മുട്ടില്‍ ഈട്ടി മുറി: വനം വകുപ്പ് അപ്പീല്‍ നല്‍കി

കല്‍പറ്റ: വയനാട്ടിലെ മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ച ഈട്ടിമരങ്ങള്‍ കണ്ടുകെട്ടിയ നടപടി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി സ്‌റ്റേ ചെയ്തതിനെതിരേ വനം വകുപ്പ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നടപടിക്രമങ്ങള്‍ പാലിച്ചാണ് തടികള്‍ കണ്ടുകെട്ടി കുപ്പാടിയിലെ സര്‍ക്കാര്‍ ഡിപ്പോയിലേക്കു മാറ്റിയതെന്നു വിശദീകരിക്കുന്നതാണ് അപ്പീല്‍.
മുട്ടില്‍ മരംമുറിയുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതി റോജി അഗസ്റ്റിനും മറ്റും സമര്‍പ്പിച്ച ആറു വ്യത്യസ്ത ഹര്‍ജികളിലാണ് മരങ്ങള്‍ കണ്ടുകെട്ടിയ നടപടി കോടതി സ്‌റ്റേ ചെയ്തത്. മരങ്ങള്‍ കണ്ടുകെട്ടിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചാണ് കോടതി ആഴ്ചകള്‍ മുമ്പു സ്റ്റേ അനുവദിച്ചത്. ഇക്കാര്യം ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടിരുന്നില്ല. മരങ്ങള്‍ കണ്ടുകെട്ടിയതു സ്‌റ്റേ ചെയ്തതിനെക്കുറിച്ചു ചോദിച്ചപ്പോഴാണ് അപ്പീല്‍ നല്‍കിയ വിവരം വനം അധികൃതര്‍ വെളിപ്പെടുത്തിയത്.
1971ലെ വന നിയമത്തിലെ സെക്ഷന്‍ 61(എ) പ്രകാരം സൗത്ത് വയനാട് ഡിഎഫ്ഒയാണ് മരങ്ങള്‍ കണ്ടുകെട്ടി കുപ്പാടിയിയിലെ സര്‍ക്കാര്‍ ഡിപ്പോയിലേക്കു മാറ്റിയത്. വനം വകുപ്പിന്റെ പ്രഥമിക കണക്കനുസരിച്ചു ഏകദേശം 8.5 കോടി രൂപയാണ് കണ്ടുകെട്ടിയ മരങ്ങളുടെ വില.
മരങ്ങള്‍ കണ്ടുകെട്ടുന്നതിനു മുമ്പ് വന നിയമത്തിലെ സെക്ഷന്‍ 61(ബി) പ്രകാരം കക്ഷികള്‍ക്കു നോട്ടീസ് നല്‍കണമെന്നുണ്ട്. ഈ നടപടിക്രമം പാലിക്കാതെയാണ് വനം വകുപ്പ് മരങ്ങള്‍ കണ്ടുകെട്ടിയതെന്നാണ് ഹര്‍ജിക്കാര്‍ കോടതിയില്‍ വാദിച്ചത്. മരങ്ങള്‍ കണ്ടുകെട്ടാതിരിക്കുന്നതിനു കാരണങ്ങള്‍ ഉണ്ടെങ്കില്‍ ബോധിപ്പിക്കുന്നതിനു നല്‍കുന്നതാണ് സെക്ഷന്‍ 61(ബി) നോട്ടീസ്. മരങ്ങള്‍ കണ്ടുകെട്ടിയ നടപടി സ്റ്റേ ചെയ്യണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ കോടതിയില്‍ ഗവ.പ്ലീഡര്‍ ഇന്‍ ചാര്‍ജ് എതിര്‍ത്തില്ല. ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായത്. മുട്ടില്‍ മരംമുറി കേസുകള്‍ കൈകാര്യം ചെയ്തിരുന്ന ജഡ്ജും ഗവ.പ്ലീഡറും അടുത്തകാലത്ത് പദവി ഒഴിഞ്ഞിരുന്നു.
റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി 2020 ഒക്ടോബര്‍ 24നു പുറപ്പെടുവിച്ച ഉത്തരവിനു മറവിലാണ് മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യൂ പട്ടയഭൂമികളിലെ മരം മുറി നടന്നത്. 1964ലെ കേരള ഭൂപതിവ് ചട്ടമനുസരിച്ച് കൈവശക്കാര്‍ക്കു പട്ടയം ലഭിച്ച സ്ഥലങ്ങളാണ് റവന്യൂ പട്ടയഭൂമിയെന്നു അറിയപ്പെടുന്നത്. ഓരോ സ്ഥലത്തെയും വീട്ടിയും തേക്കും അടക്കം റിസര്‍വ് മരങ്ങളുടെ ഉടമാവകാശം സര്‍ക്കാരില്‍ നിലനിര്‍ത്തിയാണ് പട്ടയം അനുവദിച്ചത്.
റവന്യൂ പട്ടയഭൂമിയിലെ റിസര്‍വ് മരങ്ങളുടെ ഉടമാവകാശത്തിനു കൈവശക്കാരുടെ കൂട്ടായ്മ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതിനിടെ 2020 മാര്‍ച്ചില്‍ റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി പരിപത്രം പുറപ്പെടുവിക്കുകയുണ്ടായി. സംസ്ഥാനത്തു ഭൂപതിവ് ചട്ടമനുസരിച്ച് പട്ടയം ലഭിച്ച ഏഴു ലക്ഷത്തോളം ഹെക്ടര്‍ ഭൂമിയിലെ ചന്ദനം, തേക്ക്, വീട്ടി, വെള്ള അകില്‍, തേമ്പാവ്, കമ്പകം, ചടച്ചി, ഇരുള്‍, ചന്ദനവേമ്പാവ് തുടങ്ങിയ വൃക്ഷങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിക്കാന്‍ അനുമതി നല്‍കുന്നതായിരുന്നു പരിപത്രം. തൃശൂരിലെ പരിസ്ഥിതി സംഘടനയുടെ റിട്ട് ഹരജിയില്‍ ഹൈക്കോടതി പരിപത്രം സ്റ്റേ ചെയ്തു. ഇതിനെതിരെ സ്വകാര്യ വ്യക്തികള്‍ നല്‍കിയ ഹരജിയില്‍ പട്ടയം അനുവദിച്ചശേഷം സ്ഥലത്തു സ്വയം കിളിര്‍ത്തതും കര്‍ഷകര്‍ നട്ടുവളര്‍ത്തിയതുമായ മരങ്ങള്‍ കൈവശക്കാര്‍ക്കു അവകാശപ്പെട്ടതാണെന്നു ഡിവിഷന്‍ ബെഞ്ച് വിധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 നവംബര്‍ 24നു റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കി. റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ള മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിക്കുന്നതായിരുന്നു ഉത്തരവ്. ഇതു ദുര്‍വ്യാഖ്യാനം ചെയ്താണ് മുട്ടില്‍ സൗത്ത് വില്ലേജിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനധികൃത ഈട്ടി, തേക്ക് മുറി നടന്നത്. 2021 ഫെബ്രുരി രണ്ടിനു 2020 മാര്‍ച്ചിലെ സര്‍ക്കുലറും ഒക്ടോബറിലെ ഉത്തരവും സര്‍ക്കാര്‍ റദ്ദാക്കുകയുണ്ടായി. മുട്ടില്‍ മരം മുറി കേസുകളില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക സംഘമാണ് മരം മുറി കേസുകള്‍ അന്വേഷിക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles