ലോക ഹീമോഫീലിയ ദിനം: ജില്ലാതല പരിപാടി നാളെ

കല്‍പറ്റ: ലോക ഹീമോഫീലിയ ദിനത്തോടനുബന്ധിച്ച ജില്ലാതല പരിപാടികള്‍ നാളെ മീനങ്ങാടിയില്‍ നടക്കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യും. സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അസൈനാര്‍ അധ്യക്ഷത വഹിക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ സക്കീന മുഖ്യപ്രഭാഷണം നടത്തും. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി ദിനാചരണ സന്ദേശം നല്‍കും. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, നവകേരള കര്‍മ്മപദ്ധതി ജില്ലാ നോഡല്‍ ഓഫിസര്‍ ഡോ. പി.എസ് സുഷമ, ജില്ലാ ടിബി ഓഫിസര്‍ ഡോ. വി അമ്പു, മീനങ്ങാടി സിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ.പി കുഞ്ഞിക്കണ്ണന്‍, അമ്പലവയല്‍ സിഎച്ച്സി മെഡിക്കല്‍ ഓഫിസര്‍ ഡോ. സനല്‍കുമാര്‍, ജില്ലാ മാസ് മീഡിയാ ഓഫിസര്‍ ഹംസ ഇസ്മാലി, ഹീമോഫീലിയ രോഗീ കൂട്ടായ്മ ജില്ലാ സെക്രട്ടറി യൂനസ്, അരിവാള്‍രോഗീ കൂട്ടായ്മ സി.ഡി സരസ്വതി, തലാസീമിയ രോഗീ കൂട്ടായ്മ സെക്രട്ടറി മുഹമ്മദ് നിയാസ് തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ ആശുപത്രിയിലെ ഫിസിഷ്യന്‍ ഡോ. സജേഷ് ബല്‍രാജ്, കല്‍പ്പറ്റ എന്‍സിഡി ക്ലിനിക്ക് ഡയറ്റീഷ്യന്‍ ഷാക്കിറ സുമയ്യ എന്നിവര്‍ ക്ലാസെടുക്കും.

എന്താണ് ഹീമോഫീലിയ?
രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന മാംസ്യങ്ങളായ ഫാക്ടര്‍ എട്ടിന്റെയോ ഫാക്ടര്‍ ഒമ്പതിന്റെയോ അഭാവം മൂലം ഉണ്ടാകുന്ന രോഗമാണ് ഹീമോഫീലിയ. ഈ രോഗം കൂടുതലായി പ്രകടമാകുന്നത് ആണ്‍കുട്ടികളിലാണ്. ഇത്തരം രോഗികളുടെ ശരീരം എവിടെയെങ്കിലും തട്ടുകയോ മുട്ടുകയോ ചെയ്താല്‍ രക്തം കട്ടപിടിക്കാന്‍ താമസമുള്ളതിനാല്‍ അവിടങ്ങളില്‍ ശരീരഭാഗം മുഴച്ചുവരിക, ശരീരത്തില്‍ രക്തസ്രാവമുണ്ടായാല്‍ രക്തം നിലക്കാത്ത അവസ്ഥ എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ശരീരത്തില്‍ രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന 12 ഘടകങ്ങളാണുള്ളത്. ഇവയെ ക്ലോട്ടിങ് ഫാക്ടറുകളെന്ന് പറയാം. ഇവ രക്തത്തിലെ പ്ലേറ്റ് ലെറ്റുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചാണ് രക്തം കട്ടപിടിക്കുക. ഇവയില്‍ എട്ട്, ഒമ്പത് എന്നിവയില്‍ ഒന്ന് ഇല്ലാതാവുകയോ, കുറച്ചു മാത്രം ഉണ്ടാവുകയോ ചെയ്യുന്ന അവസ്ഥയാണ് ഹീമോഫീലിയ. രക്തം കട്ടപിടിക്കാനുള്ള ഘടകത്തിന്റെ അഭാവം കണക്കിലെടുത്ത് എ, ബി എന്നിങ്ങനെ രണ്ടായി ഹീമോഫീലിയയെ തരംതിരിക്കാം. രക്തം കട്ട പിടിക്കാതിരിക്കുന്ന അവസ്ഥ അഥവാ ഹീമോഫീലിയ ഒരു ജനിതകവൈകല്യമാണ്.

Leave a Reply

Your email address will not be published.

Social profiles