ബാങ്ക് ഭരണസമിതിയില്‍നിന്നു കെ.സുഗതനെ നീക്കാന്‍ നിര്‍ദേശം

കല്‍പറ്റ: വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പ്രസിഡന്റ് കെ.സുഗതനെ ഭരണസമിതിയില്‍നിന്നു നീക്കാന്‍ സഹകരണ സെക്രട്ടറി സഹകരണ സംഘം രജിസ്ടാര്‍ക്കു നിര്‍ദേശം നല്‍കി. കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ കുടിശിക വിവരം മറച്ചുവെച്ചാണ് സുഗതന്‍ വൈത്തിരി കാര്‍ഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതിയിലേക്കു മത്സരിച്ചതെന്നു വ്യക്തമായ സാഹചര്യത്തിലാണ് സഹകരണ സെക്രട്ടറിയുടെ നിര്‍ദേശം. സി.പി.എം ജില്ലാ കമ്മിറ്റിയംഗമാണ് സുഗതന്‍.
വായ്പ കുടിശികയുള്ള വ്യക്തിക്ക് സഹകരണ ചട്ടം അനുസരിച്ച് സഹകരണ സ്ഥാപന ഭരണസമിതിയിലേക്കു മത്സരിക്കുന്നതിനു അയോഗ്യതയുണ്ട്. എന്നിരിക്കെ കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പ കുടിശിക വിവരം മറച്ചുവച്ച് വൈത്തിരി ബാങ്ക് ഭരണസമിതിയിലേക്കു മത്സരിച്ചു ജയിച്ച സുഗതനെ അയോഗ്യനാക്കണമെന്നു ആവശ്യപ്പെട്ടു മാധ്യമപ്രവര്‍ത്തകന്‍ കോയാമു കുന്നത്ത് സഹകരണ ജോയിന്റ് രജിസ്ട്രാര്‍ക്കും(ജനറല്‍) വൈത്തിരി അസിസ്റ്റന്റ് രജിസ്ട്രാര്‍ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന അന്വേഷണത്തില്‍ സുഗതനു വൈത്തിരി ബാങ്ക് ഭരണസമിതിയില്‍ തുടരുന്നതിനു അയോഗ്യതയുണ്ടെന്നു കണ്ടെത്തി അസിസ്റ്റന്റ് രജിസ്ട്രാര്‍ ജോയിന്റ് രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. വൈത്തിരി ബാങ്ക് ഭരണസമിതിയിലേക്കു മത്സരിക്കുന്നിനു പത്രിക സമര്‍പ്പിച്ചപ്പോള്‍ സുഗതനു കല്‍പറ്റ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു വര്‍ഷത്തെ കാലാവധിക്കു എടുത്ത പത്ത് ലക്ഷം രൂപയുടെ കാഷ് ക്രെഡിറ്റ് വായ്പ കുടിശിക ഉണ്ടായിരുന്നുവെന്നാണ് അസിസ്റ്റന്റ് രജിസ്ട്രാറുടെ അന്വേഷണത്തില്‍ തെളിഞ്ഞത്. എങ്കിലും സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സുഗതനെതിരേ ജോയിന്റ് രജിസ്ട്രാര്‍ നടപടി സ്വീകരിച്ചില്ല. ഇതേത്തടര്‍ന്നു കോയാമു കുന്നത്ത് നല്‍കിയ പരാതിയിലാണ് സഹകരണ സെക്രട്ടറി അയോഗ്യത സ്ഥിരീകരിച്ച് സുഗതനെ ഭരണസമിതിയില്‍നിന്നു നീക്കാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തില്‍ നിയമാനുസൃത നടപടികള്‍ അടിയന്തരമായി സ്വീകരിച്ച് അറിയിക്കണമെന്നും സെക്രട്ടറി രജിസ്ട്രാര്‍ക്കു നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.

0Shares

Leave a Reply

Your email address will not be published.

Social profiles