പെന്‍ഷന്‍ കുടിശ്ശികയും ആനുകൂല്യങ്ങളും വിതരണം ചെയ്യണം; ബി.എം.എസ്

നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിസന്റ് പി.കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കേരള നിര്‍മ്മാണ തൊഴിലാളി ക്ഷേമ ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ പറ്റിയവര്‍ക്ക് നല്‍കുവാനുള്ള പെന്‍ഷന്‍ കുടിശ്ശികയും ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യണമെന്ന് കേരള പ്രദേശ് നിര്‍മ്മാണ തൊഴിലാളി ഫെഡറേഷന്‍ (ബി.എം.എസ്) സംസ്ഥാന വൈസ് പ്രസിസന്റ് പി.കെ മുരളീധരന്‍ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടേയുള്ള സംഘടിത മേഖലയിലെ പെന്‍ഷന്‍കാര്‍ക്ക് കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുന്ന സര്‍ക്കാര്‍ അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പെന്‍ഷന്‍ കുടിശ്ശികയാക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമനിധി ബോര്‍ഡിന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുക, പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുക, സെസ്സ് കുടിശ്ശിക പിരിപ്പെടുക്കുകയും സെസ്സ് പിരിവ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയും ചെയ്യുക, കോവിഡ് ബാധിച്ച തൊഴിലാളികള്‍ക്ക് ബോര്‍ഡ് വാഗ്ദാനം ചെയ്ത ധനസഹായം ഉടന്‍ വിതരണം ചെയ്യുക, ചികില്‍സ, മാരകരോഗ, മരണാനന്തര ധനസഹായം എന്നിവ ഉടന്‍ വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ധര്‍ണ്ണ. യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. മാധവന്‍ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ല് വൈസ് പ്രസിഡന്റ് പി.ആര്‍ സുരേഷ്, കെ. രാജേഷ് കുമാര്‍, എ. ഹരിഹരസുധന്‍, എ.കെ. വാസുദേവന്‍, പി.എസ് ശശിധരന്‍, പി.ജി ശങ്കരനാരായണന്‍, സി. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles