എന്റെ കേരളം പ്രദര്‍ശന- വിപണന മേള; മികച്ച സ്റ്റാളുകള്‍ക്ക് അവാര്‍ഡ്

എന്റെ കേരളം പ്രദര്‍ശന- വിപണന മേളയുടെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ സംസാരിക്കുന്നു

കല്‍പറ്റ: സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 7 മുതല്‍ 13 വരെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശനം- വിപണന മേളയില്‍ ഏറ്റവും മികച്ച രീതിയില്‍ സ്റ്റാള്‍ ക്രമീകരിക്കുന്ന മൂന്ന് വീതം സര്‍ക്കാര്‍ വകുപ്പുകള്‍ക്കും വിപണന സ്റ്റാളുകള്‍ക്കും അവാര്‍ഡ് നല്‍കും. ജില്ലയുടെ ചുമതല വഹിക്കുന്ന വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി ഹാളില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തിലാണ് തീരുമാനം. അവാര്‍ഡ് നിര്‍ണയത്തിനായി പ്രത്യേക ജൂറിയെ നിയോഗിക്കുകയും സമാപന പരിപാടിയില്‍ വെച്ച് മന്ത്രി അവാര്‍ഡ് നല്‍കുകയും ചെയ്യും. ഒരാഴ്ച നീളുന്ന മെഗാ എക്സിബിഷന്റെ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നാല്പത് സര്‍ക്കാര്‍ വകുപ്പുകളുടെ 85 സ്റ്റാളുകളും വ്യവസായ വകുപ്പിന്റെ നേതൃത്വത്തില്‍ സൂക്ഷ്മ- ഇടത്തരം സംരംഭങ്ങളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും 100 വിപണന സ്റ്റാളുകളുമാണ് മേളയില്‍ ഉണ്ടാകുക. കാര്‍ഷിക- ഭക്ഷ്യ മേളയും ഇതോടൊപ്പമുണ്ട്. പി.ആര്‍.ഡിയുടെ എന്റെ കേരളം ചിത്രീകരണം, കിഫ്ബിയുടെ പ്രദര്‍ശന പവലിയന്‍, ഐ.ടി വകുപ്പിന്റെ ടെക്‌നോ ഡെമോ ഏരിയ തുടങ്ങിയവയും ഉണ്ടാകും. എക്സ്പോയുടെ ഭാഗമായി നഗരിയില്‍ ഏഴ് ദിവസങ്ങളിലായി നടക്കുന്ന 10 സെമിനാറുകള്‍ക്കും ഒന്‍പത് കലാ- സാംസ്‌കാരിക പരിപാടികള്‍ക്കും യോഗം അന്തിമ രൂപം നല്‍കി. ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ മുഴുവന്‍ സര്‍ക്കാര്‍ വകുപ്പുകളുടെയും സഹകരണത്തോടെ നടത്തുന്ന മേളയിലും കലാപരിപാടികല്‍ും പ്രവേശനം സൗജന്യമായിരിക്കും. പ്രദര്‍ശനത്തിനു വേണ്ട പന്തല്‍ ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കുന്നത് കിഫ്ബിയാണ്. എല്ലാ ദിവസവും വൈകീട്ട് നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികള്‍ മേളയ്ക്ക് കൊഴുപ്പേകും. യോഗത്തില്‍ ജില്ലാ കളക്ടര്‍ എ. ഗീത, ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ ഷാജു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. മുഹമ്മദ്, ബന്ധപ്പെട്ട വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, വിവിധ സബ് കമ്മിറ്റികളുടെ കണ്‍വീനര്‍മാര്‍, കിഫ്ബിക്കു വേണ്ടി അടിസ്ഥാന സൗകര്യം ഒരുക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രതിനിധികള്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles