ഇ.എഫ്.എല്‍: തര്‍ക്ക പരിഹാര സമിതി പരിശോധന ആരംഭിച്ചു

കുന്നത്തിടവക വില്ലേജില്‍ ഇ.എഫ്.എല്‍ തര്‍ക്ക പരിഹാര സമിതി പരിശോധന നടത്തുന്നു.

കല്‍പറ്റ: പരിസ്ഥിതി ദുര്‍ബല ഭൂമിയായി(ഇ.എഫ്.എല്‍) വനം വകുപ്പ് ഏകപക്ഷീയമായി പ്രഖ്യാപിച്ച സ്വകാര്യ ഭൂമികളില്‍ തര്‍ക്ക പരിഹാര സമിതിയുടെ പരിശോധന തുടങ്ങി. സ്ഥലം ഉടമകള്‍ വര്‍ഷങ്ങള്‍ മുമ്പു നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. നിയോജക മണ്ഡലം എം.എല്‍.എ ടി.സിദ്ദീഖിന്റെ ഇടപെടലാണ് കെട്ടിക്കിടന്ന അപേക്ഷകളില്‍ പരിശോധനയ്ക്കു വഴിയൊരുക്കിയത്. കുന്നത്തിടവക വില്ലേജില്‍ 187, 200 സര്‍വേ നമ്പറുകളില്‍പ്പെട്ട 13 പ്ലോട്ടുകളാണ് പരിശോധിക്കുന്നത്. ഇ.എഫ്.എല്‍ തര്‍ക്ക പരിഹാര സമിതി ചെയര്‍പേഴ്‌സണും സൗത്ത് വയനാട് ഡി.എഫ്.ഒയുമായ സജ്‌ന കരീം, മാനന്തവാടി ആര്‍.ഡി.ഒ ശ്രീലക്ഷ്മി,
വൈത്തിരി പഞ്ചായത്ത് പ്രസിഡന്റ് എം.വി.വിജേഷ്, ജില്ലാ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് സ്ഥല പരിശോധന നടത്തുന്ന സംഘം. പരിശോധനയ്ക്കു മുന്നോടിയായി ലക്കിടി ഗവ.യു.പി സ്‌കൂളില്‍ എം.എല്‍.എയുടെ സാന്നിധ്യത്തില്‍ പരാതിക്കാരായ സ്ഥലം ഉടമകളുടെയും മറ്റു കര്‍ഷകരുടെയും യോഗം ചേര്‍ന്നിരുന്നു.

Leave a Reply

Your email address will not be published.

Social profiles