മാനന്തവാടി രൂപത സുവര്‍ണ ജൂബിലി ആഘോഷത്തിനു ഉജ്വല തുടക്കം

മാനന്തവാടി രൂപത സുവര്‍ണ ജൂബിലി ആഘോഷം ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്യുന്നു.

മാനന്തവാടി: 1973 മെയ് ഒന്നിനു നിലവില്‍വന്ന മാനന്തവാടി രൂപതയുടെ ഒരു വര്‍ഷം നീളുന്ന സുവര്‍ണ ജൂബിലി ആഘോഷം തുടങ്ങി. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ചേര്‍ന്ന സമ്മേളനത്തില്‍ രൂപതയുടെ പ്രഥമ മെത്രാനും തൃശൂര്‍ അതിരൂപതയുടെ ആര്‍ച്ച് ബിഷപ്പുമായിരുന്ന മാര്‍ ജേക്കബ് തൂങ്കുഴി ഉദ്ഘാടനം ചെയ്തു. മാനന്തവാടി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം അധ്യക്ഷത വഹിച്ചു. ജൂബിലി വര്‍ഷത്തിലും തുടര്‍ന്നും സാമൂഹിക, ആരോഗ്യ, കാര്‍ഷിക, വിദ്യാഭ്യാസ, പാരിസ്ഥിതിക മേഖലകളില്‍ നടപ്പിലാക്കുകയും തുടക്കമിടുകയും ചെയ്യുന്ന പദ്ധതികളും പരിപാടികളും ഉള്‍പ്പെടുത്തിയ കലണ്ടര്‍ അദ്ദേഹം പ്രകാശനം ചെയ്തു.ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച ഭവനരഹിതരില്ലാത്ത രൂപത പദ്ധതിയില്‍ നിര്‍മിച്ച 50 വീടുകളുടെ താക്കോല്‍ദാനം ജല വിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു. ഡിജിറ്റല്‍ കമ്മ്യൂണിറ്റി സര്‍വേയിലൂടെ കണ്ടെത്തിയ ഭവനരഹിതര്‍ക്കു വീട് നിര്‍മിച്ചു നല്‍കാന്‍ രൂപത നടത്തുന്ന പ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു. ഭൂരഹിതരില്ലാത്ത രൂപത പദ്ധതി ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. രൂപതയുടെ പുതുക്കിയ നിയമാവലി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി പ്രകാശനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ഫാ.തോമസ് തെക്കേല്‍, ഫാ.തോമസ് തൈക്കുന്നുംപുറം, സിസ്റ്റര്‍ ഫിലോ, തോമസ് ഏറനാട്ട്, നയന മുണ്ടക്കാത്തടത്തില്‍, ഷില്‍സണ്‍ കോക്കണ്ടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. സുവര്‍ണ ജൂബിലി ആഘോഷ കമ്മിറ്റി കണ്‍വീനര്‍ ഫാ.ബിജു മാവറ നന്ദി പറഞ്ഞു.
അമ്പതു പേരടങ്ങുന്ന ഗായകസംഘം ജൂബിലി ഗാനം ആലപിച്ചു.

Leave a Reply

Your email address will not be published.

Social profiles