ഷീബാ അമീറിന് കര്‍മ്മ പുരസ്‌കാരം

ഷീബാ അമീര്‍

കല്‍പറ്റ: എം.കെ.ആര്‍ ഫൗണ്ടേഷന്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കായി ഏര്‍പ്പെടുത്തിയ 2021 -22 വര്‍ഷത്തെ കര്‍മ്മ പുരസ്‌കാരം സൊലേസ് സ്ഥാപക ഷീബാ അമീറിന്. അവാര്‍ഡ് നിര്‍ണയ സമിതി ചെയര്‍മാന്‍ എം.ടി വാസുദേവന്‍ നായരാണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യമറിയിച്ചത്. ഒരുലക്ഷം രൂപയാണ് അവാര്‍ഡ് തുക. ചെറുതുരുത്തി റിവര്‍ റി ട്രീറ്റില്‍ വെച്ച് അവാര്‍ഡ് പിന്നീട് സമ്മാനിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അച്ചു ഉള്ളാട്ടില്‍ അറിയിച്ചു. കോട്ടക്കലിലെ സാമൂഹ്യസേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലീന ഗ്രൂപ്പ് ചെയര്‍മാന്‍ എം കെ പി രാമനുണ്ണിയുടെ (മനു കുട്ടന്‍ നായര്‍) സ്മരണക്കായി എം കെ ആര്‍ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയതാണ് പുരസ്‌കാരം.
മകള്‍ പതിനെട്ടാം വയസ്സില്‍ ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് മരണപ്പെട്ടതിന് ശേഷമാണ് ഷീബ മുഴുസമയ സാമൂഹ്യപ്രവര്‍ത്തനങ്ങളിലേക്ക് തിരിയുന്നത്. തൃശ്ശൂര്‍ തന്റെ ജന്മനാട്ടില്‍ തന്നെ സൊലേസ് എന്ന പേരില്‍ 18 വയസ്സിന് താഴെയുള്ള കിടപ്പു രോഗികളും മാറാരോഗികളായ കുഞ്ഞുങ്ങള്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളോടെയായിരുന്നു തുടക്കം. ഇന്ന് സൊലേസ് പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലും, ഇന്ത്യയ്ക്ക് പുറത്തും പടര്‍ന്നു പന്തലിച്ചു കിടക്കുകയാണ്. വയനാട് ജില്ലയിലും ഷീബ അമീര്‍ നേതൃത്വത്തില്‍ 48 കിടപ്പു രോഗികളായ കുഞ്ഞുങ്ങളെ പരിചരിച്ചുപോരുന്നുണ്ട്.

Leave a Reply

Your email address will not be published.

Social profiles