കെന്‍സ വെല്‍നെസ് സെന്റര്‍: നിയമവിരുദ്ധ നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നു പരിസ്ഥിതി പ്രവര്‍ത്തകര്‍

കല്‍പറ്റ-തരിയോട് പഞ്ചായത്തിലെ മഞ്ഞുറയില്‍ കെന്‍സ വെല്‍നെസ് സെന്ററിനായി നടത്തിയ നിയമവിരുദ്ധ നിര്‍മിതികള്‍ പൊളിച്ചുനീക്കണമെന്നു വയനാട് പ്രകൃതി സംരക്ഷണ സമിതി ഭാരവാഹികളായ എന്‍.ബാദുഷ, തോമസ് അമ്പലവയല്‍, എം.ഗംഗാധരന്‍, ഗ്രീന്‍ ക്രോസ് പ്രസിഡന്റ് അബു പൂക്കോട് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി(ഡി.ഡി.എം.എ) ഫുള്‍ ടീമിന്റെ സാന്നിധ്യത്തില്‍ 28നു കെന്‍സ സെന്ററില്‍ നടത്തുന്ന കെട്ടിടങ്ങളുടെ ഉയരപരിശോധന നിയമലംഘനങ്ങള്‍ക്കു മറയിടുന്നിതിനുള്ള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണെന്നു ഇവര്‍ ആരോപിച്ചു. കെട്ടിടങ്ങളുടെ നിര്‍മാണത്തിനായി നടത്തിയ വിദേശഫണ്ട് സമാഹരണവും വിനിയോഗവും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിനു വിധേയമാക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
ദുരന്തനിവാരണം, തദ്ദേശഭരണം, ജിയോളജി നിയമങ്ങളുടെ നഗ്നമായ ലംഘനം മഞ്ഞൂറയില്‍ കെന്‍സ വെല്‍നെസ് സെന്ററിനായി നടത്തിയ നിര്‍മാണങ്ങളില്‍ പ്രകടമാണ്. തരിയോട് പഞ്ചായത്തില്‍ പുതുതായി പണിയാവുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം 10 മീറ്ററും മൂന്നു നിലകളുമായി ഡി.ഡി.എം.എ നിജപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ലംഘനം മഞ്ഞുറയില്‍ നടന്നതായി ഒരു വര്‍ഷം മുമ്പ് പഞ്ചായത്ത് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഡി.ഡി.എം.എ ചര്‍ച്ച ചെയ്തില്ല. പരാതികള്‍ ഉയര്‍ന്നതിനെത്തുടര്‍ന്നു ഡി.ഡി.എം.എ ചെയര്‍പേഴ്‌സണ്‍ കഴിഞ്ഞ ഒക്ടോബറില്‍ കെട്ടിടങ്ങളുടെ ഉയരപരിശോധനയ്ക്കു ജില്ലാ ടൗണ്‍ പ്ലാനര്‍, തദ്ദേശ സ്ഥാപനങ്ങളുടെയും പൊതുമരാമത്ത് വകുപ്പിന്റെയും എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍മാര്‍ എന്നിവര്‍ അടങ്ങിയ വിദഗ്ധ സമിതിയെ നിയോഗിച്ചു. സമിതിയുടെ പരിശോധനയില്‍ സെന്ററില്‍ രണ്ടു കെട്ടിടങ്ങള്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് നിര്‍മിച്ചതെന്നു കണ്ടെത്തി. പ്രധാന കെട്ടിടത്തിന്റെ ഒന്നാംനില മണ്ണിട്ട് നികത്തി ഉയരക്കൂടുതല്‍ മറച്ചുവെക്കാന്‍ ശ്രമിച്ചു, പഞ്ചായത്ത് അംഗീകരിച്ച പ്ലാനില്‍ മാറ്റംവരുത്തി, ജില്ലാ ടൗണ്‍ പ്ലാനറുടെ ലേ ഔട്ട് അംഗീകാരം വാങ്ങിയില്ല, മണ്ണ് ഖനനത്തിന് ജിയോളജി വകുപ്പിന്റെ അനുമതി നേടിയില്ല എന്നീ ക്രമക്കേടുകളും കണ്ടെത്തി. ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഡി.ഡി.എം.എ നടപടി സ്വീകരിച്ചില്ല. ഇതേത്തുടര്‍ന്നു പശ്ചിമഘട്ട സംരക്ഷണ സമിതി ഫയല്‍ ചെയ്ത കേസില്‍ ഹൈക്കോടതി വിശദീകരണം തേടിയ സാഹചര്യത്തില്‍ ഡി.ഡി.എം.എ നേരത്തേ നിയോഗിച്ച വിദഗ്ധ സമിതിയെ വീണ്ടും കെട്ടിടങ്ങളുടെ ഉയരപരിശോധനയ്ക്കു ചുമതലപ്പെടുത്തി. കഴിഞ്ഞ ഡിസംബറില്‍ കെട്ടിടങ്ങള്‍ രണ്ടാമതും പരിശോധിച്ച സമിതി പ്രധാന കെട്ടിടത്തിന് 15മീറ്ററില്‍ അധികം ഉയരവും അഞ്ചുനിലയും റോഡിനോടു ചേര്‍ന്നുള്ള രണ്ടാമത്തെ കെട്ടിടത്തിന് നാലു നിലയും 10.3 മീറ്റര്‍ ഉയരവും ഉണ്ടെന്നു റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ടും ഡി.ഡി.എം.എ അജണ്ടയില്‍ ഉള്‍പ്പെടുത്തി ചര്‍ച്ച ചെയ്തില്ല.
