സന്തോഷ് ട്രോഫി; കേരളം തകര്‍ത്തു, ക്യാപ്റ്റനു ഹാട്രിക്

ക്യാപ്റ്റന്‍ ജിജോ ജോസഫ് കേരളത്തിന്റ നാലാം ഗോള്‍ നേടുന്നു.

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ടില്‍ കേരളത്തിനു മിന്നുന്ന തുടക്കം. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ ആദ്യമത്സരത്തില്‍ കേരളം രാജസ്ഥാനെ മറുപടിയില്ലാത്ത അഞ്ചു ഗോളിനു വീഴ്ത്തി. ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക് നേടി. ജിജോയുടെ ബൂട്ടില്‍നിന്നായിരുന്നു ആദ്യ ഗോള്‍. ആറാം മിനിറ്റില്‍ കിട്ടിയ ഫ്രീ കിക്കാണ് ക്യാപ്റ്റന്‍ മുതലാക്കിയത്. പോസ്റ്റിനു 30 വാര അകലെനിന്നു തൊടുത്ത ഷോട്ട് രാജസ്ഥാന്‍ കീപ്പര്‍ മനീന്ദര്‍ സിംഗിനെ മറികടന്നു. മുപ്പത്തിയട്ടാം മിനിറ്റില്‍ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ രണ്ടാം ഗോള്‍ നേടിയത്. രാജസ്ഥാന്‍ പ്രതിരോധത്തില്‍ തട്ടി കാലില്‍ തടഞ്ഞ പന്ത് ഉഗ്രന്‍ ഷോട്ടിലൂടെയാണ് നിജോ ലക്ഷ്യത്തിലെത്തിച്ചത്. 58-ാം മിനിറ്റില്‍ ജിജോ ഒറ്റയ്്ക്കു മുന്നേറിയാണ് ടീമിന്റെ മൂന്നാം ഗോള്‍ സ്വന്തം പേരില്‍ കുറിച്ചത്. 63-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ ഹാട്രിക് തികച്ചു. സോയല്‍ ജോഷിയുടെ പാസ് ഹാഫ് വോളിയിലൂടെയാണ് ലക്ഷ്യത്തിലെത്തിച്ചത്.
83-ാം മിനിറ്റില്‍ അജയ് അലക്‌സിന്റെ വകയായിരുന്നു അഞ്ചാംഗോള്‍. രാജസ്ഥാന്‍ ഗോള്‍മുഖത്തെ കൂട്ടപ്പൊരിച്ചിനിടെ അജയ് അലക്‌സ് പന്ത് വലയിലേക്കു തട്ടുകയായിരുന്നു. 34 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് രാജസ്ഥാന്‍ യോഗ്യത നേടിയത്. കരുത്തരായ കേരളവുമായുള്ള പോരില്‍ ഇംമ്രാന്‍ ഖാന്‍, ബിസ എന്നിവര്‍ ശ്രദ്ധേയമായ നീക്കങ്ങള്‍ നടത്തി.

Leave a Reply

Your email address will not be published.

Social profiles