മനുഷ്യ-വന്യജീവി സംഘര്‍ഷം: വയനാട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കും

കല്‍പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിനുളള നടപടികളുടെ ഭാഗമായി വയനാട്ടില്‍ ഐ.എഫ്.എസ് റാങ്കിലുളള ഉദ്യോഗസ്ഥനെ നോഡല്‍ ഓഫീസറായി നിയമിക്കും. വനമേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു കലക്‌ട്രേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചതാണിത്.
മനുഷ്യരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ജനവാസമേഖലകളിലേക്ക് വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് തടയുന്നതിനുള്ള മുന്‍കരുതലുകള്‍ വനം വകുപ്പിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. വന്യജീവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനു തയാറാക്കിയ പദ്ധതികളില്‍ പലതും പൂര്‍ത്തിയാകാതെ കിടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പദ്ധതികളുടെ നിര്‍വഹണ പുരോഗതിക്ക് തടസമായ വിഷയങ്ങള്‍ പരിശോധിച്ച് പരിഹരിക്കും. ഇനി പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍
ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ അടിസ്ഥാനമാക്കും. പദ്ധതികളുടെ നിര്‍വഹണ പുരോഗതി യഥാസമയം വിലയിരുത്തുന്നതിനു നോഡല്‍ ഓഫീസറുടെ സേവനം സഹായകമാകും.
വനം വകുപ്പും പൊതുജനങ്ങളുമായുള്ള ബന്ധം സുഖകരമാക്കാന്‍ ഉദ്യോഗസ്ഥര്‍ മുന്‍കൈയെടുക്കണം. വന്യജീവി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കണം. വനസംരക്ഷണത്തിനും വന്യജീവി ആക്രമണം തടയുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളില്‍ പൊതുജനപങ്കാളിത്തം ഉറപ്പാക്കണം. നഷ്ടപരിഹാരം കാലാനുസൃതമായി വര്‍ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ ശ്രമിച്ചുവരികയാണ്. വന്യമൃഗങ്ങള്‍ നിമിത്തമുള്ള വിളനാശത്തിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നത് ഉയര്‍ന്ന തുക നഷ്ടപരിഹാരമായി ലഭിക്കുന്നതിന് സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles