സ്പോര്‍ട്സ് കേരള സെലക്ഷന്‍ ട്രയല്‍സ്

കല്‍പറ്റ: ആറ് മുതല്‍ പതിനൊന്നാം തരം വരെയുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലെ മുന്‍നിര സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് മീനങ്ങാടി പഞ്ചായത്ത് സ്റ്റേഡിയത്തില്‍ വച്ച് നടക്കുന്നു. അത്‌ലറ്റിക്‌സ്, ബോക്‌സിങ്, ജൂഡോ, ക്രിക്കറ്റ്, തായ്ക്വൊണ്ടോ, വോളിബോള്‍, ബാസ്‌കറ്റ്‌ബോള്‍, ഹോക്കി, റെസ്ലിങ് തുടങ്ങിയ കായിക ഇനങ്ങള്‍ക്കുള്ള സെലക്ഷനാണ് ഏപ്രില്‍ 28, വ്യാഴാഴ്ച്ച നടക്കുന്നത്. വിദ്യാര്‍ത്ഥികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും 2 ഫോട്ടോയും സഹിതം രാവിലെ എട്ട് മണിക്ക് മുന്‍പായി സ്റ്റേഡിയത്തില്‍ ഹാജരാകണം. 6, 7 ക്ലാസ്സുകളിലേക്ക് ജനറല്‍ ടെസ്റ്റ് വഴിയും 9, 10 ക്ലാസ്സുകളിലെ ഒഴിവുള്ള സീറ്റിലേക്ക് സംസ്ഥാനതല മെഡല്‍ ജേതാക്കള്‍ക്കും 8, 11 ക്ലാസ്സുകളിലേക്ക് ജനറല്‍ ടെസ്റ്റിനൊപ്പം ഗെയിം പ്രാവീണ്യം കൂടി പരിഗണിച്ചാവും പ്രവേശനം നല്‍കുക. പ്രഗത്ഭരായ അനവധി കോച്ചുമാരുടെ കീഴില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടി ട്രെയിനിങ് നടത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇതിലൂടെ സാധിക്കും.
കലാകായിക രംഗത്തെ വികസനത്തിനും പ്രോത്സാഹനത്തിനും നേതൃത്വം വഹിക്കുക എന്ന ലക്ഷ്യത്തോടെ, സംസ്ഥാന സര്‍ക്കാരിന്റെ അധീനതയില്‍ 1986-ല്‍ സ്ഥാപിതമായ ഡയറക്ടറേറ്റ് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്സിന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് കേരളയാണ് കായിക വിദ്യാര്‍ത്ഥികള്‍ക്കായി ഈ സുവര്‍ണാവസരം ഒരുക്കിയിരുക്കുന്നത്്. തിരുവനന്തപുരം ജി.വി. രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള 6 മുതല്‍ 11 വരെ ക്ലാസ്സുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സാണ് വയനാട്ടില്‍ നടത്തുന്നത്.

Leave a Reply

Your email address will not be published.

Social profiles