വയനാട് എയര്‍സ്ട്രിപ്: പച്ചക്കൊടി കാട്ടാന്‍ മടിച്ച് സംസ്ഥാന സര്‍ക്കാര്‍

കല്‍പറ്റ: എയര്‍സ്ട്രിപിനായുള്ള വയനാടന്‍ ജനതയുടെ കാത്തിരിപ്പ് നീളുന്നു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം സമ്മതം മൂളിയിട്ടും എയര്‍സ്ടിപ് നിര്‍മാണത്തിനു അനുമതി നല്‍കാന്‍ മടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. എയര്‍സ്ട്രിപിനായി വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് മൂന്നു വര്‍ഷം മുമ്പ് നല്‍കിയ നിവേദനത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. അടുത്തകാലത്ത് പ്രസിഡന്റ് ജോണി പാറ്റാനിയുടെ നേത്വത്തില്‍ വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ടും എയര്‍സ്ട്രിപ് യാഥാര്‍ഥ്യമാക്കണമെന്നു അഭ്യര്‍ഥിച്ചിരുന്നു. ‘അതെല്ലാം വഴിയേ നടക്കുമെന്നാണ്’ മുഖ്യമന്ത്രി പ്രതികരിച്ചത്.
പുറംലോകവുമായി ബന്ധപ്പെടുന്നതിനു റോഡ് ഒഴികെ ഗതാഗത സൗകര്യമില്ലാത്ത വയനാട്ടില്‍ പ്രകൃതി ദുരന്തങ്ങള്‍ തുടര്‍ക്കഥയാണ്. ഈ സാഹചര്യത്തില്‍ എയര്‍സ്ട്രിപ് ജില്ലയെ സംബന്ധിച്ചിടത്തോളം അനിവാര്യതയാണെന്നു വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി പറഞ്ഞു. വയനാട് ഒറ്റപ്പെടുന്ന സാഹചര്യമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്കു എളുപ്പം എത്തിപ്പെടാന്‍ ഉതകുന്നതാണ് എയര്‍സ്ടിപ്. ടൂറിസം വികസനത്തിലും ഇതു മുതല്‍ക്കൂട്ടാകും.
എയര്‍സ്ട്രിപിനു യോജിച്ച നിരവധി സ്ഥലങ്ങള്‍ ജില്ലയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ചേംബര്‍ മുഖ്യമന്ത്രിക്കു കത്ത് നല്‍കിയിരുന്നു. കല്‍പറ്റയില്‍ എയര്‍സ്ട്രിപിനായി സ്ഥലം വിട്ടുകൊടുക്കാനുള്ള സന്നദ്ധത സ്വകാര്യ എസ്റ്റേറ്റ് മാനേജ്‌മെന്റ് രേഖമൂലം സര്‍ക്കാരിനെ അറിയിച്ചതാണ്. എയര്‍സ്ട്രിപിനു സ്ഥലം നല്‍കുന്നതിനു വാര്യാട് എസ്റ്റേറ്റ് മാനേജ്‌മെന്റും ഒരുക്കമാണ്. വാഴവറ്റ, മടക്കിമല എന്നിവിടങ്ങളില്‍ എയര്‍സ്ട്രിപിനു ഉപയോഗപ്പെടുത്താവുന്ന ഭൂമി സര്‍ക്കാര്‍ ഉടമസ്ഥതയിലുണ്ട്. പനമരം ചീക്കല്ലൂരിലും സ്വകാര്യ ഭൂമി ലഭ്യമാണ്.
സംസ്ഥാന ബജറ്റില്‍ തുക വകയിരുത്തിയിട്ടും വയനാട് എയര്‍സ്ട്രിപിനു നിര്‍മാണത്തിനു അനുമതി നല്‍കാത്തതു വൈരുദ്ധ്യമാണെന്നു ചേംബര്‍ പ്രസിഡന്റ് പറഞ്ഞു. എയര്‍സ്ട്രിപിനായി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്താണ് ചേംബര്‍ തീരുമാനം. കഴിഞ്ഞയാഴ്ച ചേംബര്‍ മുന്‍കൈയെടുത്ത് കല്‍പറ്റയില്‍ വിളിച്ച ബഹുജന സംഘടനകളുടെ യോഗം എയര്‍സ്ട്രിപ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ടി.സിദ്ദീഖ് എം.എല്‍.എയാണ് കമ്മിറ്റി ചെയര്‍മാന്‍. കമ്മിറ്റി പ്രതിനിധികള്‍ അടുത്തയാഴ്ച മുഖ്യമന്ത്രിയെയും മെയ് ആദ്യവാരം കേന്ദ്ര സിവില്‍ എവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെയും കാണും. എയര്‍സ്ട്രിപ് നിര്‍മാണത്തില്‍ ചേംബറിനെ മഹീന്ദ്ര എയ്‌റോസ്പേസ് താല്‍പര്യം അറിയിച്ചിരുന്നു. ഈ വിവരം മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തും. ചെറിയ വിമാനങ്ങള്‍ക്കു വന്നുപോകാനുള്ള ഇടം സംസ്ഥാന സര്‍ക്കാര്‍ ഇച്ഛാശക്തി കാട്ടിയാല്‍ ഹ്രസ്വ കാലയളവില്‍ത്തന്നെ ഒരുക്കാനാകും. എയര്‍സ്ട്രിപിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി 50 ഏക്കര്‍ സ്ഥലം പര്യാപ്തമാണെന്നു ആക്ഷന്‍ കമ്മിറ്റി ജോയിന്റ് കണ്‍വീനര്‍ ഇ.ഹൈദ്രു പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles