ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസ്സും നാളെ കമ്പളക്കാട്ട്

ഇമ്പിച്ചിക്കോയ മുസ്‌ല്യാര്‍

കമ്പളക്കാട്: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ട്രഷറര്‍, വയനാട് ജില്ലാ പ്രസിഡന്റ് തുടങ്ങിയ പദവികളില്‍ പതിറ്റാണ്ടുകള്‍ സേവനം ചെയ്ത എം.എം.ഇമ്പിച്ചിക്കോയ മുസ്‌ലിയാരുടെ വിയോഗത്തിന് ഒരാണ്ട് തികഞ്ഞു. കഴിഞ്ഞ റംസാന്‍ 24നായിരുന്നു മുസ്‌ലിയാരുടെ മരണം. ജില്ലയില്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ദീനീ സ്ഥാപനങ്ങളുടെയും മുഴുവന്‍ ചലനങ്ങളിലും തന്റേതായ വ്യക്തിമുദ്ര ചാര്‍ത്തിയാണ് ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വിടപറഞ്ഞത്. പാണ്ഡിത്യത്തിന്റെ ഗരിമയോ വഹിക്കുന്ന സ്ഥാനമാനങ്ങളുടെ ഗര്‍വോ കാണിക്കാതെ എസ്.ബി.വി മുതല്‍ സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ചെറുതും വലുതുമായ മുഴുവന്‍ പരിപാടികളില്‍ സംബന്ധിക്കാനും ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും ഒരു വൈമനസ്യവും പ്രകടിപ്പിക്കാതിരുന്ന അദ്ദേഹം സംഘടനാപ്രവര്‍ത്തകര്‍ക്കും മുഅല്ലിം സമൂഹത്തിനും മാതൃകാപുരുഷനായിരുന്നു. നാല് പതിറ്റാണ്ടോളം കമ്പളക്കാട് മദ്രസ്സത്തുല്‍ അന്‍സാരിയ്യയില്‍ സ്വദ്ര്‍ മുഅല്ലിമായി സേവനം ചെയ്ത ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ ഒരു പ്രദേശത്തിന്റെ തലമുറകളുടെ പിതൃതുല്യ ഗുരുവര്യരാണ്. ഒന്നാം ആണ്ടിനോടനുബന്ധിച്ച് നാളെ വൈകിട്ട് 3.30നു ജില്ലാ ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ നേതൃത്വത്തില്‍ അനുസ്മരണവും പ്രാര്‍ഥനാസദസ്സും നടക്കും. അസ്ര്‍ നിസ്‌കാരാനന്തരം കമ്പളക്കാട് പള്ളിമുക്കിലെ ഖബ്‌റിസ്ഥാനില്‍ നടത്തുന്ന സിയാറത്തിന് സയ്യിദ് അഹമ്മദ് ജിഫ്‌രി തങ്ങള്‍ ചേളാരി നേതൃത്വം നല്‍കും. തുടര്‍ന്ന് മുല്ല ഹാജി മദ്രസയില്‍ നടക്കുന്ന അനുസ്മരണ സംഗമം സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി.ഹംസ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് ഫൈസി പനമരം അനുസ്മരണ പ്രഭാഷണം നടത്തും. തസ്‌കിയത്ത് സെഷനില്‍ ‘വിട പറയുന്ന റംസാന്‍’ എന്ന വിഷയത്തില്‍ ഷൗഖത്തലി വെള്ളമുണ്ട പ്രസംഗിക്കും. സമസ്തയുടേയും പോഷകഘടകങ്ങളുടേയും ജില്ലാ നേതാക്കളായ എസ്.മുഹമ്മദ് ദാരിമി, കെ.കെ.അഹ്‌മദ് ഹാജി, പി.സി.ഇബ്രാഹിം ഹാജി, പോള ഇബ്രാഹിം ദാരിമി, ഇബ്രാഹിം ഫൈസി പേരാല്‍, സൈനുല്‍ ആബിദ് ദാരിമി, ഹാരിസ് ബാഖവി കമ്പളക്കാട്, ഇബ്രാഹിം മാസ്റ്റര്‍ കൂളിവയല്‍,എം.കെ.ഇബ്രാഹിം മൗലവി, കെ.മുഹമ്മദുകുട്ടി ഹസനി, കെ.എ.നാസര്‍ മൗലവി, മുജീബ് ഫൈസി കമ്പളക്കാട്, മൊയ്തീന്‍ കുട്ടി യമാനി, അബ്ദുല്ലത്തീഫ് വാഫി, അബ്ബാസ് വാഫി, റേഞ്ച് പ്രസിഡന്റ് ടി.വി.അബ്ദുറഹ്‌മാന്‍ ഫൈസി, ട്രഷറര്‍ പി.ടി.അഷ്‌റഫ് ഹാജി , കെ.കെ.എം.ഹനീഫല്‍ ഫൈസി, പി.സി.മൊയ്തു ദാരിമി, മുസ്തഫ ഫൈസി ഗൂഡല്ലൂര്‍, ആഷിഖ് ഹൈതമി, കാവുങ്ങല്‍ മൊയ്തുട്ടി, ഇ.ടി.ഹംസ ഹാജി, കെ.എം.ഫൈസല്‍, കെ.ടി.റസാഖ്, കെ.സി.കുഞ്ഞമ്മദ് ഹാജി, വി.പി.ഷുക്കൂര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഷാഹുല്‍ ഹമീദ് തങ്ങള്‍ നേതൃത്വം നല്‍കും.

Leave a Reply

Your email address will not be published.

Social profiles