കെന്‍സ വെല്‍നെസ് സെന്റര്‍: വയനാട് മഞ്ഞൂറയിലെ
കെട്ടിടങ്ങളുടെ ഉയര പരിശോധന നടന്നില്ല

വയനാട് ഡി.ഡി.എം.എ സംഘം തരിയോട് മഞ്ഞൂറയില്‍ കെട്ടിട പരിശോധനയ്‌ക്കെത്തിയപ്പോള്‍.

കല്‍പറ്റ-കെന്‍സ ഹോള്‍ഡിംഗ്‌സ് വയനാട്ടിലെ തരിയോട് മഞ്ഞൂറയില്‍ കെന്‍സ വെല്‍നെസ് സെന്ററിനായി നിര്‍മിച്ച ബഹുനില കെട്ടിടങ്ങളുടെ ഉയരപരിശോധന ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കു(ഡി.ഡി.എം.എ) നടത്താനായില്ല. ഉയരം കൃത്യമായി കണക്കാക്കാന്‍ കഴിയാത്ത വിധം പ്രധാന കെട്ടിടത്തിന്റെ താഴത്തെ ഭാഗം മൂടിയ നിലയിലായിരുന്നതാണ് പരിശോധനയ്ക്കു വിഘാതമായത്. കെട്ടിടങ്ങളുടെ നിര്‍മാണത്തില്‍ നിയമലംഘനം നടന്നതായി പശ്ചിമഘട്ട സംരക്ഷണ സമിതി നേരത്തേ ഡി.ഡി.എം.എ ചെയര്‍പേഴ്‌സണുമായ കലക്ടര്‍ക്കു പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ നിയോഗിച്ച വിദഗ്ധസമിതി കെട്ടിടങ്ങള്‍ പരിശോധിച്ച് നിയമലംഘനം നടന്നതായി റിപ്പോര്‍ട്ടും നല്‍കി. ഇതിനിടെ പശ്ചിമഘട്ട സംരക്ഷണ സമിതിയുടെ ഹരജിയില്‍ കെട്ടിടങ്ങളുടെ നിര്‍മാണം സംബന്ധിച്ചു ഹൈക്കോടതി ഡി.ഡി.എം.എയുടെ റിപ്പോര്‍ട്ട് തേടി. ഈ സാഹചര്യത്തിലാണ് ഡി.ഡി.എം.അതോറിറ്റിയിലെ മുഴുവന്‍ അംഗങ്ങളുടെയും സാന്നിധ്യത്തില്‍ 28നു കെട്ടിടങ്ങളുടെ ഉയര പരിശോധന നിശ്ചയിച്ചത്.
ചെയര്‍പേഴ്‌സണ്‍ എ.ഗീത, സഹ ചെയര്‍മാനുമായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ജില്ലാ പോലീസ് മേധാവി ഡോ.അരവിന്ദ് സുകുമാര്‍, എ.ഡി.എം എന്‍.ഐ.ഷാജു, ജില്ലാ ഫയര്‍ ഓഫീസര്‍, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍, ജില്ലാ ടൗണ്‍ പ്ലാനര്‍, ജിയോളജിസ്റ്റ്, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എന്നിവരടങ്ങുന്ന സംഘം ഉച്ചകഴിഞ്ഞു മൂന്നോടെയാണ് മഞ്ഞൂറയില്‍ എത്തിയത്. നിര്‍ദേശം ലഭിച്ചതനുസരിച്ചു പശ്ചിമഘട്ട സംരക്ഷണ സമിതി ഭാരവാഹികളായ വര്‍ഗീസ് വട്ടേക്കാട്ടില്‍, പി.സി.സുരേഷ്, സൈമണ്‍ അമ്പലവയല്‍, ആനന്ദ് ബഷീര്‍ ജോണ്‍, കൃഷ്ണന്‍കുട്ടി കല്‍പറ്റ, എ.എന്‍.സലിംകുമാര്‍ എന്നിവരും മഞ്ഞുറയില്‍ എത്തിയിരുന്നു.
