ഐഎന്‍എസ് കാബ്ര ടി 76 പടക്കപ്പല്‍ ആദ്യമായി അഴീക്കലില്‍

ഇന്ത്യന്‍ നാവിക സേനയുടെ പടക്കപ്പലായ ഐ എന്‍ എസ് കാബ്ര അഴീക്കല്‍ തുറമുഖത്ത് എത്തിയപ്പോള്‍

അഴീക്കല്‍(കണ്ണൂര്‍): ഇന്ത്യന്‍ നാവികസേനയുടെ പടക്കപ്പലായ ഐഎന്‍എസ് കാബ്ര ടി 76 ആദ്യമായി അഴീക്കല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ഇതാദ്യമായാണ് പടക്കപ്പല്‍ അഴീക്കല്‍ തുറമുഖത്ത് എത്തുന്നത്. ഇന്നലെ ഉച്ച 12 മണിയോടെയാണ് കപ്പെലത്തിയത്. ദക്ഷിണ കമാന്‍ഡിന്റെ കീഴിലുള്ള ഹൈഡ്രോജെറ്റ് വിഭാഗത്തിലെ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റായ ഐഎന്‍എസ് കാബ്ര ഇന്ത്യന്‍ നാവികസേനയുടെ അഭിമാനമാണ്. ക്യാപ്റ്റനും കമാന്‍ഡിംഗ് ഓഫീസറുമായ കമാന്‍ഡന്‍ഡ് സുശീല്‍ കുമാര്‍ സിംഗിന്റെ നേതൃത്വത്തില്‍ എത്തിയ പടക്കപ്പലിനെ കെ വി സുമേഷ് എം എല്‍ എ, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ അജീഷ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ അജിനേഷ് മാടങ്കര, പോര്‍ട്ട് ഓഫീസര്‍ പ്രതീഷ് ജി നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കപ്പലില്‍ അഞ്ച് ഓഫീസര്‍മാരും 42 സെയിലര്‍മാരുമാണുള്ളത്. കൊച്ചിയില്‍നിന്ന് അഴീക്കോട്ടെത്തിയ പടക്കപ്പല്‍ ഇന്ന് രാവിലെ 11 മണിയോടെ ഇവിടം വിട്ട് കാസര്‍കോട് ഭാഗത്തേക്ക് പട്രോളിംഗിനായി പോയി കൊച്ചിയിലേക്ക് മടങ്ങും. ലെഫ്. കമാന്‍ഡന്റ് ബി. ദത്താണ് കപ്പലിന്റെ സെക്കന്‍ഡ് കമാന്‍ഡിംഗ് ഓഫീസര്‍.
കൊച്ചി കേന്ദ്രീകരിച്ച് കേരള തീരത്ത് അറബിക്കടലില്‍ പതിവായി പട്രോളിംഗ് നടത്തുന്ന ഈ പടക്കപ്പല്‍ മത്സ്യത്തൊഴിലാളികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് അഴീക്കോട് പോലുള്ള ചെറുതുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. നേരത്തെ ബേപ്പൂര്‍, വിഴിഞ്ഞം, കൊല്ലം തുറമുഖങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ”മത്സ്യത്തൊഴിലാളികള്‍ നാവികസേനയുടെ കണ്ണും കാതുമാണ്”-അദ്ദേഹം പറഞ്ഞു. കടലില്‍ നേവിയുടെ നൂറുകണക്കിന് കപ്പലുകളുണ്ട്. എന്നാല്‍, ആയിരക്കണക്കിന് ബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികളുള്ളത്. അത്തരമൊരു ബോട്ടില്‍ ഒരു ആക്രമി വന്നാല്‍, ഏറ്റവും എളുപ്പത്തില്‍ തിരിച്ചറിയാന്‍ കഴിയുക മത്സ്യത്തൊഴിലാളികള്‍ക്കായിരിക്കും. നാവിക സേനയുടെ കരുത്താവേണ്ടവരാണ് മത്സ്യത്തൊഴിലാളികള്‍-അദ്ദേഹം പറഞ്ഞു. ഐ എന്‍ എസ് കാബ്ര വാട്ടര്‍ ജെറ്റ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കുന്നിടത്ത് പട്രോളിംഗ് നടത്തിയാല്‍പോലും വലകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നില്ല. 35 നോട്ട്സ് അഥവാ ഏകദേശം മണിക്കൂറില്‍ 65 കിലോ മീറ്ററാണ് ഈ കപ്പലിന്റെ വേഗത. കടല്‍ സുരക്ഷയ്ക്കായി മിനിറ്റില്‍ ആയിരം റൗണ്ട് വെടി വെക്കാന്‍ കഴിയുന്ന, ക്യാമറയുമായി ബന്ധിപ്പിച്ച 30 എംഎം തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കപ്പലിലുണ്ട്. ആഴക്കടലില്‍നിന്നുപോലും നാവിക സേനാ ആസ്ഥാനവുമായി ബന്ധപ്പെടാന്‍ കഴിയുന്ന കമ്യൂണിക്കേഷന്‍ സംവിധാനം ഇതിലുണ്ട്.

Leave a Reply

Your email address will not be published.

Social profiles