രാത്രികാല വനയാത്ര പദ്ധതി വിലക്കണം-പ്രകൃതി സംരക്ഷണ സമിതി

കെ.എസ്.ആര്‍.ടി.സി രാത്രികാല വനയാത്രയ്ക്കായി സജ്ജമാക്കുന്ന ബസുകളില്‍ ഒന്ന്.

കല്‍പറ്റ: കെ.എസ്.ആര്‍.ടി.സിയുടെ രാത്രികാല വനയാത്ര പദ്ധതി വിലക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. സുല്‍ത്താന്‍ബത്തേരി ഡിപ്പോയില്‍നിന്നു പ്രത്യേകം സജ്ജമാക്കിയ രണ്ടു ബസുകളില്‍ യാത്രക്കാരില്‍നിന്നു 300 രൂപ വീതം ഫീസ് ഇടാക്കി രാത്രികാല വനയാത്ര നടത്താനാണ് കെ.എസ്.ആര്‍.ടി.സിയുടെ പദ്ധതി. ജൂണ്‍ മൂന്നിലെ സുപ്രീം കോടതി വിധിയനുസരിച്ച് വയനാട് വന്യജീവി കേന്ദ്രത്തില്‍ നിലവില്‍വന്ന പരിസ്ഥിതി കരുതല്‍ മേഖലയിലാണ് രാത്രികാല ടൂറിസം ആസൂത്രണം ചെയ്തിരിക്കുന്നത്. കോര്‍പറേഷന്റെ ഈ ടൂറിസം പദ്ധതി നിയമവിരുദ്ധവും മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കുന്നതിനു വഴിയൊരുക്കുന്നതുമാണ്.
വന്യജീവി സങ്കേതത്തില്‍ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാരം മാത്രമാണ് അനുവദനീയം. ടൂറിസം പദ്ധതികള്‍ നേരിട്ടുനടത്തുന്നതില്‍ വനം-വന്യജീവി വകുപ്പിനു പോലും നിയമതടസമുണ്ട്. ഇക്കോ ഡവലപ്‌മെന്റ് കമ്മിറ്റികള്‍ മുഖേനയേ വനം വകുപ്പിന് ടൂറിസം പദ്ധതികള്‍ നടത്താനാകൂ. നിലവിലെ വര്‍ക്കിംഗ് പ്ലാനില്‍ ഉള്‍പ്പെടുത്തി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയോടെയാണ് ടൂറിസം സംരഭങ്ങള്‍ ആരംഭിക്കേണ്ടത്. ടൂറിസം വനേതര പ്രവൃത്തിയാണെന്ന കേരള ഹൈക്കോടതി വിധി നിലവിലുണ്ട്.
കെ.എസ്.ആര്‍.ടി.സി പ്രസിദ്ധീകരിച്ച വിവരം അനുസരിച്ച് രാത്രി ഒമ്പതിനു സുല്‍ത്താന്‍ബത്തേരിയില്‍ തുടങ്ങി ദേശീയപാത 766 ലൂടെ സംസ്ഥാന അതിര്‍ത്തിയിലെ പൊന്‍കുഴിയിലും തുടര്‍ന്നു മൂലങ്കാവ്, വളളുവാടി, കരിപ്പൂര്‍, വടക്കനാട് വഴി ഇരുളം വരെയും നീളുന്നതാണ് 60 കിലോമീറ്റര്‍ രാത്രികാല വനയാത്ര. മനുഷ്യ-വന്യജീവി സംഘര്‍ഷം നിലനില്‍ക്കുന്നതാണ് ഈ റൂട്ടിലൂള്ള പല ഗ്രാമങ്ങളും. മുത്തങ്ങയില്‍ നല്ലനിലയില്‍ നടക്കുന്ന ഇക്കോ ടൂറിസത്തെ കെ.എസ്.ആര്‍.ടി.സിയുടെ വനയാത്ര ബാധിക്കും. രാത്രികാല വനയാത്ര പദ്ധതിക്കു വനം-വന്യജീവി വകുപ്പ് അനുമതി നല്‍കിയിട്ടുണ്ടെങ്കില്‍ റദ്ദാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
പ്രസിഡന്റ് എന്‍.ബാദുഷ അധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് അമ്പലവയല്‍, ട്രഷറര്‍ ബാബു മൈലമ്പാടി എന്നിവര്‍ പ്രസംഗിച്ചു

0Shares

Leave a Reply

Your email address will not be published.

Social profiles