നിറച്ചാര്‍ത്തില്ലാതെ ശില്‍പിയുടെ ജീവിതം

ബി പ്രദീപ് ശില്‍പനിര്‍മ്മാണത്തിനിടെ

മാനന്തവാടി: 30 വര്‍ഷമായി കരകൗശല നിര്‍മ്മാണ രംഗത്ത് സജീവമാണ് മാനന്തവാടി ഒണ്ടയങ്ങാടി താഴെ വീട്ടില്‍ ബി പ്രദീപ്. ശ്രീദേവി ഹാന്‍ഡി ക്രാഫ്റ്റ് എന്ന പേരിലാണ് കരകൗശല വില്‍പ്പനശാല വര്‍ഷങ്ങള്‍ക്ക് മുമ്പ് നടത്തിയിരുന്നത്. കേരളത്തിലുടനീളം കരകൗശല പ്രദര്‍ശനങ്ങള്‍ നടത്തി ഏറെ ശ്രദ്ധ പിടിച്ച് പറ്റുകയും ചെയ്തിരുന്നു. ഇതില്‍ നിന്നുള്ള വരുമാനമായിരുന്നു കുടുംബത്തിന്റെ എക ഉപജീവന മാര്‍ഗ്ഗം. എന്നാല്‍ കോവിഡ് എന്ന മഹാമാരി ജീവിതവഴിയില്‍ തിരിച്ചടിയായി. കോവിഡിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ആരും തന്നെ അലങ്കാര വസ്തുക്കള്‍ക്കായി പ്രദീപിനെ സമീപിച്ചില്ല. ശില്‍പ്പങ്ങള്‍ നിര്‍മ്മിക്കാനായി എത്തിച്ച 60000 രൂപയുടെ അസംസ്‌കൃത വസ്തുക്കള്‍ ചിതലെടുത്ത് നശിക്കുകയും ചെയ്തു. ശില്‍പ്പ നിര്‍മ്മാണത്തിനായി ഉണ്ടാക്കിയിരുന്ന ഷെഡ്ഡും പൂര്‍ണ്ണമായി തകര്‍ന്നു. ഡയാലിസിസ് രോഗിയായ ഭാര്യയുടെ ചികിത്സാ ചിലവിന് പോലും പണം കണ്ടെത്താന്‍ കഴിയാതായത് പ്രദീപിനെയും കുടുംബത്തെയും മാനസികമായി തളര്‍ത്തി. ഈട്ടി തടിയില്‍ തീര്‍ത്ത അവസാനത്തെ അത്താഴവും, പാരിജാതത്തില്‍ വിരിഞ്ഞ അമ്മയും കുഞ്ഞുമെല്ലാം പ്രദീപിന്റെ കരവിരുതില്‍ ജീവന്‍ തുടിക്കുന്ന ശില്‍പ്പങ്ങളായി പ്രദര്‍ശന വിപണനമേളകളില്‍ ഏറെ പ്രശംസ പിടിച്ച് പറ്റിയവയായിരുന്നു. 300 ഓളം കവിതകള്‍ രചിക്കുകയും, നാടകങ്ങള്‍ എഴുതുകയും ചെയ്തിട്ടുള്ള പ്രദീപ് നാടന്‍പാട്ട് കലാകാരന്‍ കൂടിയാണ്.നിരവധി പുരസ്‌ക്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. മാനന്തവാടിയില്‍ 120 പേരങ്ങെുന്ന കിഡ്‌നീ രോഗി പരിചരണം കൂട്ടായ്മയുടെ അഡ്മിന്‍ കൂടിയായ പ്രദീപ് ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്ത് ഇരുന്നാണ് സാമൂഹ്യ സേവനത്തിനിടയിലും ജിവിത മാര്‍ഗ്ഗം കണ്ടെത്തുന്നത്. താലൂക്കിലെ നിരവധി ഡയാലിസിസ് രോഗികള്‍ക്ക് താങ്ങും തണലുമാണ് ഈ കലാകാരന്‍. ജീവിത സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രദീപ് കവിത പൊഴിയും ശില്‍പ്പങ്ങള്‍ തീര്‍ക്കുന്നത്.

Leave a Reply

Your email address will not be published.

Social profiles