വയനാട്ടിലെ ആദ്യ ബ്രാന്‍ഡഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ തരിയോട് മഞ്ഞൂറയില്‍ പ്രവര്‍ത്തനം തുടങ്ങുന്നു

വയനാട്ടിലെ തരിയോട് മഞ്ഞൂറയില്‍ നാളെ പ്രവര്‍ത്തനം തുടങ്ങുന്ന താജ് വയനാട് റിസോര്‍ട്ട് ആന്‍ഡ് സ്പാ.

കല്‍പ്പറ്റ:പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര ഭൂപടത്തില്‍ തനത് ഇടം തേടുന്ന വയനാട്ടില്‍ ആദ്യമായി ബ്രാന്‍ഡഡ് പഞ്ചനക്ഷത്ര ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങുന്നു. തരിയോട് പഞ്ചായത്തിലെ മഞ്ഞൂറയില്‍ ബാണാസുരസാഗര്‍ റിസര്‍വോയറിനു അഭിമുഖമായാണ് ഹോട്ടല്‍. പ്രവാസി സംരംഭകന്‍ എന്‍. മോഹനകൃഷ്ണന്‍ 120 കോടി രൂപ ചെലവില്‍ നിര്‍മാണം പൂര്‍ത്തിയാക്കി 20 വര്‍ഷത്തെ നടത്തിപ്പ് അവകാശം താജ് ഗ്രൂപ്പിനു കൈമാറിയ ഹോട്ടലിന്റെ ഉദ്ഘാടനം നാളെ രാവിലെ 9.30നു ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും.
ബാണാസുരസാഗര്‍ ജലാശയത്തോടു ചേര്‍ന്നു ഉപദ്വീപില്‍ 10 ഏക്കറിലാണ് താജ് വയനാട് റിസോര്‍ട്ട് ആന്‍ഡ് സ്പാ എന്നു നാമകരണം ചെയ്ത ഹോട്ടല്‍. നാല് പൂള്‍ വില്ലകളും 43 വാട്ടര്‍ ഫ്രണ്ടേജ് കോട്ടേജുകളും ഉള്‍പ്പെടെ 61 മുറികളും മൂന്നു റസ്റ്റാറന്റുകളും റൂഫ് ടോപ് ബാറും ഗാര്‍ഡനും ഹോട്ടലിന്റെ ഭാഗമാണ്. 864 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പ്രസിഡന്‍ഷ്യല്‍ വില്ല. യോഗ പവലിയന്‍, ആംഫി തിയറ്റര്‍, ജീവ സ്പാ എന്നിവ അടങ്ങുന്ന വെല്‍നെസ് പാക്കേജും ഹോട്ടലില്‍ ലഭ്യമാണ്.
അഞ്ചുവര്‍ഷമെടുത്താണ് ബാണാസുരസാഗര്‍ ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്‌സ് എന്ന പേരില്‍ ഹോട്ടല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതെന്നു സിഎംഡിയും 35 വര്‍ഷമായി സൗത്ത് ആഫ്രിക്കയില്‍ സംരംഭങ്ങള്‍ നടത്തുന്ന കോഴിക്കോട് വെള്ളിമാടുകുന്നു സ്വദേശിയുമായ മോഹനകൃഷ്ണന്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഐ. സിദ്ദീഖ് ബാബു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുംബൈയില്‍ ഹെഡ് ഓഫീസിലെത്തി നടത്തിയ ചര്‍ച്ചയിലാണ് രണ്ടു പതിറ്റാണ്ട് ഹോട്ടല്‍ എറ്റെടുത്തുനടത്താന്‍ താജ് ഗ്രൂപ്പ് സന്നദ്ധമായത്. ഇതിനു മുമ്പ് മറ്റു ചില ഹോട്ടല്‍ വ്യവസായ ഗ്രൂപ്പുകളുമായി നടത്തിയ ചര്‍ച്ച ഫലപ്രദമായിരുന്നില്ല.
പ്രകൃതി സൗന്ദര്യമാണ് വയനാടിന്റെ മുഖ്യ ആകര്‍ഷണമെന്നും ടൂറിസം വികസനത്തില്‍ ഹോട്ടല്‍ ജില്ലയ്ക്കു മറ്റൊരു മുതല്‍ക്കൂട്ടാണെന്നും സിവില്‍ എന്‍ജിനിയറും കോഴിക്കോട് എന്‍ഐടി പൂര്‍വ വിദ്യാര്‍ഥിയുമായ മോഹനകൃഷ്ണന്‍ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published.

Social profiles