ജിഷ്ണുവിന് കമലമ്മയുണ്ട്; ജീവനും ജീവിതവുമായി

പണി തീരാത്ത വീടിന് മുന്നില്‍ കമലയും വളര്‍ത്തുമകന്‍ ജിഷ്ണുദാസും

കല്‍പറ്റ: ജന്മനാ ഓട്ടിസം ബാധിച്ച് ശരീരം തളര്‍ന്ന്, സംസാരശേഷിയും മാനസിക വളര്‍ച്ചയുമില്ലാത്ത 14 കാരന് ബന്ധുവായ വൃദ്ധയുടെ കരുതലില്‍ കനിവിന്റെ ജീവിതം. മേപ്പാടി ഗ്രാമപഞ്ചായത്തിലെ 17ാം വാര്‍ഡ് ആനപ്പാറയിലാണ് നന്മയാല്‍ തളിര്‍ത്തുനില്‍ക്കുന്ന ജീവിതത്തിന്റെ സുഗന്ധം പരക്കുന്നത്. ഓട്ടിസം ബാധിച്ചതിനാല്‍ കൈകാലുകള്‍ക്ക് വേണ്ടത്ര ശേഷിയില്ലാത്ത, ബുദ്ധി വികാസമില്ലാത്ത, ജിഷ്ണുദാസിനാണ് ബന്ധു കമലയുടെ കാരുണ്യം കരുതലാവുന്നത്. കമലയുടെ അച്ഛന്റെ പെങ്ങളുടെ മകളുടെ മകനാണ് ജിഷ്ണു. ഭക്ഷണം മുതല്‍ നിത്യകര്‍മ്മങ്ങള്‍ക്ക് വരെ കമലേട്ത്തിയുടെ സഹായം വേണം.
ഒന്നര വയസായപ്പോള്‍ ജിഷ്ണുവിന്റെ പിതാവ് മോഹന്‍ദാസ് ഇട്ടേച്ച് പോയി. മൂന്ന് വയസായപ്പോള്‍ അമ്മ പുഷ്പ മരിച്ചു. അമ്മയും അച്ഛനും നഷ്ടപ്പെട്ടതോടെ ജിഷ്ണുവിന്റെ ജീവിതം വഴിമുട്ടി. ഈ സമയത്താണ് ഭര്‍ത്താവ് മരിച്ച, മക്കളില്ലാത്ത കമല, ജിഷ്ണുവിനെ ഏറ്റെടുത്ത് വളര്‍ത്താന്‍ തീരുമാനിച്ചത്.
ഇന്ന് ജിഷ്ണുവിന്റെ അമ്മയും ടീച്ചറുമാണ് വിധവയും-വാര്‍ദ്ധക്യ സഹജമായ രോഗിയുമായ വി.പി.കമലയെന്ന 61 വയസ്സുകാരി. പതിനൊന്ന് വര്‍ഷമായി രണ്ട് പേരും ആനപ്പാറയിലെ അടച്ചുറപ്പില്ലാത്ത, വൈദ്യുതീകരിക്കാത്ത, പണിതീരാത്ത ഒറ്റ മുറി വീട്ടില്‍ താമസിക്കുന്നു. പശുവിനെ വളര്‍ത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. പശു ചത്തതോടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. സ്ഥലത്തിനും വീടിനും നികുതിയടക്കാന്‍ പോലും സാധിക്കുന്നില്ല. രണ്ട് പേര്‍ക്കും കൂടി വീട്ടില്‍ ഒരു കട്ടില്‍ മാത്രമാണുള്ളത്. ഒരു പശുവുണ്ടായിരുന്നുവെങ്കില്‍ ബുദ്ധിമുട്ടുകള്‍ക്ക് വലിയ ആശ്വാസമാവുമായിരുന്നുവെന്ന് കമല പറയുന്നു. തന്റെ മരണ ശേഷം കുട്ടിയുടെ കാര്യം എന്താകുമെന്ന ചിന്തയാണ് കമലയേട്ത്തിയെ അലട്ടുന്നത്. ‘സുമനസ്സുകളുടെ സഹായമാണ് പലപ്പോഴും ആശ്വാസമാവാറ്. എത്ര ബുദ്ധിമുട്ടിയാലും മകനെ നന്നായി നോക്കാന്‍ കഴിയണേ എന്നാണ് പ്രാര്‍ത്ഥന’. കമലയേട്ത്തി പറയുന്നു.
പിരിഞ്ഞിരിക്കാന്‍ കഴിയാത്ത രണ്ട് ആത്മബന്ധങ്ങള്‍ ജീവിതപ്രതിസന്ധികള്‍ക്ക് മുന്നിലും പുഞ്ചിരിയോടെ നില്‍ക്കുകയാണിപ്പോഴും.

0Shares

Leave a Reply

Your email address will not be published.

Social profiles