തരിയോട് പഞ്ചായത്തില്‍ പുതുതായി നിര്‍മിക്കാവുന്ന കെട്ടിടങ്ങളുടെ പരമാവധി ഉയരം പത്തു മീറ്ററാണ്. എന്നാല്‍ കെന്‍സ വെല്‍നസ് സെന്ററിനായി നിര്‍മിച്ച പ്രധാന കെട്ടിടത്തിന് 15 മീറ്ററിലധികം ഉയരമുണ്ടെന്നാണ് വിദഗ്ധ സമിതി നേരത്തേ കണ്ടെത്തിയത്. ഡി.ഡി.എം.എ സന്ദര്‍ശനത്തിനു മുന്നോടിയായി കെട്ടിടത്തിന്റെ താഴത്തെ നില പുര്‍ണമായും മണ്ണിട്ടു മൂടിയിരുന്നു. മണ്ണിനുമുകളില്‍ ഇന്റര്‍ലോക് കട്ടകള്‍ പാകുകയും പുല്‍ത്തകിടി പിടിപ്പിക്കുകയും ചെയ്തിരുന്നു. മണ്ണിനു മുകളില്‍ കെട്ടിടത്തിനു ഒമ്പതു മീറ്റര്‍ ചുവടെയാണ് ഉയരമെന്നാണ് ഡി.ഡി.എം.എ സംഘത്തിനു മുന്നില്‍ കെന്‍സ ഹോള്‍ഡിംഗ്‌സ് പ്രതിനിധികള്‍ വാദിച്ചത്. എന്നാല്‍ കലക്ടര്‍ ഉള്‍പ്പെടെ സംഘാംഗങ്ങള്‍ ഇതു അംഗീകരിച്ചില്ല. ദുരന്ത നിവാരണ നിയമം അനുസരിച്ച് കെട്ടിടത്തിന്റെ തറ മുതലുള്ള ഉയരമാണ് കണക്കാക്കേണ്ടതന്നു എന്ന് ഇവര്‍ വ്യക്തമാക്കി. ഇതിനിടെ, കെട്ടിടത്തിന് ഹൈക്കോടതി നിര്‍ദേശ പ്രകാരം നമ്പര്‍ അനുവദിച്ചതായി തരിയോട് പഞ്ചായത്ത് സെക്രട്ടറി വെളിപ്പെടുത്തിയത് നാടകീയ രംഗങ്ങള്‍ക്കിടയാക്കി. കോടതി ഇത്തരത്തില്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നു കലക്ടര്‍ ചൂണ്ടിക്കാട്ടിയെങ്കിലും സെക്രട്ടറി കെട്ടിടം ഉടമകളെ ന്യായീകരിച്ച് വീണ്ടും തര്‍ക്കത്തിലേര്‍പ്പെട്ടു. പഞ്ചായത്തിനു തോന്നിയ പോലെ തീരുമാനെടുക്കാനാണെങ്കില്‍ ഡി.ഡി.എം.എ സന്ദര്‍ശനത്തിന്റെ ആവശ്യമെന്തെന്ന് കലക്ടര്‍ ക്ഷുഭിതയായി ചോദിച്ചു.
ദുരന്തനിവാരണ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുമാത്രമേ കെട്ടിടങ്ങളുടെ കാര്യത്തില്‍ ഡി.ഡി.എം.എ അന്തിമ തീരുമാനമെടുക്കൂവെന്നു കലക്ടര്‍ പിന്നീട് മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു. നിയമ ലംഘനങ്ങളും അതു മറച്ചു വെക്കാനുള്ള ശ്രമവും ബോധ്യപ്പെട്ടതായി ജില്ലാ പഞ്ചായത്തു പ്രസിഡന്റ് സംഷാദ് മരക്കാര്‍ പറഞ്ഞു.
കെട്ടിട സന്ദര്‍ശത്തിനുശേഷം തരിയോട് പഞ്ചായത്ത് ഓഫീസില്‍ നടന്ന ഡി.ഡി.എം.എ യോഗത്തില്‍ കെട്ടിടത്തിനു നമ്പര്‍ നല്‍കാനുള്ള പഞ്ചായത്ത് സെക്രട്ടറിയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ചു. സംഘത്തിലുണ്ടായിരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരോടു പ്രത്യേകം റിപ്പോര്‍ട്ടുകള്‍ നല്‍കാന്‍ കലക്ടര്‍ ആവശ്യപ്പെട്ടു. ഈ റിപ്പോര്‍ട്ടുകള്‍ ലഭിച്ചതിനുശേഷം ഹൈക്കോടതിക്കു വിശദമായ റിപ്പോര്‍ട്ട് നല്‍കും.

0Shares

Leave a Reply

Your email address will not be published.

Social profiles