കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവള വില വര്‍ദ്ധന

പൊട്ടാഷിന് വിലവര്‍ധിച്ചത് ഇരട്ടിയോളം

മാനന്തവാടി: കര്‍ഷകര്‍ക്ക് തിരിച്ചടിയായി രാസവള വില വര്‍ദ്ധന. എണ്‍പത് ശതമാനത്തിലേറെയാണ് രാസവളങ്ങളള്‍ക്ക് വിലവര്‍ധിച്ചത്. കര്‍ഷകര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പൊട്ടാഷിന്റെ വില ചാക്കിന് ഇരട്ടിയോളമാണ് കൂടിയത്. മാസങ്ങള്‍ക്ക് മുമ്പ് 1000 രൂപക്ക് കിട്ടിയിരുന്ന പൊട്ടാഷിന് ഇപ്പോള്‍ 1900 രൂപയാണ് വില. രാസവളത്തിന് ഗണ്യമായി വില വര്‍ധിക്കുമ്പോഴും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വില ഇല്ലാത്തതും കര്‍ഷകര്‍ക്ക് ഇരുട്ടടിയായി മാറുന്നു. ഫാക്ടംഫോസ് 16.16 അടക്കമുള്ള ഏല്ലാ വളങ്ങള്‍ക്കും വന്‍തോതിലാണ് വില വര്‍ധിച്ചിരിക്കുന്നത്. 1000 രൂപയുണ്ടായിരുന്ന ഫാക്ടം ഫോസിന് 1600 രൂപയും 900 രൂപയുണ്ടായിരുന്ന 16-16ന് 1475 രൂപയുമാണ് നിലവിവെ റീട്ടെയില്‍ വില. ഒപ്പം കര്‍ഷകര്‍ ഉപയോഗിക്കുന്ന കീടനാശിനികള്‍ക്കും ഇരട്ടിയിലധികമാണ് വില വര്‍ധിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന റൗണ്ട് അപ്പിന് മുമ്പ് 400 രൂപയായിരുന്നു വെലിയെങ്കില്‍ ഇപ്പോള്‍ 800 രൂപയായി ഉയര്‍ന്നു. ആകെ സബ്‌സിഡി നിരക്കില്‍ കിട്ടുന്ന യൂറിയ പലപ്പോഴും മാര്‍ക്കറ്റില്‍ നിന്നും ലഭിക്കാറുമില്ല. വില നിയന്ത്രിക്കുവാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. സാധാരണ വളത്തിന് വിലവര്‍ധിക്കുപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ 75 മുതല്‍ 80 ശതമാനം വരെ സബ്‌സിഡി നല്‍കിയായിരുന്നു കര്‍ഷകര്‍ക്ക് വളം നല്‍കിയിരുന്നത്. എന്നാല്‍ സബ്‌സിഡി നിരക്ക് കുറച്ചതാണ് വളത്തിന് ഇത്രയും വിലവര്‍ധിക്കാന്‍ പ്രധാനകാരണം. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശപ്രകാരം ആധാര്‍ കാര്‍ഡുമായി വളക്കടയില്‍ സൂക്ഷിച്ചിരിക്കുന്ന പി.ഒ.സി മെഷീനില്‍ പഞ്ച് ചെയ്താല്‍ മാത്രമേ വളം ലഭിക്കുകയുള്ളൂ. ഒരു കര്‍ഷകന് ഒരു മാസം 50 ചാക്ക് വളം മാത്രമേ നല്‍കാന്‍ പാടുള്ളു എന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിര്‍ദേശവും കര്‍ഷന് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇങ്ങനെയൊക്കെ വിലകൊടുത്ത് കൃഷി ചെയ്താലും കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ലഭിക്കാത്തത് ജില്ലയിലെ കര്‍ഷകരേ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. അടിയന്തരമായി രാസവളങ്ങള്‍ക്ക് സബ്‌സിഡി നല്‍കി നിലവിലെ വിലക്കയറ്റം പിടിച്ചു നടത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Leave a Reply

Your email address will not be published.

Social profiles