വയനാട്ടിലെ സ്വാതന്ത്ര്യ പോരാട്ടം: പഠനത്തിനു പ്രത്യേക സമിതിയെ നിയോഗിക്കണം-കുമ്മനം രാജശേഖരന്‍

കല്‍പറ്റ: വിദേശ അധിനിവേശത്തിനെതിരെ വയനാട്ടില്‍ നടന്ന പോരാട്ടങ്ങളെക്കുറിച്ചു വസ്തുനിഷ്ഠമായി പഠിക്കാന്‍ ചരിത്രകാരന്‍മാരും ഗവേഷകരും അടങ്ങുന്ന പ്രത്യേക സമിതിയെ സര്‍ക്കാര്‍ നിയോഗിക്കണമെന്നു ബി.ജെ.പി കേന്ദ്രസമിതിയംഗവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരന്‍. ജില്ലയുടെ എഴുതപ്പെട്ട ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ഒട്ടേറെ യാഥാര്‍ഥ്യങ്ങള്‍ തമസ്‌കരിക്കുകയോ വക്രീകരിക്കുകയോ അവഗണിക്കുകയോ ചെയ്തതായി കാണാമെന്നും പ്രസ്‌ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
വയനാടുമായി ബന്ധപ്പെട്ട ചരിത്ര യാഥാര്‍ഥ്യങ്ങള്‍ രേഖപ്പെടുത്തുന്നതിലും പ്രകാശനം ചെയ്യുന്നതിലും ചിരിത്രകാരന്‍മാരുടെ ഭാഗത്ത് ബോധപൂര്‍വമായ വീഴ്ച സംഭവിച്ചു. ചരിത്രത്തെ തമസ്‌കരിക്കുകയും വക്രീകരിക്കുകയും ചെയ്യുന്ന പ്രവണത കേരളത്തിലുണ്ട്. വയനാടിന്റെ യഥാര്‍ഥ സമരചരിത്രം സ്വാതന്ത്ര്യത്തിന്റെ പൊതുജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കേണ്ടതുണ്ട്. വൈദേശിക മേധാവിത്തത്തിനെതിരെ നിരന്തരവും ശക്തവുമായ ചെറുത്തുനില്‍പ്പും മുന്നേങ്ങളും നടന്ന പ്രദേശമാണ് വയനാട്. പക്ഷേ, അതിനു മതിയായ മാന്യതയും അംഗീകാരവും നല്‍കാന്‍ അധികാരതലങ്ങളില്‍ നീക്കമില്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പഴശ്ശിരാജാ നടത്തിയ ഐതിഹാസികമായ സമരങ്ങള്‍ ഏതൊരു ദേശസ്‌നേഹിയെയും അഭിമാനിതനാക്കുന്നതാണ്. കേരളത്തിനു പുറത്തുനടന്ന സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ അതത് സംസ്ഥാനത്തെ ഭരണാധികാരികള്‍ കൊട്ടിഘോഷിക്കുകയാണ്. എന്നാല്‍ വയനാട്ടില്‍ നടന്ന ഉജ്വല സമരങ്ങള്‍ ഉത്തരവാദപ്പെട്ടവര്‍ ജനശ്രദ്ധയില്‍ കൊണ്ടുവരികയോ സ്‌കൂള്‍ പാഠ്യഭാഗങ്ങളില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യുന്നില്ല. ചരിത്ര യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വരും തലമുറ. വിശദമായ ചരിത്രപഠനത്തിനു സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണം.
പട്ടികവര്‍ഗക്കാരടക്കം ജനവിഭാഗങ്ങള്‍ വൈദേശികാധിപത്യത്തിനെതിരെ നടത്തിയ പോരാട്ടങ്ങളും ജനതയുടെ സാംസ്‌കാരിക പാരമ്പര്യവും വിശദമാക്കുന്ന ചരിത്ര മ്യൂസിയം വയനാട്ടില്‍ ആവശ്യമാണ്. പട്ടികവര്‍ഗ ജനതയുടെ പൈതൃകത്തെയും സംസ്‌കാരത്തെയും കുറിച്ചു പഠിക്കാന്‍ ട്രൈബല്‍ യൂനിവേഴ്‌സിറ്റിയും രൂപീകരിക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ടു കര്‍മ പദ്ധതിക്കു രൂപം നല്‍കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം.
സത്യം പുറത്തുപറയുന്നതില്‍ ധീരത കാട്ടുമ്പോഴാണ് ചരിത്രകാരന്‍ ചരിത്രത്തോടു നീതി കാട്ടുന്നത്. ദൗര്‍ഭാഗ്യവശാല്‍ ചരിത്രകാരന്‍മാരും സാംസ്‌കാരിക നായകരും എന്തിനെയൊക്കെയോ ഭയപ്പെടുകയാണ്. മലബാര്‍ മാപ്പിള ലഹളയെക്കുറിച്ചുള്ള ആധികാരിക വിവരങ്ങള്‍ അടങ്ങിയ പുസ്തകങ്ങള്‍ ഇന്നു കിട്ടാനില്ല. മഹാകവി കുമാരനാശാന്‍ അനുസ്മരണം നടത്തുമ്പോള്‍ അദ്ദേഹം രചിച്ച ദുരവസ്ഥയെക്കുറിച്ചു സംസാരിക്കാന്‍ സാഹിതര്യകാരന്‍മാര്‍ തന്റേടം കാട്ടുന്നില്ല.
വയനാടിന്റെ പുരോഗതിക്കാവശ്യമായ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കുന്നതില്‍ ബി.ജെ.പിയുടെ സജീവ ഇടപെടല്‍ ഉണ്ടാകും. വിവിധ മേഖലകളിലെ പിന്നാക്കാവസ്ഥ കണക്കിലെടുത്താണ് വയനാടിനെ കേന്ദ്ര സര്‍ക്കാര്‍ ആസ്പിരേഷണല്‍ ഡിസ്ട്രിക്ട് പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയത്. പ്രോഗ്രാമില്‍ ജില്ലയില്‍ ഇതിനകം നടത്തിയ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു കേന്ദ്ര മന്ത്രി സ്മൃതി ഇറാനി മെയ് മൂന്നിനു കല്‍പറ്റയില്‍ എത്തും. പ്രോഗ്രാം നിര്‍വഹണത്തില്‍ വീഴ്ചയുണ്ടെന്നു കണ്ടെത്തിയാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്നും മിസോറം മുന്‍ ഗവര്‍ണറുമായ കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബി.ജെ.പി ഉത്തര മേഖല ഉപാധ്യക്ഷന്‍ പി.ജി.ആനന്ദ്കുമാര്‍, ജില്ലാ ജനറല്‍ സെക്രട്ടറി കെ.ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published.

Social profiles