വേള്‍ഡ് കപ്പ് സൈക്ലിംഗില്‍ വയനാടന്‍ സാന്നിധ്യമായി അര്‍ജുന്‍ തോമസ്

കല്‍പറ്റ: ലേ ലഡാക്കില്‍ നടന്ന യു.സി.ഐ(യൂനിയന്‍ സൈക്ലിസ്റ്റേ ഇന്റര്‍നാഷണലേ) എം.ടി.ബി എക്‌സ്.സി.ഇ വേള്‍ഡ് കപ്പ് സൈക്ലിംഗ് മത്സരത്തില്‍ വയനാടിന്റെ സാന്നിധ്യമറിയിച്ച് കായികാധ്യാപകന്‍. സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലെ കായികാധ്യാപകന്‍ അര്‍ജുന്‍ തോമസാണ് ലോകത്തിലെ പ്രമുഖ റൈഡേഴ്‌സിനൊപ്പം മത്സരത്തില്‍ പങ്കെടുത്തത്. കേരളത്തില്‍നിന്നുള്ള ഏക റൈഡറായിരന്നു അര്‍ജുന്‍. പ്രത്യേകം സജ്ജമാക്കിയ ട്രാക്കിലായിരുന്നു മത്സരം. അതിസാഹസികമായി മറികടക്കേണ്ട അനേകം തടസങ്ങളുള്ളതാണ് 500 മീറ്റര്‍ ട്രാക്ക്. കടമ്പകള്‍ താണ്ടി കുറഞ്ഞ സമയംകൊണ്ടു ഫിനിഷ് ചെയ്യുന്നതാണ് മത്സര രീതി.
13 രാജ്യങ്ങളില്‍നിന്നുള്ള 94 റൈഡര്‍മാരാണ് മത്സരത്തില്‍ പങ്കെടുത്തത്. നിശ്ചിത സമയത്തിനുള്ളില്‍ 53 പേര്‍ മത്സരം പൂര്‍ത്തിയാക്കി. ഒരു മിനിട്ടും 18 സെക്കന്‍ഡുമെടുത്ത് 49-ാമനായാണ് അര്‍ജുന്‍ ലക്ഷ്യം കണ്ടത്. ആദ്യം ഫിനിഷ് ചെയ്ത റൈഡറും അര്‍ജുന്‍ തോമസുമായി 28 സെക്കന്‍ഡാണ് വ്യത്യാസം.
ഇന്ത്യക്കു പുറത്തു ജനപ്രീതിയുള്ളതും ഉയരം കൂടിയ സ്ഥലങ്ങളില്‍ നടത്തിവരുന്നതുമാണ് എക്‌സ്.സി.ഇ സൈക്ലിംഗ്.
മീനങ്ങാടി എരുമത്താനത്ത് തോമസ്-ലൂസി ദമ്പതികളുടെ മകനാണ് 32 കാരനായ അര്‍ജുന്‍. ഭാര്യ അമൃത മരിയ ജോണും ഉള്‍പ്പെടുന്നതാണ് കുടുംബം.
മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് ജില്ലയില്‍ സൈക്ലിംഗില്‍ പരിശീലനം നടത്തുന്ന കുട്ടികള്‍ക്കു വലിയ പ്രചോദനമാകുമെന്നാണ് കരുതുന്നതെന്നു അര്‍ജുന്‍ തോമസ് പറഞ്ഞു. അസംപ്ഷന്‍ സ്‌കൂളില്‍ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ പിന്തുണയോടെ പരിശീലന പരിപാടികള്‍ നടത്തുന്നുണ്ട്. മൂന്നു വര്‍ഷം മുമ്പാണ് അര്‍ജുന്‍ തോമസ് സൈക്ലിംഗ് പരിശീലനം ആരംഭിച്ചത്

0Shares

Leave a Reply

Your email address will not be published.

Social profiles