പുല്‍പള്ളി ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം മുന്‍ പ്രസിഡന്റിനു ആശ്വാസത്തിനു വകയായി

പുല്‍പള്ളി: സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായ മുന്‍ പ്രസിഡന്റ് കെ.കെ. അബ്രഹാമിനു ആശ്വാസത്തിനു വകയായി. വായ്പ വിതരണവുമായി ബന്ധപ്പെട്ട് മുന്‍ യു.ഡി.എഫ് ഭരണസമിതിക്കെതിരേ ഉയര്‍ന്ന ആരോപങ്ങളുടെയും സഹകരണ ജോയിന്റ് രജിസ്ട്രാറുടെ സര്‍ചാര്‍ജ് ഉത്തരവിന്റെയും പശ്ചാത്തലത്തിലാണ് യുഡിഎഫ് തെരഞ്ഞടുപ്പിനെ നേരിട്ടത്. ഭരണസമിതിയിലെ 11 സീറ്റുകളില്‍ ഒന്നില്‍ പോലും വിജയിക്കാനാകാത്തതു എല്‍ഡിഎഫിനും ജനകീയ മുന്നണിക്കും തിക്താനുഭവമായി.
കെ.എല്‍.എല്‍ദോസ്, എന്‍.യു.ജോര്‍ജ്, കെ.എല്‍.ടോമി, പി.വി.പ്രേമരാജന്‍, കെ.എം.മാത്യു, ടി.പി.ശശീന്ദ്രന്‍, അന്നമ്മ ചാക്കോ, മിനി റെജി, രാധാമണി വേണു, മണി ഇല്യമ്പത്ത്, സി.പി.ജോയി എന്നിവരാണ് യു.ഡി.എഫ് ടിക്കറ്റില്‍ ഭരണസമിതിയിലെത്തിയത്.
സഹകരണ വകുപ്പിന്റെ അന്വേഷണത്തില്‍ വായ്പ വിതരണത്തില്‍ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നു 2018 ഡിസംബറില്‍ ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടിരുന്നു. 2020 ജനുവരിയിലാണ് ബാങ്ക് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ഭരണത്തിലായത്. മുമ്പ് ബാങ്ക് ഭരണസമിതിയിലേക്കു മത്സരിക്കാത്തവരെ രംഗത്തിറക്കിയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുന്‍കാലങ്ങളില്‍ ഭരണസമിതി അംഗങ്ങളായിരുന്നവരെ അപ്പാടെ ഒഴിവാക്കി ജനസമ്മതിയുള്ള പുതമുഖങ്ങളെ സ്ഥാനാര്‍ഥികളാക്കാന്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയാണ് തീരുമാനിച്ചത്. ഡി.സി.സി നിയോഗിച്ച ഏഴംഗ സമിതിയാണ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയത്.
ഐക്യനാണയ സംഘമായി 1921ല്‍ പ്രവര്‍ത്തനം തുടങ്ങിയതാണ് പുല്‍പള്ളി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്കിന്റെ ചരിത്രത്തില്‍ 1980-83, 1988-91 കാലയളവില്‍ മാത്രമാണ് ഇടതുപക്ഷവും ഉള്‍പ്പെടുന്ന മുന്നണിക്കു ഭരണം ലഭിച്ചത്.
വിജയികളില്‍ ആര് ബാങ്ക് പ്രസിഡന്റാകുമെന്നതില്‍ വ്യക്തതയായില്ല. കോണ്‍ഗ്രസിലെ രണ്ട് പ്രാദേശിക ചേരികളില്‍പ്പെട്ടവരാണ് ഭരണസമിതിയംഗങ്ങള്‍. ഇരു ചേരികളും പ്രസിഡന്റ് കസേരയില്‍ വട്ടമിടുന്നുണ്ട്. പ്രാദേശികമായി തീരുമാനമായില്ലെങ്കില്‍ പ്രസിഡന്റ് നിര്‍ണയത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഇടപെടും.

0Shares

Leave a Reply

Your email address will not be published.

Social profiles