പകല്‍ ബി.ജെ.പി വിരോധം പറയുന്ന സി.പി.എം രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുന്നു-വി.ഡി.സതീശന്‍

ല്‍പറ്റയില്‍ കോണ്‍ഗ്രസ് വയനാട് ജില്ലാ പ്രത്യേക കണ്‍വന്‍ഷനില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പ്രസംഗിക്കുന്നു.

കല്‍പറ്റ: പകല്‍ ബി.ജെ.പി വിരോധം പറയുന്ന സി.പി.എം രാത്രി സംഘപരിവാറുമായി സന്ധി ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കല്‍പറ്റയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിനെ തകര്‍ത്ത് ബി.ജെ.പിയെ സഹായിക്കുകയെന്ന നിലപാടാണ് കണ്ണൂരില്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ സി.പി.എം സ്വീകരിച്ചത്. ആ നിലപാടിന് നേതൃത്വം നല്‍കിയതു പിണറായി വിജയനാണ്. സംഘപരിവാറുമായുള്ള സി.പി.എം ബന്ധത്തിനു ഇടനിലക്കാരുണ്ട്. ഗുജറാത്ത്, കേരള സര്‍ക്കാരുകള്‍ തമ്മില്‍ ബന്ധമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ഇത് സി.പി.എമ്മിന്റെ ബി.ജെ.പി-സംഘപരിവാര്‍ ബന്ധത്തിനു തെളിവാണ്. സംസ്ഥാനത്തു സി.പി.എം നടത്തുന്നത് ബി.ജെ.പിയുടെ സഹായത്തോടെ ഭരണം നിലനിര്‍ത്താനുള്ള ഇടപാടുകളാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ജനാധിപത്യ മതേതരസഖ്യത്തില്‍ ഇല്ലെന്ന് സി.പി.എം പരസ്യമായി പ്രഖ്യാപിക്കുന്നത് ബി.ജെ.പിയെ സഹായിക്കുന്നതിനാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാകേണ്ടത് ബി.ജെ.പിയുടേയും ആവശ്യമാണ്. സി.പി.എമ്മിന് ഭരണമുള്ള ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ ബി.ജെ.പി സഹായത്തോടെ ഭരണം നിലനിര്‍ത്താനാണ് സി.പി.എം ശ്രമം.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസില്ലാത്ത മുന്നേറ്റം സി.പി.എം ഒഴികെ പാര്‍ട്ടികള്‍ ചിന്തിക്കുന്നില്ല. സി.പി.എമ്മും ബി.ജെ.പിയും പൊതുധാരണയില്‍ പോകുകയാണ്. കെ റെയില്‍ വിരുദ്ധ സമരം തുടരുമ്പോള്‍ പദ്ധതി പ്രാവര്‍ത്തികമാക്കില്ലെന്നു പറയാന്‍ കേന്ദ്രം തയാറാകുന്നില്ല. സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് എങ്ങനെയായാലും സില്‍വര്‍ ലൈന്‍ കൊണ്ടുവരുമെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ അത് നടക്കില്ലെന്നു വ്യക്തമാക്കാനുള്ള തന്റേടം കേന്ദ്രം കാട്ടുന്നില്ല. എന്തിനാണ് സമരം ചെയ്യുന്നതെന്നു ബി.ജെ.പിക്കാര്‍ പറയണം. കെ റെയില്‍ സമരത്തിലും ഒളിച്ചുകളിയുണ്ട്. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടാല്‍ പദ്ധതി അംഗീകരിക്കുമെന്നാണ് ഇപ്പോള്‍ പറയുന്നത്. ഇത് ഒത്തുകളിയുടെ ഭാഗമാണ്. കേന്ദ്ര ഏജന്‍സികള്‍ രജിസ്റ്റര്‍ ചെയ്ത ഒരുപാട് കേസുകള്‍ പിണറായിക്കെതിരെയുണ്ട്. ആ കേസുകളൊക്കെ മരവിച്ച അവസ്ഥയിലാണ്. ലാവ്ലിന്‍ കേസ് 30 തവണയാണ് മാറ്റിവെച്ചത്. ഇടതുപക്ഷത്തിന്റെ മുഖ്യമന്ത്രിയെ പൂര്‍ണമായി സംരക്ഷിക്കുന്ന നിലപാടാണ് ഒരു ഭാഗത്ത് ബി.ജെ.പി സ്വീകരിക്കുന്നത്.
കണ്ണൂര്‍ നടാലില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തെ സി.പി.എം ഗുണ്ടകളെ വിട്ടാണ് നേരിട്ടത്. തല്ലുകൊള്ളതെ സൂക്ഷിക്കണമെന്നാണ് കോടിയേരി പറഞ്ഞത്. ഗുണ്ടാത്തലവന്റെ ഭാഷയാണ് സി.പി.എം സെക്രട്ടറിയുടേത്. നന്ദിഗ്രാമിലും പോലീസിനേയും ഗുണ്ടകളെയും വിട്ടു സമരക്കാരെ അടിച്ചൊതുക്കാനാണ് സി.പി.എം ശ്രമിച്ചത്. ഇവിടെ പോലീസിനെ വിട്ട് കരണത്തടിച്ചും നാഭിക്കു ചവിട്ടിയും മതിവരാഞ്ഞാണ് ഗുണ്ടകളെ ഇറക്കിയതെന്നും സതീശന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.

Social profiles