കോണ്‍ഗ്രസിനു ക്ഷീണമായതു താഴ്ത്തട്ടിലെ പ്രവര്‍ത്തനരാഹിത്യം-കെ.സുധാകരന്‍ എം.പി

കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രത്യേക കണ്‍വന്‍ഷന്‍ കല്‍പറ്റയില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി ഉദ്ഘാടനം ചെയ്യുന്നു.

കല്‍പറ്റ: കോണ്‍ഗ്രസിനെ ക്ഷീണിപ്പിച്ചതു താഴ്ത്തട്ടിലെ പ്രവര്‍ത്തനരാഹിത്യമെന്നു കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ പാര്‍ട്ടി വയനാട് ജില്ലാ പ്രത്യേക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനുണ്ടായ ക്ഷീണത്തിനു എല്ലാ തലങ്ങൡലുമുള്ള നേതാക്കള്‍ ഉത്തരവാദികളാണ്. ജനങ്ങളിലേക്ക് കടന്നുചെന്ന് അവരുടെ സേവകരായി മാറാന്‍ പ്രവര്‍ത്തകര്‍ സന്നദ്ധരായാല്‍ മാത്രമേ പഴയ പ്രതാപം വീണ്ടെടുക്കാന്‍ പാര്‍ട്ടിക്കു കഴിയൂ. അതിനായാണ് യൂനിറ്റ് കമ്മിറ്റികളുടെ രൂപീകരണവുമായി പാര്‍ട്ടി മുന്നോട്ടുപോകുന്നത്. വൈവിധ്യങ്ങളെയും വൈരുദ്ധ്യങ്ങളെയും കോര്‍ത്തിണക്കി രാജ്യത്തെ ഒറ്റക്കെട്ടായി
മുന്നോട്ടുകൊണ്ടുപോകുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചന്‍ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്തു കാര്‍ഷിക മേഖല പരിതാപകരമായ അവസ്ഥയിയിലാണെന്നു അദ്ദേഹം പറഞ്ഞു. വന്യമൃഗശല്യവും, വിളകളുടെ വിലത്തകര്‍ച്ചയും, ഇ.എഫ്.എല്‍ പോലുള്ള നിയമങ്ങളും കര്‍ഷകരെ കണ്ണീരിലാഴ്ത്തുകയാണ്. കൃഷിക്കാര്‍ക്കു തക്കതായ നഷ്ടപരിഹാരം നല്‍കാന്‍പോലും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ല. അതിനിടയിലാണ് ധനകാര്യ സ്ഥാപനങ്ങള്‍ ജപ്തി-സര്‍ഫാസി നടപടികളുമായി വരുന്നത്. എക്കാലത്തും കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. കൃഷിക്കാര്‍ക്കായി സഭയ്ക്കകത്തും പുറത്തും പോരാടാന്‍ പാര്‍ട്ടി ഉണ്ടാകും.
കെ റെയിലിന്റെ ദൂഷ്യം അതു കടന്നുപോകുന്ന സ്ഥലങ്ങളില്‍ ഉള്ളവര്‍ മാത്രമല്ല, കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കേണ്ടിവരും. കേരളത്തെ കിഴക്കും പടിഞ്ഞാറുമായി വിഭജിക്കുന്ന പദ്ധതിയാണ് കെ.റയില്‍. വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും അതു കാരണമാകും. കേരളത്തെ പദ്ധതി സാമ്പത്തികമായി തകര്‍ക്കുമെന്നും സതീശന്‍ പറഞ്ഞു.
കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദീഖ് എം.എല്‍.എ, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.എം.നിയാസ്, കെ.കെ.അബ്രഹാം, നേതാക്കളായ കെ.എല്‍.പൗലോസ്, പി.കെ.ജയലക്ഷ്മി, സി.പി.വര്‍ഗീസ്, ടി.ജെ. ഐസക്, എന്‍.കെ.വര്‍ഗീസ്, പി.പി.ആലി, കെ.വി.പോക്കര്‍ ഹാജി, വി.എ.മജീദ്, എം.ജി.ബിജു, നജീബ് കരണി, ഒ.വി.അപ്പച്ചന്‍, മംഗലശേരി മാധവന്‍, എം.എ.ജോസഫ്, എന്‍.എം.വിജയന്‍, പി.ഡി.സജി, ഡി.പി.രാജശേഖരന്‍, ചിന്നമ്മ ജോസ്, പി.ചന്ദ്രന്‍, ബിനു തോമസ്, എന്‍.സി.കൃഷ്ണകുമാര്‍, എടക്കല്‍ മോഹനന്‍, പി.വി.ജോര്‍ജ്, ജി.വിജയമ്മ, പി.ശോഭനകുമാരി, പോള്‍സണ്‍ കൂവക്കല്‍, ഉമ്മര്‍ കുണ്ടാട്ടില്‍, വി.വി.നാരായണ വാര്യര്‍, കമ്മന മോഹനന്‍, മാണി ഫ്രാന്‍സീസ് എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.

Social profiles