തെരഞ്ഞെടുപ്പ് കോഴക്കേസ്: ശബ്ദം സുരേന്ദ്രന്റേതെന്നു സ്ഥിരീകരിച്ചു

കല്‍പറ്റ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമാകുന്നതിനും സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ മത്സരിക്കുന്നതിനും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി(ജെ.ആര്‍.പി) നേതാവ് സി.കെ.ജാനുവിനു ബി.ജെ.പി കോഴ നല്‍കിയെന്ന കേസില്‍ സുപ്രധാന തെളിവുമായി ക്രൈംബ്രാഞ്ച്. കോഴക്കേസില്‍ ജെ.ആര്‍.പിയിലെ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റേതാണെന്നു തെളിയിക്കുന്ന ഫോറന്‍സിക് പരിശോധനാഫലം ക്രൈംബ്രാഞ്ചിനു ലഭിച്ചു.
സുരേന്ദ്രനും പ്രസീത അഴീക്കോടുമായുള്ള ഫോണ്‍ സംഭാഷണമാണ് തിരുവനന്തപുരം ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചത്. കേസില്‍ ഏതാനും ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധനാഫലവും ക്രൈംബ്രാഞ്ചിനു കിട്ടിയതാണ് അറിയുന്നത്. ശബ്ദരേഖയുടെ പരിശോധന കേരളത്തിനു പുറത്തു ഫോറന്‍സിക് ലാബില്‍ പരിശോധിക്കുന്നതിനു സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി സുല്‍ത്താന്‍ ബത്തേരി ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.
ജാനുവിനു സുരേന്ദ്രന്‍ കോഴ നല്‍കിയെന്നു വെളിപ്പെടുത്തിയത് പ്രസീത അഴീക്കോടാണ്. ഇതു സംബന്ധിച്ചു അവര്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയിരുന്നു. പ്രസീതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ എം.എസ്.എഫ് നേതാവ് പി.കെ.നവാസ് നല്‍കിയ ഹര്‍ജിയില്‍ കല്‍പറ്റ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി നിര്‍ദേശിച്ചതനുസരിച്ചു സുല്‍ത്താന്‍ ബത്തേരി പോലീസാണ് കേസെടുത്തത്. ഇതു പിന്നീട് ജില്ലാ പോലീസ് മേധാവി ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് തിരുവനന്തപുരത്ത് 10 ലക്ഷം രൂപ നേരിട്ടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
ബത്തേരിയില്‍ 25 ലക്ഷം രൂപ ബി.ജെ.പി ജില്ലാ നേതാവ് പ്രശാന്ത് മലവയല്‍ മുഖേനയും കോഴ നല്‍കിയെന്നായിരുന്നു പ്രസീതയുടെ വെളിപ്പെടുത്തല്‍. എന്‍.ഡി.എയില്‍ ചേരുന്നതിനു ജാനുവിനു സുരേന്ദ്രന്‍ 10 ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലിനു ഉപോദ്ബലകമായ ശബ്ദരേഖയാണ് പ്രസീത നേരത്തേ പുറത്തുവിട്ടത്.

0Shares

Leave a Reply

Your email address will not be published.

Social profiles