ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തിനു സഹായം ലഭ്യമാക്കണം-സ്വതന്ത്ര കര്‍ഷക സംഘം

മാനന്തവാടി: തിരുനെല്ലിയില്‍ ആത്മഹത്യ ചെയ്ത യുവ കര്‍ഷകന്‍ കെ.വി.രാജേഷിന്‍െ കുടുംബത്തിനു സര്‍ക്കാര്‍ അടിയന്തര സഹായം അനുവദിക്കണമെന്നു സ്വതന്ത്ര കര്‍ഷക സംഘം വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ.അബ്ദല്‍ അസീസ് മുഖ്യമന്ത്രിക്കും കൃഷി, ധന മന്ത്രിമാര്‍ക്കും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും സര്‍ക്കാര്‍ അവഗണയും കാരണം വയനാട് വീണ്ടും കര്‍ഷക ആത്മഹത്യയിലേക്ക് നീങ്ങുകയാണ്. രാജേഷ് ആത്മഹത്യ ചെയ്തതു കൃഷിനാശത്തിലും കടങ്ങള്‍ വീട്ടാന്‍ മാര്‍ഗമില്ലാത്തതിലും മനംനൊന്താണെന്ന് കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവല്ലയിലെ നിരണത്തും തിരുനെല്ലിയിലും നടന്ന കര്‍ഷക ആത്മഹത്യ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കണം. ധൂര്‍ത്തിനടക്കം പണം കണ്ടെത്തുന്ന സര്‍ക്കാര്‍ കൃഷിക്കാരുടെ ആവശ്യങ്ങള്‍ക്കുനേരേ മുഖം തിരിക്കുന്നതും ആനുകൂല്യങ്ങള്‍ വൈകിപ്പിക്കുന്നതും ദൗര്‍ഭാഗ്യകരമാണെന്നും നിവേദനത്തിലുണ്ട്. നിവേദനം മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യമായ നടപടികള്‍ക്കായി വയനാട് കലക്ടര്‍ക്കു വിട്ടതായി അസീസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Social profiles