍ പരിധിയിലുള്ള ശാഖാ യോഗങ്ങളില്‍ ശ്രീനാരായണ ഗുരുദേവന്റെ 168-ാമത് ജയന്തി ആഘോഷം ഈ മാസം 10ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കാന്‍ ശാഖായോഗം ഭാരവാഹികളുടെയും യൂണിയന്‍ കൗണ്‍സിലിന്റെയും യൂണിയന്‍ വനിതാസംഘത്തിന്റെയും സംയുക്ത യോഗത്തില്‍ തീരുമാനിച്ചു. കല്ലുപാടി ശാഖയില്‍ ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാര്‍ത്ഥന, ഗുരുദേവ ജയന്തി പ്രഭാഷണം, മംഗല്യനിധി വിതരണം, വിദ്യാര്‍ത്ഥികളെ അനുമോദിക്കല്‍, പായസവിതരണം, പൊതുയോഗം തുടങ്ങിയ പരിപാടികളും നടക്കും. പടിഞ്ഞാറത്തറ ശാഖയില്‍ കുട്ടികളുടെ കലാപരിപാടികള്‍, സാംസ്‌കാരിക സമ്മേളനം, ജയന്തി സന്ദേശ പ്രഭാഷണം, വിവിധ പരീക്ഷകളില്‍ ഉന്നതമാര്‍ക്ക് വാങ്ങിയ കുട്ടികള്‍ക്കുള്ള അവാര്‍ഡ് വിതരണം, ഗുരുപൂജ, പ്രസാദ വിതരണം എന്നിവയും, കരണി ശാഖയില്‍ സമൂഹ പ്രാര്‍ത്ഥന, എന്‍ഡോവ്മെന്റ് വിതരണം, പൊതുസമ്മേളനം, കുട്ടികളുടെ കലാപരിപാടികള്‍ എന്നിവ നടക്കും. മീനങ്ങാടി ശാഖയില്‍ വനിതാസംഘത്തിന്റെ നേതൃത്വത്തില്‍ സമൂഹപ്രാര്‍ത്ഥന, ക്വിസ് മത്സരം, പായസവിതരണം എന്നിവ ഉണ്ടായിരിക്കും. മേപ്പാടി ശാഖയില്‍ വിവിധ പരീക്ഷകളില്‍ ഉന്നത മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനയോഗവും, വനിതാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഗുരുദേവ കൃതികളുടെ പാരായണവും ഉണ്ടായിരിക്കും. കോട്ടത്തറ-ചീക്കല്ലൂര്‍-കാപ്പിക്കളം-വടുവഞ്ചാല്‍-വൈത്തിരി-നെല്ലാറച്ചാല്‍ ശാഖകളില്‍ രാവിലെ മുതല്‍ വനിതാസംഘങ്ങളുടെ ആഭിമുഖ്യത്തില്‍ സമൂഹ പ്രാര്‍ത്ഥനായജ്ഞവും കുട്ടികള്‍ക്കുള്ള പ്രസംഗമത്സരവും ഗുരുദേവ കൃതികളെ ആസ്പദമാക്കിയുള്ള പ്രബന്ധ രചനാമത്സരവും നടത്തും.
തരിയോട് ശാഖയില്‍ ഗുരുപൂജ, സമൂഹപ്രാര്‍ത്ഥന, വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള എന്‍ഡോവ്മെന്റ് വിതരണം, കുട്ടികള്‍ക്കുള്ള ക്വിസ് മത്സരം, ഉപന്യാസ മത്സരം എന്നിവ നടത്തുന്നതാണ്. പരിപാടികളില്‍ മുഴുവന്‍ ശാഖായോഗ പ്രവര്‍ത്തകരും പങ്കെടുക്കണമെന്ന് കല്‍പ്പറ്റ യൂണിയന്‍ സെക്രട്ടറി എം. മോഹനന്‍ അറിയിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles