രാത്രിയാത്ര നിയന്ത്രണം: കര്‍ണാടക നിലപാടില്‍ മാറ്റമില്ല

കല്‍പറ്റ: കോഴിക്കോട്-കൊല്ലേഗല്‍ ദേശീയപാത 766ല്‍ ബന്ദിപ്പുര കടുവാസങ്കേതത്തിലുടെ കടന്നുപോകുന്ന ഭാഗത്ത് രാത്രിയാത്ര നിയന്ത്രണം തുടരണമെന്ന കര്‍ണാടക നിലപാടില്‍ മാറ്റമില്ല. ഇന്നലെ ബംഗളൂരുവില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടു ലഭ്യമായ വിവരങ്ങളാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്.
ദേശീയപാത 766ലെ രാത്രികാല ഗതാഗത നിയന്ത്രണത്തിന് ബദല്‍ സംവിധാനമായി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തയാറാക്കുന്ന മൈസൂരു-മലപ്പുറം ഇക്കണോമിക് കോറിഡോര്‍ പദ്ധതിയില്‍ തോല്‍പ്പെട്ടി മുതല്‍ പുറക്കാട്ടിരി വരെയും സുല്‍ത്താന്‍ബത്തേരി മുതല്‍ മലപ്പുറം വരെയുമുള്ള അലൈന്‍മെന്റുകള്‍ ഉള്‍പ്പെടുത്തുന്നതിനു ഇരു സംസ്ഥാനങ്ങളും സംയുക്തമായി ആവശ്യപ്പെടാനാണ് മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ ധാരണയായത്. ദേശീയ പാത 766ലെ രാത്രിയാത്ര നിയന്ത്രണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതിയിലുള്ള കേസില്‍ കേരളത്തിനു അനുകൂലമായ നിലപാട് കര്‍ണാടക സ്വീകരിക്കില്ലെന്നു അരക്കിട്ടുറപ്പിക്കുന്നതാണ് അലൈന്‍മെന്റുകള്‍ക്കായി ദേശീയപാത അതോറിറ്റിയെ യോജിച്ചു സമീപിക്കാനുള്ള തീരുമാനം.
വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലുള്ളവരടക്കം ദീര്‍ഘകാലമായി യാത്രയ്ക്കും ചരക്കുനീക്കത്തിനും ആശ്രയിക്കുന്നതാണ് ദേശീയ പാത 766 എന്നു പുനര്‍നാമകരണം ചെയ്ത എന്‍എച്ച് 212. ഈ പാതയില്‍ ബന്ദിപ്പുര വനഭാഗത്ത് രാത്രി ഗതാഗതത്തിനു നിയന്ത്രണം ബാധകമാക്കി 2008 ജൂണ്‍ മൂന്നിനു ചാമരാജ്‌നഗര്‍ ഡപ്യൂട്ടി കമ്മീഷണറാണ് ഉത്തരവായത്. മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു ഇത്. ദേശീയപാതയില്‍ വന പ്രദേശത്തു രാത്രി വന്യജീവികള്‍ വാഹനങ്ങള്‍ ഇടിച്ചു ചാകുന്ന സാഹചര്യത്തില്‍ ബന്ദിപ്പുര ടൈഗര്‍ റിസര്‍വ് മേധാവി ശിപാര്‍ശ ചെയ്തതനുസരിച്ചായിരുന്നു ഡപ്യൂട്ടി കമ്മീഷണറുടെ നടപടി. കേരള സര്‍ക്കാര്‍ ചെലുത്തിയ സമ്മര്‍ദത്തെത്തുടര്‍ന്നു 2009 ജൂണ്‍ 10നു ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് കര്‍ണാടക മുഖ്യമന്ത്രി റദ്ദാക്കിയെങ്കിലും 2010ല്‍ ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പുനഃസ്ഥാപിച്ചു. മൈസൂരുവിലെ പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തരവ് കര്‍ണാടക ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ശരിവച്ചത്. ഡെപ്യൂട്ടി കമ്മീഷണറുടെ ഉത്തവ് മുഖ്യമന്ത്രി റദ്ദാക്കിയതിലെ ഔചിത്യം ചോദ്യം ചെയ്തായിരുന്നു പരിസ്ഥിതി പ്രവര്‍ത്തകന്റെ ഹരജി. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കേരളം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് സമ്പാദിക്കാനായില്ല. ഈ സാഹചര്യത്തിലാണ് സുപ്രീം കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. കേരള, കര്‍ണാടക സംസ്ഥാനങ്ങളിലെ പരിസ്ഥിതി, വ്യാപാരി സംഘടനകളടക്കം കക്ഷികളായ കേസ് സൂപ്രീം കോടതി ഇനിയും തീര്‍പ്പാക്കിയിട്ടില്ല.
ദേശീയപാതയിലെ രാത്രി യാത്ര നിയന്ത്രണത്തിനു ബദല്‍ എന്ന നിലയില്‍ കര്‍ണാടക പ്രാവര്‍ത്തികമാക്കിയതാണ് മൈസൂരു-കുട്ട-ഗോണിക്കുപ്പ റോഡ് നവീകരണ പദ്ധതി. ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ടു ഉദ്യോഗസ്ഥതലത്തില്‍ നടന്ന സുപ്രധാന യോഗങ്ങളില്‍ ബദല്‍ പാത മതിയെന്ന നിലപാട് കേരളത്തില്‍നിന്നുള്ള ഉദ്യോഗസ്ഥന്‍ സ്വീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
ദേശീയപാതയിലെ രാത്രിയാത്ര നിയന്ത്രണം നീക്കിക്കിട്ടുന്നതിനു ഉതകുന്ന സമീപനം സ്വീകരിക്കുന്നതിനു കേരള സര്‍ക്കാര്‍ കര്‍ണാടക ഗവണ്‍മെന്റില്‍ ശക്തമായ സമ്മര്‍ദം ചെലുത്തണമെന്ന മുറവിളിക്കു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ദേശീയപാത വിഷയത്തില്‍ സുല്‍ത്താന്‍ ബത്തേരിയിലടക്കം നിരവധി പ്രക്ഷോഭങ്ങളും നടന്നതാണ്. സമരങ്ങള്‍ വൃഥാവ്യായാമായെന്നു വ്യക്തമാക്കുന്നതാണ് ഇന്നലെ നടന്ന മുഖ്യമന്ത്രിതല കൂടിക്കാഴ്ചയിലെ തീരുമാനം.
നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍ പദ്ധതി മുഖ്യമന്ത്രിതല ചര്‍ച്ചയില്‍ വിഷയമായോ എന്നതില്‍ വ്യക്തതയില്ല. എന്നാല്‍ വടക്കന്‍ കേരളത്തെയും തെക്കന്‍ കര്‍ണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തില്‍ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്-പാണത്തൂര്‍-കണിയൂര്‍ റെയില്‍ പദ്ധതി പരിശോധിക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായാണ് വിവരം.

0Shares

Leave a Reply

Your email address will not be published.

Social profiles