രണ്ടു റിപ്പോര്‍ട്ടുകള്‍ നിലവിലുണ്ടായിരിക്കെയാണ് ഡി.ഡി.എം.എ ചെയര്‍പേഴസ്ണ്‍, കോ ചെയര്‍മാന്‍ എന്നിവരുയെും അംഗങ്ങളുടെയും സാന്നിധ്യത്തില്‍ കെട്ടിടങ്ങളുടെ ഉയരപരിശോധന വീണ്ടും നടത്തുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ എക്‌സിക്യുട്ടീവ് എന്‍ജിനീയറെ പരിശോധനാസംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. വിദഗ്ധസമിതി നേരത്തേ നല്‍കിയ റിപ്പോര്‍ട്ടില്‍ ഡി.ഡി.എം.എയ്ക്കു സന്ദേഹമുണ്ടെന്നാണ് വീണ്ടും കെട്ടിടങ്ങളുടെ ഉയരപരിശോധന നടത്തുന്നതില്‍നിന്നു വ്യക്തമാകുന്നത്. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടുകളില്‍ സംശയം ഉണ്ടെങ്കില്‍ കൂടുതല്‍ വൈദഗ്ധ്യം ഉള്ളവരെ നിയോഗിച്ചു കെട്ടിടങ്ങള്‍ പരിശോധിക്കുകയാണ് വേണ്ടത്. അതിനു പകരം ഡി.ഡി.എം.എ ഫുള്‍ ടീം പരിശോധനയ്‌ക്കെത്തുന്നതു ഗൂഢ പദ്ധതികള്‍ നടപ്പാക്കാനാണ്. കെട്ടിടങ്ങള്‍ നേരില്‍ക്കണ്ട് നിയമലംഘനങ്ങള്‍ വിലയിരുത്താന്‍ ഡി.ഡി.എം.എയ്ക്കു വെളിപാടുണ്ടായതു അദ്ഭുതകരമാണ്. പ്രവാസികളില്‍നിന്നു അനേകം കോടി രൂപ തട്ടിയെടുത്തതിനും വ്യാജ രേഖകള്‍ ചമച്ചതിനും ക്രിമിനില്‍ കേസുകള്‍ നേരിടുന്ന വ്യക്തിക്കുവേണ്ടിയുളള കള്ളക്കളികളാണ് ഇപ്പോള്‍ അരങ്ങേറുന്നത്.
ഷിഹാബ്ഷാ എന്നയാള്‍ 2015ല്‍ ദുബായില്‍ സംഘടിപ്പിച്ച ഇന്‍വെസ്‌റ്റേഴ്‌സ് മീറ്റിലാണ് കെന്‍സ ഹോള്‍ഡിംഗിന്റെ നേതൃത്വത്തില്‍ മഞ്ഞൂറയില്‍ റോയല്‍ മെഡോസ് വില്ല പ്രൊജക്ട് പ്രഖ്യാപിച്ചത്. 60 വില്ലകള്‍, ദേശാന്തര നിലവാരമുളള സ്വിമ്മിംഗ്പൂള്‍, പാര്‍ക്ക്, ഫുഡ് കോര്‍ട്ടുകള്‍, റസ്റ്റാറന്റുകള്‍, സുഖ ചികിത്സാ കേന്ദ്രങ്ങള്‍, ഹെലിപ്പാഡ് തുടങ്ങിയവ ഉള്‍പ്പെടുന്നതായിരുന്നു പ്രൊജക്ട്. 50 ലക്ഷം രൂപ വീതം നിക്ഷേപിച്ച് അനേകം ആളുകള്‍ പ്രൊജക്ടിന്റെ ഭാഗമായി. ഓരോ നിക്ഷേപകന്റെ പേരിലും മൂന്നര സെന്റ് സ്ഥലവും വില്ലയും ഉണ്ടാകുമെന്നും ആറുമാസം കഴിഞ്ഞ് ഓരോ മാസവും കാല്‍ ലക്ഷം രൂപ തിരികെ ലഭിക്കുമെന്നും ഷിഹാബ്ഷാ വാഗ്ദാനം ചെയ്തിരുന്നു. മുന്നു വര്‍ഷം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതുമായി ബന്ധപ്പെട്ടു പരാതികള്‍ ഉയരുന്നതിനിടെയാണ് 2019ല്‍ ഷിഹാബ്ഷാ ഇതേ സ്ഥലത്ത് കെന്‍സ വെല്‍നെസ് സെന്റര്‍ എന്ന പേരില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ആരംഭിക്കുന്നതിനു പുതിയ നിക്ഷേപങ്ങള്‍ സ്വീകരിച്ചത്. വെല്‍നെസ് സെന്ററിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത് അന്നത്തെ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ്. പുതിയ സംരംഭം ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് (എല്‍.എല്‍.പി) വ്യവസ്ഥയിലാണ് തുടങ്ങിയത്.
വടകര ഓര്‍ക്കാട്ടേരി സ്വദേശി രാജന്‍ ഉള്‍പ്പെടെ നാലു പേര്‍ നല്‍കിയ പരാതിയില്‍ സ്റ്റേറ്റ് പഞ്ചായത്ത് ട്രിബൂണല്‍ കെന്‍സ വെല്‍നെ സെന്ററിലെ മുഴുവന്‍ നിര്‍മാണവും തടഞ്ഞിട്ടുണ്ട്. സെന്ററിലെ എല്ലാ പ്രവൃത്തികളും നിര്‍ത്തി തത്സ്ഥിതി തുടരണമെന്ന ഹൈക്കോടതി ഉത്തരവും നിലവിലുണ്ട്. ഇതിനിടയിലും സെന്ററില്‍ നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ഇതിനു തരിയോട് പഞ്ചായത്ത് സെക്രട്ടറി സെക്രട്ടറി മറുപടി പറയേണ്ടതുണ്ടെന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles