കിടപ്പാടമില്ല; അമ്മയും കൈക്കുഞ്ഞും കലക്ടറേറ്റ് പടിക്കല്‍ കുടില്‍കെട്ടുന്നു

ഗൗരിയും മക്കളും വാടകയ്ക്ക് താമസിക്കുന്ന കൂരയ്ക്ക് മുന്നില്‍

കല്‍പറ്റ: കിടപ്പാടമില്ലാതെ പെരുവഴിയിലായ കാട്ടുനായ്ക്ക വിഭാഗത്തിലെ അമ്മ കൈകുഞ്ഞുമായി വയനാട് കലക്ടറേറ്റ് പടിക്കല്‍ കുടില്‍കെട്ടി സമരത്തിനൊരുങ്ങുന്നു. തിരുനെല്ലി അരണപ്പാറ വാര്‍ഡിലെ മല്ലികപ്പാറ കോളനിക്കാരി ഗൗരിയാണ് സര്‍ക്കാര്‍ അവഗണനയില്‍ മടുത്ത് വേനല്‍മഴയും കാറ്റും തുടരുന്നതിനിടെ വയനാട് കലക്ടറേറ്റ് പടിക്കല്‍ കുഞ്ഞുങ്ങളുമായി കുടില്‍കെട്ടി താമസിക്കാനൊരുങ്ങുന്നത്. രണ്ടര വയസ്സുള്ള ഇളയകുഞ്ഞുള്‍പ്പെടെ കിടപ്പാടമില്ലാതെ ദുരിതക്കയത്തിലാണ് ഗൗരിയുടെ ജീവിതം. ഭര്‍ത്താവിന് വല്ലപ്പോഴും കിട്ടുന്ന ജോലി മാത്രമാണ് വിശപ്പകറ്റാനുള്ളത്. പലതവണ വീടിനും സ്ഥലത്തിനുമായി അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനെത്തുടര്‍ന്നാണ് രണ്ടരയും ഒമ്പതും വയസ്സുള്ള കുഞ്ഞുങ്ങളുമായി ഇവര്‍ സമരത്തിനൊരുങ്ങുന്നത്.
ഗൗരിയുള്‍പ്പെടെ ഒമ്പത് കുടുംബങ്ങളാണ് വനത്തോട് ചേര്‍ന്ന മല്ലികപ്പാറ കോളനിയില്‍ കഴിയുന്നത്. വനത്തോട് ചേര്‍ന്നാണ് ഈ കോളനി. ഇവരുടെ പൂര്‍വികരുള്‍പ്പെടെ ഈ പ്രദേശത്താണ് താമസിച്ചിരുന്നത്. നാഗമന എസ്റ്റേറ്റിലൂടെ കാല്‍നടയായി വേണം വീടുകളിലെത്താന്‍. എന്നാല്‍ കോളനിയിലേക്കുള്ള വഴി നാഗമന എസ്റ്റേറ്റുകാര്‍ അടച്ചതോടെ ഇവര്‍ക്ക് കോളനിയിലെത്താന്‍ കഴിയാതായി. ഇതേത്തുടര്‍ന്ന് കുടിലുകള്‍ ഉപേക്ഷിക്കേണ്ടി വന്ന ഇവരിപ്പോള്‍ പയ്യമ്പള്ളി, തൃശിലേരി, കോണിവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകക്ക് താമസിക്കുകയാണ്.
കിടപ്പാടം അന്വേഷിച്ച് മുട്ടാത്ത വാതിലുകളില്ലെന്ന് ഗൗരി പറയുന്നു. ഗ്രാമപ്പഞ്ചായത്ത്, ട്രൈബല്‍ ഓഫീസുകള്‍, വനം ഓഫീസുകള്‍, ജില്ലാ കലക്ടറേറ്റ് എന്നിവിടങ്ങളിലെല്ലാം പരാതി പറഞ്ഞിട്ടും പരിഹാരം മാത്രമുണ്ടായില്ല. ഒരു ഓഫീസില്‍ നിന്നും മറ്റിടത്തേക്ക് പറഞ്ഞയക്കുകയാണ്.
‘വീടും സ്ഥലവും നല്‍കാമെന്ന് പറഞ്ഞ് തുടര്‍ച്ചയായി സര്‍ക്കാര്‍ പരിഹസിക്കുകയാണ്. പരാതി പറയാന്‍ മൂന്ന് തവണ കൈക്കുഞ്ഞുമായി കലക്ടറേറ്റിലെത്തിയ തന്നെ കാണാന്‍ പോലും ജില്ലാ കലക്ടര്‍ തയാറായില്ല. രണ്ടര വയസ്സുള്ള കുഞ്ഞുമായി രാവിലെ 10 മണിക്ക് കലക്ടറേറ്റിലെത്തി ഉച്ചക്ക് രണ്ട് മണി വരെ കാത്തിരുന്നിട്ടും ഫലമുണ്ടായില്ല. മഴക്കാലമായാല്‍ ഭര്‍ത്താവിന് ജോലിയൊന്നുമുണ്ടാവില്ല. മുലകുടിക്കുന്ന കുഞ്ഞുള്ളതിനാല്‍ തനിക്കും ജോലിക്ക് പോവാനാവില്ല. എത്ര അപേക്ഷിച്ചിട്ടും അന്തിയുറങ്ങാനും വല്ലതും കൃഷി ചെയ്ത് ജീവിക്കാനും ഒരു തുണ്ട് ഭൂമിയെങ്കിലും തരാന്‍ ഭരണകൂടം തയാറാവാത്തതെന്താണ്?. ഗൗരി ചോദിക്കുന്നു.

Leave a Reply

Your email address will not be published.

Social profiles