മെഡിക്കല്‍ കോളജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവം; പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കൂടുതല്‍ വകുപ്പുകള്‍. 333 വകുപ്പ് പ്രകാരം പൊതുസേവകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ച കുറ്റമാണ് ചുമത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കെ. അരുണ്‍ അടക്കം അഞ്ച് പേരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ആഗസ്റ്റ് 31 ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. മെഡിക്കല്‍ കോളേജിന്റെ പ്രധാന കവാടത്തില്‍ ജോലി ചെയ്യുകയായിരുന്ന മൂന്ന് സുരക്ഷാ ജീവനക്കാരെയും ദൃശ്യങ്ങളെടുത്ത മാധ്യമ പ്രവര്‍ത്തകനെയുമാണ് പ്രതികള്‍ ക്രൂരമായി മര്‍ദിച്ചത്. സൂപ്രണ്ടിന്റെ ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടെത്തിയ യുവാവും സംഘവും മര്‍ദിച്ചുവെന്നാണ് പരാതി. സൂപ്രണ്ട് ഓഫീസിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ട് രാവിലെയെത്തിയ ദമ്പതിമാരെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യയോട് അതിക്രമം കാട്ടിയെന്ന് ആരോപിച്ചാണ് യുവാവും സുരക്ഷാ ജീവനക്കാരും തമ്മില്‍ തര്‍ക്കമുണ്ടായത്. ഇതിനു പിന്നാലെയാണ് ഒരു സംഘം ആളുകളെത്തി സുരക്ഷാ ജീവനക്കാരെ മര്‍ദിച്ചത്. സുരക്ഷാ ജീവനക്കാരില്‍ ഒരാളെ സംഘം ചേര്‍ന്ന് ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles