കോഴി ഫാമുകള്‍ തുടങ്ങാന്‍ അപേക്ഷ ക്ഷണിച്ചു

കല്‍പറ്റ: കേരള ചിക്കന്‍ പദ്ധതിയില്‍ കേരള ബാങ്ക് വായ്പ സഹായത്തോടെ കോഴി ഫാമുകള്‍ തുടങ്ങുന്നതിനായുള്ള അപേക്ഷഫോമും വിശദ വിവരങ്ങളും അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളില്‍ നിന്നും ലഭിക്കും. സ്വന്തമായി കോഴി ഫാമുകളുള്ള കര്‍ഷകര്‍ക്കാണ് മുന്‍ഗണന. തൊഴിലുറപ്പ് പദ്ധതിയില്‍ ഫാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമം പഞ്ചായത്തുകള്‍ പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് കേരള ബാങ്ക് വായ്പ ലഭ്യമാക്കും. അപേക്ഷ പരിശോധിച്ച് ബ്രഹ്മഗിരി വിദഗ്ധ സംഘം നല്‍കുന്ന ശിപാര്‍ശയ്ക്ക് അനുസരിച്ചായിരിക്കും കേരള ബാങ്ക് വായ്പ അനുവദിക്കുക. ഇതിനായി കര്‍ഷകര്‍-കേരളബാങ്ക്-ബ്രഹ്മഗിരി സംയുക്ത ധാരണാ പത്രം ഒപ്പിടും.
കോഴി ഇറച്ചി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ കേരള ചിക്കന്‍ പദ്ധതിയുടെ വിപുലീകരണത്തിനായാണ് കേരള ബാങ്ക് 51 കോടി വായ്പ നല്‍കുന്നത്. പദ്ധതി നിര്‍വഹണ ഏജന്‍സിയെന്ന നിലയില്‍ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ 2000 കോഴി ഫാമുകളാണ് വായ്പ സഹായത്തോടെ തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. 1000 കോഴികള്‍ വീതമുള്ള 1000 ഫാമുകള്‍ തുടങ്ങുന്നതിന് ഈടില്ലാതെ ഏഴ് ശതമാനം പരിശ നിരക്കില്‍ 1.5 ലക്ഷവും 2000 കോഴികള്‍ വീതമുള്ള 700 ഫാമുകള്‍ തുടങ്ങുന്നതിന് ഈടോടുകൂടി ഏഴ് ശതമാനം പലിശ നിരക്കില്‍ രണ്ട് ലക്ഷം വരേയും 8.5 ശതമാനം പലിശ നരക്കില്‍ രണ്ട് ലക്ഷം മുതല്‍ മൂന്ന് ലക്ഷം വരേയും വായ്പ ലഭിക്കും. 3000 കോഴികളുള്ള 300 ഫാമുകള്‍ക്ക് ഈടോടുകൂടി 8.5 ശതമാനം പലിശ നിരക്കില്‍ അഞ്ച് ലക്ഷം വരേയും വായ്പ ലഭിക്കും.

Leave a Reply

Your email address will not be published.

Social profiles