കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

ാനന്തവാടി: കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ രക്ഷപ്പെടുത്തി.
തലപ്പുഴ പുതിയിടം മുത്തേടത്ത് ജോസിന്റെ വിട്ടുമുറ്റത്തെ കിണറ്റിലാണ് ഏഴു വയസ് മതിക്കുന്ന ആണ്‍ പുലി വീണത്. ഇന്നു രാവിലെയാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വൈകുന്നേരം നാലോടെയാണ് പുലിയെ പുറത്തെടുത്തത്. നോര്‍ത്ത് വയനാട് ഡി.എഫ്.ഒ മാര്‍ട്ടിന്‍ ലോയല്‍, ബേഗൂര്‍ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.രാകേഷ്, പേരിയ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം.പി.സജീവന്‍, ആര്‍.ആര്‍.ടി റേഞ്ച് ഓഫീസര്‍ എന്‍. രൂപേഷ്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, വെറ്ററിനറി ഡോക്ടര്‍മാര്‍ എന്നിവര്‍ക്കു പുറമേ തലപ്പുഴ പോലീസും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. വെള്ളം ഭാഗികമായി വറ്റിച്ചശേഷം ഇറക്കിയ വലയില്‍ കുരുക്കി കപ്പിയും കയറും ഉപയോഗിച്ചാണ് പുലിയ കിണറിനു മുകളിലെത്തിച്ചത്. ഗൂഡല്ലൂരില്‍നിന്നു വിദഗ്ധന്‍ എത്തിയെങ്കിലും പുലിയില്‍ മയക്കുവെടി പ്രയോഗിച്ചില്ല. ദീര്‍ഘനേരം വെള്ളത്തില്‍ കിടന്നു അവശനായ പുലിയില്‍ മയക്കുവെടി പ്രയോഗിക്കുന്നതു മാരകമാകുമെന്ന വിലയിരുത്തലാണ് വല ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം നടത്താമെന്ന തീരുമാനത്തിലേക്കു നയിച്ചത്.
പുലിക്കു കയറിനില്‍ക്കാന്‍ കിണറില്‍ പലക ഇട്ടുകൊടുത്തിരുന്നു. പലക ഇറക്കാനുപയോഗിച്ച കയര്‍ കടിച്ചുപറിച്ചെങ്കിലും പുലി വെള്ളത്തില്‍നിന്നു കയറിയില്ല. കൂട്ടിലാക്കി ഡി.എഫ്.ഒ.യുടെ കാര്യാലയ വളപ്പിലേക്കു മാറ്റിയ പുലിയെ വനപാലക സംഘം നിരീക്ഷിച്ചുവരികയാണ്. ആരോഗ്യത്തിനു കുഴപ്പമില്ലെന്നു സ്ഥിരീകരിക്കുന്ന മുറയ്ക്കു ഉള്‍വനത്തില്‍ വിടും.

0Shares

Leave a Reply

Your email address will not be published.

Social profiles