ഡോക്ടറെ വീട്ടിലിരുന്നു കാണാം, ആഹ്‌ളാദത്തില്‍ മണിമുണ്ട വനഗ്രാമത്തിലെ ഗോത്രജനത

കല്‍പറ്റ-നൂല്‍പ്പുഴ പഞ്ചായത്തിലെ മണിമുണ്ട കോളനിവാസികള്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ഇന്നലെ. കാടിറങ്ങാതെതന്നെ വിദഗ്ധ ചികില്‍സാസൗകര്യം ലഭ്യമായതാണ് ആദിവാസികളുടെ ആഹ്‌ളാദത്തിനു കാരണം. നൂല്‍പ്പുഴ പി.എച്ച്.സിയാണ് മണിമുണ്ടയ്ക്കു ഏറ്റവും അടുത്തുള്ള ആതുരാലയം. വന്യജീവികള്‍ വിഹരിക്കുന്ന കാട്ടുവഴി താണ്ടിയാണ് അവശ്യഘട്ടങ്ങളില്‍ ആദിവാസികള്‍ പി.എച്ച്.സിയില്‍ എത്തിയിരുന്നത്. കോളനിയില്‍ ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തിയതോടെയാണ് ഈ ദുരവസ്ഥയ്ക്കു പരിഹാരമായത്. പട്ടികവര്‍ഗത്തിലെ ഊരാളി, കാട്ടുനായ്ക്ക തുടങ്ങിയ വിഭാഗങ്ങളിലുള്ളവരാണ് മണിമുണ്ടയില്‍ താമസം.ബത്തേരി നായ്‌ക്കെട്ടി റോഡില്‍നിന്നു അഞ്ചു കിലോമീറ്ററോളം മാറി വനത്തിലാണ് കോളനിയുള്ളത്. മണിമുണ്ട നിവാസികളെ നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രവുമായി വൈഫൈ വഴി ബന്ധിപ്പിച്ചാണ് ടെലി മെഡിസിന്‍ സൗകര്യം ഏര്‍പ്പെടുത്തിയത്. ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പരിശീലനം കോളനിക്കാര്‍ക്കു ഇതിനകം നല്‍കി. ടെലി മെഡിസിന്‍ സംവിധാനത്തില്‍ ഡോക്ടര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലുടെ രോഗികളുമായി സംസാരിച്ചാണ് മരുന്നുകള്‍ നിര്‍ദേശിക്കുന്നത്. മരുന്നുകള്‍ കോളനിയില്‍ എത്തിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ടെലി മെഡിസിന്‍ പദ്ധതിയുടെ ഉദ്ഘാടനം ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീശന്‍ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി.സാജിത എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍, നൂല്‍പ്പുഴ പി.എച്ച്.സി, എറാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവ സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

0Shares

Leave a Reply

Your email address will not be published.

Social profiles