വയനാട്ടില്‍ സര്‍ഫാസി-ജപ്തി നടപടികള്‍ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്:
ലീഡ് ബാങ്കിനു മുന്നില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ ഉപവാസം നടത്തി

വയനാട് ഡി.സി.സിയുടെ നേതൃത്വത്തില്‍ കല്‍പറ്റയില്‍ ലീഡ് ബാങ്കിനു മുന്നില്‍ നടത്തിയ ഉപവാസം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ-വായ്പ കുടിശ്ശികയാക്കിയ കര്‍ഷകര്‍ക്കെതിരെ ബാങ്കുകള്‍ സ്വീകരിക്കുന്ന സര്‍ഫാസി-ജപ്തി നടപടികള്‍ പ്രതിരോധിക്കുന്നതിനു കോണ്‍ഗ്രസ് വയനാട് ജില്ലാ നേതൃത്വം രംഗത്ത്. വായ്പയ്ക്കായി കര്‍ഷകര്‍ ഈടുനല്‍കിയ വസ്തുക്കള്‍ സര്‍ഫാസി നിയമപ്രകാരവും റവന്യൂ റിക്കവറി നടപടികളിലൂടെയും ബാങ്കുകള്‍ പിടിച്ചെടുക്കുന്നതു തുടര്‍ച്ചയായ സമരങ്ങളിലൂടെ തടയാനാണ് പാര്‍്ട്ടി ജില്ലാ നേതൃത്വത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഇന്നലെ ഡി.സി.സിയുടെ നേതൃത്വത്തില്‍ ലീഡ് ബാങ്കിനു മുന്നില്‍ ഉപവാസം നടത്തി. മൂന്നിന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 35 ബാങ്ക് ശാഖകള്‍ക്കു മുന്നില്‍ ധര്‍ണ നടത്തും. കര്‍ഷകരെ സംരക്ഷിക്കണമെന്നു ആവശ്യപ്പെട്ടു പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, സംസ്ഥാന മുഖ്യമന്ത്രി എന്നിവര്‍ക്ക് അര ലക്ഷം കത്തുകള്‍ അയയ്ക്കും. ഇതിന്റെ ജില്ലാതല ഉദ്ഘാടനം 10നു കല്‍പറ്റ പോസ്റ്റ് ഓഫീസിനു മുന്നില്‍ നടത്തും. 14നു ജില്ലയിലെ മുഴുവന്‍ പോസ്റ്റ് ഓഫീസുകളില്‍നിന്നും കത്തുകള്‍ അയയ്ക്കും. തുടര്‍ന്ന് മണ്ഡലംതലത്തില്‍ ജപ്തി പ്രതിരോധ സേന രൂപീകരിക്കും.
ലീഡ് ബാങ്കിനു മുന്നിലെ ഉപവാസം കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ കര്‍ഷകരെ തെരുവാധാരമാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ലെന്നു അദ്ദേഹം പറഞ്ഞു. 2018, ’19 വര്‍ഷങ്ങളിലെ പ്രളയം, കോവിഡ്, ലോക്ഡൗണ്‍, വിളകളുടെ ഉല്‍പാദന-വില തകര്‍ച്ച എന്നിങ്ങനെ നിരവധി പ്രതിസന്ധികളെയാണ് കൃഷിക്കാര്‍ നേരിട്ടത്. കര്‍ഷകര്‍ അതിജീവനത്തിനായി പോരാടുമ്പോള്‍ ആത്മവിശ്വാസം നല്‍കേണ്ടതിനുപകരം അവരെ തെരുവിലേക്ക് തള്ളാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകര്‍ നേരിടുന്നത് ചെറിയ വെല്ലുവിളിയില്ല. നിരവധിയാളുകള്‍ക്കാണ് സര്‍ഫാസി നിയമം അനുസരിച്ചു നോട്ടീസ് ലഭിച്ചത്. ഇവരെല്ലാം കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. എന്നിട്ടും സര്‍ക്കാര്‍ കൈയുംകെട്ടി നില്‍ക്കുകയാണ്. നിയമസഭയില്‍ ആറ് തവണ കര്‍ഷകരുടെ പ്രശ്നങ്ങള്‍ ഉന്നയിച്ചെങ്കിലും നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ല. കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനോ പലിശരഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനോ സര്‍ക്കാര്‍ തയാറാകണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.കെ.അബ്രഹാം, നേതാക്കളായ പി.കെ.ജയലക്ഷ്മി, എന്‍.കെ.വര്‍ഗീസ്, ടി.ജെ.ഐസക്, പി.പി.ആലി, വി.എ. മജീദ്, കെ.വി.പോക്കര്‍ ഹാജി, ഒ.വി.അപ്പച്ചന്‍, എം.എ.ജോസഫ്, മംഗലശേരി മാധവന്‍ , എന്‍.എം.വിജയന്‍, എച്ച്.ബി.പ്രദീപ്, എം.ജി.ബിജു, കെ.ഇ.വിനയന്‍, ബിനു തോമസ്, നിസി അഹമ്മദ്, ചിന്നമ്മ ജോസ്, മോയിന്‍ കടവന്‍, എന്‍.സി.കൃഷ്ണകുമാര്‍, ജി. വിജയമ്മ, പി.ശോഭനകുമാരി, പി.കെ.അബ്ദുറഹിമാന്‍, എടക്കല്‍ മോഹനന്‍, പി.വി. ജോര്‍ജ്, മാണി ഫ്രാന്‍സിസ്, ഉമ്മര്‍ കുണ്ടാട്ടില്‍, വി.വി.നാരായണ വാര്യര്‍, അമല്‍ ജോയ് എന്നിവര്‍ പ്രസംഗിച്ചു.

0Shares

Leave a Reply

Your email address will not be published.

Social profiles