കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വയനാട്ടില്‍

ഇന്ന് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ഓഫീസ് മന്ദിരം

കല്‍പറ്റ: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വയനാട് ജില്ലയില്‍. ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ഡി.വൈ.എഫ്.ഐ വയനാട് ജില്ലാ ഓഫീസ് മന്ദിരത്തിന്റെ (പി.ബിജു സ്മാരക യൂത്ത് സെന്റര്‍) ഉദ്ഘാടനം അദ്ദേഹം നിര്‍വ്വഹിക്കും. കല്‍പറ്റ നഗരത്തില്‍ ഹോട്ടല്‍ ഹരിതഗിരിക്കു സമീപം അഞ്ചു സെന്റിലാണ് കെട്ടിടം നിര്‍മിച്ചത്.
ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷററും സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനുമായിരിക്കെ 2020 നവംബറില്‍ ഹൃദയാഘാതത്തെത്തുടര്‍ന്നു മരിച്ച പി.ബിജുവിനു കേരളത്തിലെ ആദ്യ സ്മാരകം കൂടിയാണ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നത്.
ചടങ്ങില്‍ ബിജുവിന്റെ ചിത്രം അനാഛാദനം ചെയ്യും. അദ്ദേഹം ഡി.വൈ.എഫ്.ഐ സംസ്ഥാന ട്രഷറര്‍ ആയിരിക്കെ സെക്രട്ടറിയായിരുന്ന എം.സ്വരാജാണ് അനാച്ഛാദനം നടത്തുക. നിലവിലെ സെക്രട്ടറി വി.കെ.സനോജ്, പ്രസിഡന്റ് എസ്.സതീഷ്, ട്രഷറര്‍ എസ്.കെ.സജീഷ്, സി.പി.എം ജില്ലാ സെക്രട്ടറി പി.ഗഗാറിന്‍, സംസ്ഥാന സമിതിയംഗങ്ങളായ ഒ.ആര്‍.കേളു എം.എല്‍.എ, സി.കെ.ശശീന്ദ്രന്‍, പി.ബിജുവിന്റെ കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. മന്ദിരം ഉദ്ഘാടനത്തിനു മുന്നോടിയായി ഉച്ചയ്ക്കു 1.30നു നഗരത്തില്‍ യുവജന റാലി ഉണ്ടാകും.
ഏകദേശം 80 ലക്ഷം രൂപ ചെലവിലാണ് ഓഫീസ് മന്ദിരം നിര്‍മിച്ചത്. മൂന്നു നിലകളും 3,800 ചതുരശ്ര അടി വിസ്തീര്‍ണവുമുള്ളതാണ് കെട്ടിടം. അംഗങ്ങളില്‍നിന്നു സംഭാവനകളും തൊഴിലെടുക്കുന്ന പ്രവര്‍ത്തകരില്‍നിന്നു ഒരു ദിവസത്തെ വേതനവും സ്വീകരിച്ചും ബിരിയാണി ചലഞ്ച്, ദോത്തി ചലഞ്ച് എന്നിവ നടത്തിയുമായിരുന്നു കെട്ടിട നിര്‍മാണത്തിനു ധനസമാഹരണം. ഫ്രന്റ് ഓഫീസ്, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് സെന്റര്‍, റഫറന്‍സ് സൗകര്യമുള്ള ഗ്രന്ഥാലയം, പി.എസ്.സി ഹെല്‍പ് ഡെസ്‌ക്, രണ്ട് അതിഥി മുറികള്‍, ഒരേസമയം 12 പേര്‍ക്കു താമസിക്കാവുന്ന ഡോര്‍മിറ്ററി എന്നിവ മന്ദിരത്തിന്റെ ഭാഗമാണ്.

Leave a Reply

Your email address will not be published.

Social profiles