ചോര്‍ന്നൊലിക്കുന്ന കൂരയില്‍ തങ്കമ്മക്ക് ദുരിത ജീവിതം

സുഗന്ധഗിരി മാവേലി സ്‌റ്റോറിന് സമീപം താമസിക്കുന്ന രാധാ തങ്കമ്മയുടെ കൂര

വൈത്തിരി: ചോര്‍ന്നൊലിക്കുന്ന കൂരയില്‍ വയോധിക ദുരിത ജീവിതം നയിക്കുന്നു. സുഗന്ധഗിരി മാവേലി സ്‌റ്റോറിന് സമീപമാണ് രാധാ തങ്കമ്മ എന്ന വയോധിക തനിച്ച് താമസിക്കുന്നത്. പ്ലാസ്റ്റിക്ക് ഷീറ്റ് വലിച്ചു കെട്ടി മറച്ച വീട്ടില്‍ തങ്കമ്മക്ക് സഹായത്തിന് ആരുമില്ല. ഭര്‍ത്താവ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരിച്ചതിനാല്‍ ഇപ്പോള്‍ തനിച്ചാണ് താമസം. ചെളി തേച്ചതിനാല്‍ നിലത്ത് പൂപ്പല്‍ കേറി ദിവസങ്ങള്‍ക്കകം വൃത്തികേടാവുകയാണ്. ശക്തമായ മഴപെയ്ത കഴിഞ്ഞ മാസം ജീവന്‍ പണയം വെച്ചായിരുന്നു ഈ വീട്ടമ്മ ഇവിടെ കഴിച്ചു കൂട്ടിയത്. സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി കുറെ ദിവസം കഴിഞ്ഞപ്പോള്‍ കുറച്ചകലെയുള്ള ക്യാമ്പിലേക്ക് പോയി. അടുത്ത മഴക്കാലത്തിനു മുന്‍പെങ്കിലും മഴവെള്ളം ഉറ്റി വീഴാത്ത കൂരയാണ് ഇവരുടെ ലക്ഷ്യം. ഒരു വിളിപ്പാടകലെ പെട്ടെന്ന് സഹായത്തിന് ആരുമില്ലാത്തതിനാല്‍ വളരെ വിഷമത്തിലാണ് ഈ വീട്ടമ്മ. 1971ല്‍ പാലക്കാട് ഒറ്റപ്പാലത്തു നിന്നുമാണ് തങ്കമ്മ സുഗന്ധഗിരി അമ്പയില്‍ താമസമാക്കിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇവിടേക്ക് താമസം മാറിയത്. ഇപ്പോള്‍ ദുരിതത്തിന്റെ പടുകുഴിയിലാണ.
എസ് എസ്.സി വിഭാഗമായിട്ടും സര്‍ക്കാറില്‍ നിന്നും നാളിതുവരെയായി ഒരാനുകൂല്യവും ലഭിച്ചിട്ടില്ലെന്ന് ഇവര്‍ വേദനയോടെ പറയുന്നു. ഇപ്പോള്‍ വീടും സ്ഥലവും നില്‍ക്കുന്ന ഭാഗത്തിന് പഞ്ചായത്ത് പട്ടയവും ആധാരവും നല്‍കാത്തതിനാല്‍ സ്ഥലം വില്‍ക്കാനും പറ്റാത്ത അവസ്ഥയാണ്. എസ്.ടി വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് സര്‍ക്കാറിന്റെ കൂടുതല്‍ ആനുകൂല്യങ്ങളും ഈ പ്രദേശത്ത് ഒഴുകുന്നത്. തൊഴിലുറപ്പ് ജോലിയാണ് ഇവരുടെ ആകെയുള്ള ആശ്രയം. 60 വയസ് കഴിഞ്ഞതിനാല്‍ വിധവാ പെന്‍ഷന്‍ ലഭിക്കുന്നുണ്ടെങ്കിലും മരുന്നിനും മറ്റു ആവശ്യങ്ങള്‍ക്കും ഇത് മതിയാകാത്ത അവസ്ഥയാണ്. പ്രദേശത്ത് ആന, പന്നി, മാന്‍, കുരങ്ങ് തുടങ്ങിയ വന്യ മൃഗങ്ങളുടെ ശല്യം കാരണം പലപ്പോഴും ഉറങ്ങാന്‍ കഴിയാത്ത രാത്രികളാണുള്ളത്. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വീടിന് സമീപത്തു കൂടി ഒരാന നടന്നു പോയിരുന്നു. അന്ന് മറ്റൊരു സ്ഥലം വരെ പോയതിനാല്‍ ജീവിതം തിരിച്ചു കിട്ടിയതെന്നും ഇവര്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles